'തിരിച്ചെത്തുന്ന പഴയ നോട്ടുകളില്‍ മൂന്നുലക്ഷം കോടിയുടെ കുറവു വരും': പരാജയമായി കെ സുരേന്ദ്രന്റെ ചാനല്‍ വെല്ലുവിളി

കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത് എന്നുള്ള ഐസക്കിന്റെ പ്രസ്താനയെ പരിഹസിച്ച കെ സുരേന്ദ്രന്‍ ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം കോടിയുടെ കുറവ് തിിച്ചുവരുന്ന പണത്തിന്റെ മൂല്ല്യത്തിലുണ്ടാകുമെന്നും പറയുന്നു. അങ്ങനെയുണ്ടായില്ലെങ്കില്‍ അവതാരകന്‍ പറയുന്ന ജോലി താന്‍ ചെയ്യാമെന്നും കെ സുരേന്ദ്രന്‍ ഉറപ്പുനല്‍കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ചു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെല്ലുവിളി പരാജയമായതു ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയ. നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തുമ്പോള്‍ അതിന്റെ മൂല്യത്തില്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നും ആ കുറവാണ് പ്രധാനമന്ത്രി പറഞ്ഞ കള്ളപ്പണമെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. കുറഞ്ഞതു മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടായില്ലെങ്കില്‍ വാര്‍ത്താ അവതാരകന്‍ പറയുന്ന ജോലി താന്‍ ചെയ്യാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം 14 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതില്‍ 12.44 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകള്‍ രാജ്യത്തെ വിവിധ ബാങ്കുകളിലേക്കു തിരിച്ചെത്തിക്കഴിഞ്ഞതായാണ് വ്യക്തമാകുന്നത്.


നവംബര്‍ 21ന് ഏഷ്യാനെറ്റ് ന്യുസ് നടത്തിയ ചര്‍ച്ചയിലാണ് നോട്ടു നിരോധിക്കലിനെ അനുകൂലിച്ചും കള്ളപ്പണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. കേരള ധനമന്ത്രി തോമസ് ഐസക് നോട്ടുനിരോധനം ജനങ്ങളെ ബാധിക്കുമെന്ന് ആരംഭത്തില്‍ തന്നെ മുന്നറിയിപ്പു നല്‍കിയ കാര്യം വാര്‍ത്താ അവതാരകന്‍ സൂചിപ്പിച്ചതിനു മറുപടിയായാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കള്ളപ്പണം നോട്ടായിട്ടല്ല ഉള്ളത് എന്നുള്ള ഐസക്കിന്റെ പ്രസ്താനയെ പരിഹസിച്ച കെ സുരേന്ദ്രന്‍ ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം കോടിയുടെ കുറവ് തിിച്ചുവരുന്ന പണത്തിന്റെ മൂല്ല്യത്തിലുണ്ടാകുമെന്നും പറയുന്നു. അങ്ങനെയുണ്ടായില്ലെങ്കില്‍ അവതാരകന്‍ പറയുന്ന ജോലി താന്‍ ചെയ്യാമെന്നും കെ സുരേന്ദ്രന്‍ ഉറപ്പുനല്‍കുന്നുണ്ട്.

എന്നാല്‍ ഡിസംബര്‍ എട്ടുവരെ നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും സര്‍ക്കാരില്‍ തിരിച്ചെതിയതോടെയാണ് സുരേന്ദ്രന്റെ ചര്‍ച്ച വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. ജയലളിത വിഷയത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന സുരേന്ദ്രന്റെ വെല്ലുവിളിയെ കണക്കിനു കളിയാക്കിയാണ് ചര്‍ച്ചകളും ട്രോളുകളും പ്രചരിക്കുന്നത്.