ഏയ് പൊലീസ്, നദിയോട് നിങ്ങള്‍ നിരന്തരം ചോദിച്ച താമരശ്ശേരിയാണ് ഞാന്‍!

നദിയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് ഏറ്റവുമധികം ചോദിച്ചത് ഷഫീക്ക് താമരശ്ശേരിയെ അറിയുമോ, അവനൊപ്പം വനപ്രദേശത്ത് കണ്ട യുവതിയെ അറിയുമോ എന്നാണ്- പോലീസ് അറിയുക; താനാരെന്ന് ഷഫീക്ക് താമരശ്ശേരി പറയുന്നു.

ഏയ് പൊലീസ്, നദിയോട് നിങ്ങള്‍ നിരന്തരം ചോദിച്ച താമരശ്ശേരിയാണ് ഞാന്‍!തീര്‍ത്തും വ്യക്തിഗത തലത്തില്‍ മാത്രം അനുഭവിച്ചിരുന്ന ചില സംഘര്‍ഷങ്ങളുടെയും, സ്വയമൊന്ന് പുതുക്കിപ്പണിയാനുള്ള ആഗ്രഹത്തിന്റെയും വരാന്‍ പോകുന്ന ഒരു പരീക്ഷയുടെയും കാരണത്താല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി ഫേസ്ബുക്കിലും മറ്റു പൊതുഇടങ്ങളിലും അപ്രത്യക്ഷനായിരുന്നു...

അല്‍പ്പം സ്വസ്ഥമായ വായന ആഗ്രഹിച്ചതിനാല്‍ അട്ടപ്പാടിയിലെ താവളം എന്ന പ്രദേശത്ത് ഒരു ട്രൈബല്‍ ലൈബ്രറി നടത്തിവരുന്ന സുഹൃത്ത് ജാസിമിനോടൊപ്പമായിരുന്നു ഈ സമയങ്ങളില്‍ ഉണ്ടായിരുന്നത്.


[caption id="attachment_69119" align="aligncenter" width="757"] അട്ടപ്പാടിയിലെ ട്രൈബല്‍ ലൈബ്രറി[/caption]

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വീട്ടില്‍ നിന്നും ഉമ്മ വിളിച്ചപ്പോഴാണ് പറഞ്ഞത് പരിസരങ്ങളിലെ രണ്ടു വീടുകളിലും ഉപ്പയുടെ കടയിലും എന്നെയും അന്വേഷിച്ച് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും രഹസ്യവിഭാഗത്തിലെ പോലീസുകാര്‍ വന്നിരുന്നു എന്ന്.

ഇതിനുമുമ്പും സമാനമായ അന്വേഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് പരിചയപ്പെട്ടിരുന്ന താമരശ്ശേരിയിലെ ലോക്കല്‍ പോലീസില്‍ പെട്ട ഒരു ഉദ്യോസ്ഥനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് മുകളില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണെന്നാണ്.

ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നോടല്ലേ അന്വേഷിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ കുറച്ചുകഴിഞ്ഞ് വിളിക്കാം എന്നുപറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും തുടര്‍ന്ന് അശോക് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നെ വിളിക്കുകയുമുണ്ടായി.

ഫേസ്ബുക്ക് അക്കൗണ്ട് എന്തിനാണ് ഡിആക്ടിവേറ്റ് ചെയ്തതെന്നും, അട്ടപ്പാടിയില്‍ നിങ്ങള്‍ക്കെന്താണ് കാര്യമെന്നുമൊക്കെ ഇദ്ദേഹം ചോദിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ എന്നെ ഇതിനുമുമ്പും നിരവധി വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും കണ്ടതിന് തെളിവുകളുണ്ടെന്നും സ്ത്രീകളോടൊപ്പം വയനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ ബൈക്കില്‍ കണ്ടിരുന്നതായുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

[caption id="attachment_69110" align="alignleft" width="341"] മലക്കപ്പാറയിൽ[/caption]

മതിയാവുന്ന വിശദീകരണങ്ങള്‍ നല്‍കി ഈ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ പിറ്റേ ദിവസം അട്ടപ്പാടിയില്‍ നിന്നും സുഹൃത്ത് ജാസിം വിളിക്കുകയും താവളം ജംഗ്ഷനില്‍ പോലീസ് വന്ന് പ്രദേശവാസികളോട് സംസാരിച്ചതായും ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ തന്നെ സഹകരണത്താല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കാര്യത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചതായും പറഞ്ഞു.

ഈ കാരണത്താല്‍ പിന്നീട് ജാസിമിനും അട്ടപ്പാടിയിലെ ഗവ.കോളേജില്‍ താത്കാലിക അദ്ധ്യാപികയായ ഭാര്യ ഷെമിനും ലൈബ്രറിയോട് ചേര്‍ന്നുള്ള താമസം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് മാറേണ്ടിയും വന്നു. ഇതിനിടയില്‍ പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായും മറ്റും ഞാന്‍ കോഴിക്കോടെത്തിയിരുന്നു.

ഈ ദിവസങ്ങളിലാണ് പ്രിയ സുഹൃത്ത് നദീറിനെ വ്യാജമായി കെട്ടിച്ചമച്ച കേസ്സില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ തെളിവുകളില്ലെന്ന് കണ്ട് വിട്ടയച്ച നദീര്‍ തിരിച്ച് കോഴിക്കോടെത്തി പത്രസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷവും കഴിഞ്ഞ ദിവസം വൈകീട്ട് ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് കണ്ടപ്പോഴും എന്നോട് പറഞ്ഞത് അവനെ ചോദ്യം ചെയ്യാന്‍ വന്ന ഉദ്യോഗസ്ഥരിലധികവും മാറി മാറി ചോദിച്ച പേരുകളിലൊന്ന് എന്റെയാണെന്നതാണ്.

തുടര്‍ന്ന് എന്നെ സംശയിക്കുന്നതിന് പോലീസ് പറഞ്ഞ ചില കാര്യങ്ങളും അവന്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പ് എന്നെ ഒരു പെകുട്ടിയോടൊപ്പം ഏതോ ഒരു വനപ്രദേശത്ത് കണ്ടിരുന്നു എന്നും ആ പെണ്‍കുട്ടി ആരാണ് എന്നുമൊക്കെ പോലീസ് അവനോട് ചോദിച്ചിരുന്നു പോലും. എന്നാല്‍ ആ ദിവസങ്ങളിലെല്ലാം കോഴിക്കോട് മീഞ്ചന്തയിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. വല്ലപ്പോഴും പുറത്തിറങ്ങിയത് തന്നെ കോഴിക്കോട് നഗരത്തിലേക്ക് മാത്രം.

പറഞ്ഞുവന്നതെന്തെന്നാല്‍, ഇക്കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ ഞാന്‍ കൂടുതല്‍ ഉണ്ടായിരുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുതിനാലാണ് പോലീസിന് എന്റെ മേലുള്ള സംശയങ്ങള്‍ കൂടിവരുന്നതെന്ന് ഞാന്‍ കരുതുന്നു.കോളേജ് പഠനത്തിന് തൊട്ടുശേഷം ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്ത് മലക്കപ്പാറ, വാഴച്ചാല്‍, ആതിരപ്പള്ളി, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഞാന്‍ മാറി മാറി ഉണ്ടായിരുന്നു.

സുഹൃത്തായ അറുമുഖന്‍ പത്തിച്ചിറയുടെ ആയുര്‍വേദ സ്ഥാപനത്തിലെ ജോലിയുടെ ഭാഗമായും അതുകഴിഞ്ഞ് കുറച്ചുനാള്‍ പ്രദേശത്തെ ക്വാറികള്‍ക്കെതിരെ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സുമന്‍ചേട്ടനെ സാങ്കേതികമായി സഹായിക്കുന്നതിന്റെ ഭാഗമായും മുതലമടയിലുണ്ടായിരുന്നു.

ഇതിനിടയില്‍ സ്വതന്ത്രമായ അന്വേഷണങ്ങളുടെയും ഐക്യപ്പെടലുകളുടെയും ഭാഗമായി കേരളത്തിലെ നിരവധി പരിസ്ഥിതി സാമൂഹിക സമരങ്ങളിലും യൂത്ത് ഡയലോഗ്, കേരളീയം തുടങ്ങിയ കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലും ഭാഗമായി നിന്നിരുന്നു. ഏറ്റവുമൊടുവില്‍ ലൈബ്രറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറച്ചുനാള്‍ അട്ടപ്പാടിയിലും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പോലീസ് അവരുടെ ഭാഷ്യത്തില്‍ മാത്രമാണ് കണ്ടത്.

[caption id="" align="alignleft" width="502"]Image may contain: 7 people ഷഫീക്ക് തയ്യാറാക്കിയ പോസ്റ്റര്‍[/caption]

കേരളീയം മാസികയുടെ നവീകരണനിധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുഹൃത്ത് റംസീനയോടൊപ്പം വയനാട്, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആളുകളെ കാണുന്നതിനായി ബൈക്കില്‍ നടത്തിയ യാത്രകളെ പോലീസ് വിലയിരുത്തിയത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിന്റെ ഭാഗമായാണ്.

ആധുനിക ലിബറല്‍ ഭരണകൂടങ്ങള്‍ സൈനികപരമായും അല്ലാതെയും ഇത്രമേല്‍ ശക്തി കൈവരിച്ചിരിക്കുന്ന കാലത്ത് സാമൂഹിക നീതിക്കുവേണ്ടിയുള്ള ഇടപെടലുകള്‍ നടക്കേണ്ടത് ഭരണകൂടങ്ങളുടെ വ്യാപ്തിയെ തിരിച്ചറിയാന്‍ കഴിയാത്ത ഏതെങ്കിലും സാഹസിക പ്രവര്‍ത്തനങ്ങളാലല്ല എന്നും ഏറ്റവും സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശയപരമായ സംവാദം സാധ്യമാക്കുന്ന ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ ഇനിയുള്ള കാലത്ത് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നുമുള്ള രാഷ്ട്രീയ തിരിച്ചറിവിനാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലകൊള്ളാന്‍ കഴിയില്ല എന്നത് നേരത്തെ തന്നെ പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതാണ്.

പതിറ്റാണ്ടുകളായി കേരളത്തിലെ പ്രതിരോധ രാഷ്ട്രീയ രംഗത്ത് നിലകൊള്ളുന്ന ഒരു സമരപക്ഷം എന്ന നിലയിലും പൊതുവിനുവേണ്ടിയുള്ള ഒരുകൂട്ടം മനുഷ്യരുടെ ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമായി ഇന്നും നിലനില്‍ക്കുന്ന രാഷ്ട്രീയധാര എന്ന തരത്തിലും മാവോയിസ്റ്റ്-നക്‌സലൈറ്റ് സംഘടനകളോടും വ്യത്കികളോടും ബഹുമാനം തന്നെയാണ്.
ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ഒരു രാജ്യത്ത് ആശയപ്രചരണം നടത്തിവരുന്നതിന്റെ പേരില്‍ നിലവിലെ ഭരണകൂടം മാവോയിസ്റ്റ് നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ക്കുമേല്‍ നടത്തിവരുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയര്‍ുവരേണ്ട പ്രതിരോധങ്ങളില്‍ അവരോട് യോജിക്കുന്നുമുണ്ട്. പക്ഷേ, ഈ പറഞ്ഞതൊന്നും മേല്‍പ്പറഞ്ഞ അടിസ്ഥാന രാഷ്ട്രീയബോധ്യങ്ങളെ കവച്ചുവെക്കുന്നതല്ലാത്തതിനാലും, അങ്ങേയറ്റം കേന്ദ്രീകൃത സ്വഭാവത്തില്‍ ഭരണകൂടത്തിനെതിരായ ഹിംസാത്മക സായുധകലാപം മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയദിശാഗതികള്‍ നഷ്ടപ്പെട്ട രീതിയില്‍ മുന്നോട്ടുപോകുന്ന ദണ്ഡകാരണ്യങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇവിടെയും എന്നതിനാലും ഏതെങ്കിലും തരത്തില്‍ ഇതിന്റെ ഭാഗമാകേണ്ടി വരുന്നത് സ്വന്തം വിവേചനബുദ്ധിയെ പണയപ്പെടുത്തലാകും എന്നും മനസ്സിലാക്കുന്നു.

കേരളത്തിലെ സാഹചര്യത്തില്‍ പൊതുവിനായുള്ള നിലകൊള്ളലില്‍ ഇന്നോളമുള്ള രാഷ്ട്രീയ തിരിച്ചറിവുകളുടെ ഭാഗമായി ഇനിയും ചിലയിടങ്ങളില്‍ തുടരാനും വിവിധയിടങ്ങളില്‍ നിന്നുയരുന്ന ജീവല്‍പ്രതിരോധങ്ങളില്‍ എനിക്ക് കഴിയുന്ന തരത്തില്‍ ഭാഗമാകാനും വിദ്യാഭ്യാസജീവിതവും സ്വതന്ത്രമായ പഠനങ്ങളും ഇതിനോടൊപ്പം നിലനിര്‍ത്താനും തെന്നയാണുദ്ദേശിക്കുന്നത്.

ഫേസ്ബുക്കില്‍ നിന്നെടുത്ത് വികൃതമാക്കി പ്രിന്റ് ചെയ്ത ഒരു കോപ്പി ഫേട്ടോയുമായി വീട്ടിലേക്കും നാട്ടിലേക്കും നാല് പോലീസുകാരെ വിട്ട് പേടിപ്പിച്ചാലോ, യാത്രാ വഴികളിലെല്ലാം മുന്നില്‍ വന്ന് തടഞ്ഞ് ചോദ്യംചെയ്യലുകളും ദേഹപരിശോധനകളും നടത്തിയാലോ, നിരന്തരം ഒഴിയേണ്ടിവരുന്ന വാടകസ്ഥലങ്ങളെ സൃഷ്ടിച്ച് അന്തിയുറങ്ങാനിടമില്ലാതാക്കിയാലോ, ചുറ്റുമുള്ളവര്‍ക്കിടയില്‍ ഭീകരവാദിയായി മുദ്രകുത്തിയാലോ, കൂടെയുള്ളവരിലോരോരുത്തരെ പിടിച്ച് വ്യാജ കേസ്സുകള്‍ ചുമത്തി ജയിലിലാക്കിയാലോ പിന്തിരിഞ്ഞോടുമെന്ന് കരുതേണ്ട.
മലക്കപ്പാറയിലും മുതലമടയിലും അട്ടപ്പാടിയിലും മാത്രമല്ല മുഖ്യധാരാ കാഴ്ച്ചകളുടെ വീക്ഷണകോണുകള്‍ക്കപ്പുറത്തേക്ക് മറഞ്ഞുപോയ അടിസ്ഥാന ജീവിതങ്ങളുടെ മുറവിളികളുയരുന്നയിടങ്ങളിലെല്ലാം ക്യാമറയും പേനയുമൊക്കെയായി ജീവിക്കണം എന്നു തന്നെയാണുദ്ദേശം...