ഭാര്യയെ പര്‍ദ്ദ ധരിപ്പിക്കാന്‍ ഉപദേശിച്ച ആരാധകര്‍ക്ക് ഇന്ത്യന്‍ താരം മുഹമ്മദ് ഷാമിയുടെ മറുപടി

നാണക്കേടുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആണിതെന്നും മുഹമ്മദ് ഷമിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും കൈഫ് പറഞ്ഞു.

ഭാര്യയെ പര്‍ദ്ദ ധരിപ്പിക്കാന്‍ ഉപദേശിച്ച ആരാധകര്‍ക്ക് ഇന്ത്യന്‍ താരം മുഹമ്മദ് ഷാമിയുടെ മറുപടി

കൊല്‍ക്കത്ത: സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ച ഭാര്യയോടൊപ്പമുള്ള ചിത്രമിട്ടതിനു തന്നെ ആക്രമിച്ചവര്‍ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയുടെ മറുപടി. എല്ലാവര്‍ക്കും എല്ലാ സൗഭാഗ്യങ്ങളും കിട്ടില്ലെന്നും തന്റെ ഭാഗ്യമാണ് ഭാര്യയും കുട്ടിയുമെന്ന് ഷാമി മറുപടിയെഴുതി. മറ്റുള്ളവരുടെ കുറ്റം കണ്ടെത്താതെ സ്വന്തം ഉള്ളിലേക്കു നോക്കാനും ഷാമി അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ 23 നാണ് ഷാമി ഭാര്യയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഷാമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ സ്ലീവ്‌ലെസ് വസ്ത്രമാണ് ധരിച്ചതെന്നും ഇത് ഇസ്ലാമിന് ചേര്‍ന്ന വസ്ത്രമല്ലെന്നും ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന് താഴെ അഭിപ്രായം എഴുതി. ചിലരുടെ അഭിപ്രായങ്ങള്‍ അസഭ്യവും അശ്ലീലവും നിറഞ്ഞതായിരുന്നു. ഭാര്യയെ പര്‍ദ്ദ ധരിപ്പിക്കുന്നതില്‍ ഇര്‍ഫാന്‍ പത്താനെയും യൂസഫ് പത്താനെയും കണ്ടുപഠിക്കണമെന്ന് ചിലര്‍ ഷാമിയെ ഉപദേശിച്ചു.
ഇതിനെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ട്വിറ്ററില്‍ ഷാമിയെ പിന്തുണച്ചത്. നാണക്കേടുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആണിതെന്നും മുഹമ്മദ് ഷാമിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും കൈഫ് പറഞ്ഞു. രാജ്യത്ത് ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും കൈഫ് പറഞ്ഞു. ഒട്ടേറെ ആളുകള്‍ ഷാമിയേയും കൈഫിനേയും പിന്തുണച്ചു. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഷാമി ഇപ്പോള്‍ വിശ്രമത്തിലാണ്.