നിങ്ങളുടെ വൃത്തി, ജീവിതശൈലി ഇതൊക്കെ ഇനി സ്മാര്‍ട്ട് ഫോണ്‍ വിളിച്ചു പറയും, അതും ശാസ്ത്രീയമായി!

ഒരാളുടെ ആഹാരക്രമം, ശുചിത്വം, അവർ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ, പൊതുവായ ആരോഗ്യം, സമീപകാലത്ത് സന്ദർശിച്ച സ്ഥലങ്ങൾ എന്നിവയെല്ലാം മൊബൈൽ ഫോൺ പരിശോധിച്ചു കണ്ടെത്താം

നിങ്ങളുടെ വൃത്തി, ജീവിതശൈലി ഇതൊക്കെ ഇനി സ്മാര്‍ട്ട് ഫോണ്‍ വിളിച്ചു പറയും, അതും ശാസ്ത്രീയമായി!

ഒരാളുടെ ജീവിതശൈലിയും ആരോഗ്യവുമറിയാൻ ഇനി അവരുടെ സ്മാർട്ട് ഫോൺ പരിശോധിച്ചാൽ മാത്രം മതി. ഫോണിന്റെ സ്ക്രീനിൽ ഉള്ള തന്മാത്രകളും രാസവസ്തുക്കളും കീടാണുക്കളും പഠനവിധേയമാക്കിയാണ് ഇത് സാധിക്കുന്നതെന്ന് ഗവേഷകരുടെ പക്ഷം.

കിടക്കപ്പായില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ തിരയുന്ന ആ ഫോണ്‍ കുളിമുറിയിലും അടുക്കളയിലും ബസ്സിലും ഓഫീസിലും എന്ന് വേണ്ട നിങ്ങളുടെ ഒരു അവയവം പോലെ സ്മാര്‍ട്ട്‌ ഫോണ്‍ എപ്പോഴും ഒപ്പം ഉണ്ടാകും. അതായത് നിങ്ങളെ കൂടുതലായി അറിയുന്നത് ആ നിര്‍ജ്ജീവ വസ്തുവിന് തന്നെയാണ് എന്ന് ഇപ്പോള്‍ പഠനങ്ങളും തെളിയിക്കുന്നു.
ഒരാളുടെ ആഹാരക്രമം, ശുചിത്വം, അവർ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ, പൊതുവായ ആരോഗ്യം, സമീപകാലത്ത് സന്ദർശിച്ച സ്ഥലങ്ങൾ എന്നിവയെല്ലാം മൊബൈൽ ഫോൺ പരിശോധിച്ചു കണ്ടെത്താം എന്ന് ഇവർ പറയുന്നു.

ചികിൽസാ രംഗത്തും, ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനും ഈ രീതി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് സാൻഡിയാഗോ സ്കൂൾ ഓഫ് മെഡിസിൻ സീനിയർ പ്രൊഫസർ പീറ്റർ ഡോറസ്റ്റീന്‍റെ വാദം.

കുറ്റാന്വേഷകർ വിരളടയാളം പരിശോധിച്ചു തെളിവുകൾ ശേഖരിക്കുന്ന അതേ മാർഗ്ഗമാണിതും.ചില സമയങ്ങളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ലഭിക്കുന്ന വസ്തുക്കളില്‍ നിന്നാണ് ആളുകളെ പോലും തിരിച്ചറിയാന്‍ കഴിയുന്നത്‌. അതില്‍ തന്നെ ഡി.എന്‍.ലഭിക്കാതെയുമിരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്.

ശ്വസനത്തിൽ നിന്നും, കയ്യിൽ നിന്നും കീടാണുകൾ ഉൾപ്പെടെയുള്ള സൂക്ഷമ ജീവികൾ പതിവായി ഉപയോഗിക്കുന്ന മൊബൈലിൽ അവശേഷിച്ചിരിക്കും.

ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ പുരുഷനോ സ്ത്രീയോ, അവര്‍ പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍, അവര്‍ ഹെയര്‍ ഡൈ ഉപയോഗിക്കുമോ, അവരുടെ സാധാരണയായി കഴിക്കുന്ന ഭക്ഷണം, പുകവലിക്കുമോ മദ്യപിക്കുമോ തുടങ്ങിയ വിവരങ്ങളും ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയും എന്ന് ഗവേഷകര്‍ പറയുന്നു.

'Proceedings of the National Academy of Sciences' ന്‍റെ നവംബര്‍ ലക്കത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്.