സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി; പക്ഷേ, എസ്എടി ഭരിക്കുന്നത് സെക്യൂരിറ്റി 'പുരുഷോത്തമൻമാർ'

കഴുത്തിൽ തൂക്കിയ ഒരു ഐഡി കാർഡിന്റെ ബലത്തിൽ സ്ത്രീകളുടെ സ്വകാര്യതയിലേയ്ക്ക് അവർ ഒരു മര്യാദയുമില്ലാതെ ഇടിച്ചു കയറും. വാർഡുകളിൽ ആണുങ്ങളുണ്ടോ എന്ന് പരിശോധിക്കാനെന്നപേരിൽ ആശുപത്രിയുടെ മുക്കിലും മൂലയിലും ചുറ്റിയടിക്കും. സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമുള്ള മുറികളിൽ യാതൊരു മര്യാദയുമില്ലാതെ തലയിടും. പുരുഷന്മാർ ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ വേറെയെന്തുവഴി?

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി; പക്ഷേ, എസ്എടി ഭരിക്കുന്നത് സെക്യൂരിറ്റി

തിരുവനന്തപുരം : "കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സ്ഥലത്ത് സെക്യൂരിറ്റിക്കാർക്കെന്തു കാര്യം?" ചോദിക്കുന്നത് എസ്എടി ആശുപത്രിയിലെ നവജാതശിശുവിന്റെ അമ്മ. ചോദിക്കുന്നതിൽ കാര്യമുണ്ട്. സ്ത്രീകൾ മാത്രമുളള മുറിയിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ്, വാർഡിൽ  പുരുഷന്മാരുണ്ടോ എന്നു പരിശോധിക്കാനെന്ന വ്യാജേനെ സെക്യൂരിറ്റിക്കാരുടെ ഇടിച്ചു കയറ്റം. പക്ഷേ, പരാതിപ്പെടാൻ ഭയം. കിട്ടേണ്ട ചികിത്സ കിട്ടാതെ വരുമോ എന്ന ആധി. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രിയിൽ രാവും പകലും വിലസുകയാണ് സെക്യൂരിറ്റി പുരുഷന്മാർ.


കഴുത്തിൽ തൂക്കിയ ഒരു ഐഡി കാർഡിന്റെ ബലത്തിൽ സ്ത്രീകളുടെ സ്വകാര്യതയിലേയ്ക്ക് അവർ ഒരു മര്യാദയുമില്ലാതെ ഇടിച്ചു കയറും. വാർഡുകളിൽ ആണുങ്ങളുണ്ടോ എന്ന് പരിശോധിക്കാനെന്നപേരിൽ ആശുപത്രിയുടെ മുക്കിലും മൂലയിലും ചുറ്റിയടിക്കും. സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമുള്ള മുറികളിൽ യാതൊരു മര്യാദയുമില്ലാതെ തലയിടും. പുരുഷന്മാർ ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ വേറെയെന്തുവഴി?

സമീപകാലത്ത് കൂട്ടിരിപ്പുകാരികളായ ചില സ്ത്രീകളോട് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതിയുയർന്നിരുന്നതായി കൂട്ടിരിപ്പുകാരിൽ ചിലർ നാരദാ ന്യൂസിനോട് പറഞ്ഞു. ഉദ്യോഗസ്ഥനെ മാറ്റി ഇരുചെവി അറിയാതെ ആശുപത്രി മാനേജ്മെന്റ് പ്രശ്നം പരിഹരിക്കുകയായിരുന്നത്രേ. സന്ദർശനസമയം അവസാനിച്ച് കഴിഞ്ഞാൽ രാത്രി എട്ടുമണിക്ക് ശേഷം വാർഡുകളിൽ അവരുടെ റോന്തു ചുറ്റലുണ്ട്.

" റെയിഡു നടത്തുന്ന പോലീസുകാരുടെ ഭാവത്തിൽ അവർ ആശുപത്രി മുറികളിൽ ഇടിച്ചു കയറും. എന്തൊരവസ്ഥയാണിത്..." ഒരാളിന്റെ രോഷപ്രകടനം ഇങ്ങനെ.

ആശുപത്രിയ്ക്കുളളിൽ പുലികളാകുന്ന സെക്യൂരിറ്റിക്കാർ പുറത്തു പക്ഷേ, എലികളാണ്. ആശുപത്രിയിൽ അക്രമവും പൂവാലശല്യവും ഉണ്ടാകുമ്പോഴൊക്കെ കാഴ്ചക്കാരുടെ വേഷത്തിലാണ് ഇവരെന്ന് നേരത്തെ പരാതികളുയർന്നിരുന്നു. ഏതാനും മാസം മുമ്പാണ് വനിതാ പിജി ഡോക്ടറെ ആശുപത്രിയ്ക്കുളളിൽ അതിക്രമിച്ചു കയറിയ പൂവാലൻ പിന്തുടർന്നു ശല്യം ചെയ്ത സംഭവമുണ്ടായത്. എന്ന് രോഗികളുടെ കൂട്ടിരിപ്പുകാരാണ് പൂവാലനെ പിടികൂടാൻ ഓടിയെത്തിയത്. പക്ഷേ, പൂവാലൻ രക്ഷപെട്ടു.

പൂവാലൻ അകത്തു കയറിയതും രക്ഷപെട്ടതും തടയാൻ പരാക്രമശാലികളായ സുരക്ഷാ ജീവനക്കാർക്കു കഴിഞ്ഞില്ല. സാധാരണക്കാരെ വിരട്ടിയും ഭീഷണിപ്പെടുത്തിയും വേണ്ടി വന്നാൽ കൈയേറ്റം ചെയ്തും ഭരിച്ചുവിലസുന്നവർക്കു മുന്നിലൂടെ അക്രമികളും പൂവാലന്മാരും നിർബാധം ആശുപത്രിയ്ക്കുളളിൽ പ്രവേശിക്കുന്നുവെന്ന് അന്ന് പരാതിയുയർന്നിരുന്നു.

രോഗികളുടെ കൂട്ടിരിപ്പുകാർ പുറത്തിറങ്ങുമ്പോൾ പാസ് കൈവശം വെയ്ക്കാൻ മറന്നു പോയാലോ. ഭൂകമ്പമാണ് പിന്നെ. കൂട്ടിരിപ്പുകാർക്ക് അകത്തു കയറണമെങ്കിൽ കിടപ്പിലുളള രോഗി പാസുമായി ഗേറ്റിലെത്തണം. അതുവരെ മറ്റേയാളെ പരസ്യമായി ഭേദ്യം ചെയ്യും.

ആശുപത്രിയിലേയ്ക്കുളള പ്രവേശനം കർശനമായി നിയന്ത്രിക്കുന്നത് മനസിലാക്കാം. പക്ഷേ, സ്ത്രീകളുടെ ആശുപത്രിയ്ക്കുളളിൽ ഏതു നിമിഷവും എവിടെയും പുരുഷന്മാരായ സെക്യൂരിറ്റിക്കാർ അതിക്രമിച്ചു കയറുന്നതിന് ന്യായീകരണമില്ല. പുരുഷന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട വാർഡുകളിലും മുറികളിലും സെക്യൂരിറ്റി പുരുഷന്മാരും കയറാൻ പാടില്ല. ആ പ്രവേശനവും വിലക്കുക തന്നെ വേണം. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ആശുപത്രി മാനേജ്മെന്റിന്റെ പരിഗണനയിലുണ്ടെങ്കിൽ ഇക്കാര്യത്തിൽ ഒട്ടും അമാന്തം പാടില്ല.

ആണുങ്ങളുടെ പ്രവേശനം വിലക്കിയിരിക്കുന്ന സ്ഥലങ്ങളിലെല്ലാം വനിതാ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം. സ്വകാര്യ ഏജൻസിയ്ക്കാണ് ആശുപത്രിയുടെ സെക്യൂരിറ്റി ചുമതല കരാർ നൽകിയിരിക്കുന്നത്. ഈ ആവശ്യം കരാറിന്റെ ഭാഗമാക്കുകയും സെക്യൂരിറ്റി പുരുഷന്മാരുടെ പ്രവർത്തനമേഖല പൂർണമായും ആശുപത്രിയ്ക്കു പുറത്താവണമെന്നും അഭിപ്രായമുണ്ട്.

 പെൺ വിശ്രമകേന്ദ്രം അടക്കി വാഴുന്നതും ആണുങ്ങൾ

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രി ആയതിനാൽ എസ്എടിയിൽ കൂടുതലായും സ്ത്രീകളാണ് എത്തുന്നത്. കൂട്ടിരിപ്പുകാരികളും സ്ത്രീകൾ തന്നെ. ദീർഘകാല കിടത്തി ചികിത്സയും മറ്റും ഉള്ളതിനാൽ തന്നെ സ്ത്രീകളുടെ വിശ്രമത്തിനും, ആവശ്യമെങ്കിൽ താമസത്തിനും വേണ്ടിയാണ് 2008ൽ അന്നത്തെ ആരോഗ്യമന്ത്രിയായ പികെ ശ്രീമതി ടീച്ചർ വനിതകൾക്കായി ഒരു വിശ്രമകേന്ദ്രം ഉത്‌ഘാടനം ചെയ്തത്. അതും ഇപ്പോൾ ആണുങ്ങളുടെ കസ്റ്റഡിയിലാണ്.

എസ്എടിക്ക് മുന്നിൽ ടാർപോളിൻ വലിച്ച് കെട്ടി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. സ്ത്രീകളെ അവിടേയ്ക്കു മാറ്റി. പ്രാന്തവത്കരിച്ചുവെന്ന് ലളിതമലയാളം. അവിടെയും  ശൗചാലയത്തിന് സമീപത്തും പൊട്ടിപ്പൊളിഞ്ഞ മരത്തറയിലും വിശ്രമിക്കണ്ട ഗതികേടിലാണ് ആശുപത്രിയിൽ എത്തുന്ന സ്ത്രീകൾ. പക്ഷേ, ആശുപത്രി സ്ത്രീകൾക്കും അമ്മമാർക്കുമുളളതാണ്.
ആശുപത്രി അധികൃതരുടെ കണ്മുന്നിൽ നടക്കുന്ന വിഷയത്തിൽ ഇടപെടാൻ ആരും തയ്യാറല്ല. പെൺവിശ്രമകേന്ദ്രത്തിൽ കണ്ടുമുട്ടിയ ഒരു ആളോട് ഇത് സ്ത്രീകൾക്കുള്ളതല്ലേ എന്ന് അന്വേഷിച്ചപ്പോൾ കൂട്ടുവരുന്ന ആണുങ്ങൾക്ക് വിശ്രമിക്കാൻ വേറെ ഇടമെവിടെ എന്ന മറുചോദ്യമാണ് ലഭിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും സഹായിയായി പുരുഷന്മാർ അനിവാര്യമാണ്. പുരുഷന്മാരായ കൂട്ടിരിപ്പുകാർക്കും എസ്എടിയുടെ ഭാഗമായിത്തന്നെ വിശ്രമകേന്ദ്രവും അത്യാവശ്യം. പക്ഷേ, അത് വേറെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

എസ്എടി ഹരിതകേരളത്തിന് പുറത്തോ?

തിരുവനന്തപുരം നഗരസഭ എന്റെ നഗരം, സുന്ദര നഗരം പദ്ധതി നടപ്പിലാക്കുകയാണ്. എന്നാൽ എസ്എടിയിലെത്തിയാൽ ആശുപത്രി നഗരസഭാ പരിധിയ്ക്കു പുറത്താണോ എന്ന സംശയം തോന്നു.  ചപ്പുചവറുകൾ കൂടിക്കിടക്കുന്നു.. കൃത്യമായ വൃത്തിയാക്കൽ പ്രവർത്തികൾ നടക്കുന്നില്ല എന്നു വ്യക്തം.  'ചവർ നിരോധിത മേഖല' എന്ന ബോർഡ് ഗംഭീരമായി തലയുയർത്തി നിൽക്കുന്നുണ്ട്.

എസ്എടിക്ക് സമീപം നഴ്സിങ് കോളേജ് ഹോസ്റ്റലിനോട് തൊട്ട് മെഡിക്കൽ കോളേജിലെ മാലിന്യവും കൂട്ടിയിട്ടിരിക്കുന്നു. മാലിന്യം നീക്കാറുണ്ടെങ്കിലും ഒരിക്കലും മാലിന്യക്കൂന ഒഴിയാറില്ലെന്നാണ് ആശുപത്രിയിൽ എത്തുന്ന രോഗികൾ പറയുന്നത്.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കേരളം മുഴുവൻ ശുദ്ധമാകാൻ ഒരുങ്ങുമ്പോഴും എസ്എടിയിൽ ഇതുവരെയായി കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയിട്ടില്ല. ആശുപത്രിയിലും സമീപത്തും വെയിസ്റ് ബാസ്കറ്റുകൾ സ്ഥാപിച്ചട്ടുണ്ടെങ്കിലും ഇത് തീരെ അപര്യാതമാണ്. ജൈവ/അജൈവ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിക്കാനുള്ള സംവിധാനവും ഇതുവരെയായി ഒരുക്കിയിട്ടില്ല.

എല്ലാം ശരിയാകുന്നതിന്റെ ഭാഗമായി എസ്എടി ആശുപത്രിയും ശരിയാകുമെന്ന് ആശ്വസിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും.