കുരീപ്പുഴയുടെ കവിത സാത്താന്‍ സേവയെന്ന് എസ്എഫ്‌ഐ: അഞ്ചു വിദ്യാര്‍ത്ഥികള്‍ ജയിലില്‍; മൂന്നു മണിക്കു മഹാരാജാസിനു മുന്നില്‍ സാംസ്‌കാരിക പ്രതിരോധം

കവിതയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചതിനെതിരെ പാട്ടും പറച്ചിലുമായി സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഇന്നു വൈകിട്ട് മൂന്നിനു കോളേജിനു മുന്നിലെത്തും

കുരീപ്പുഴയുടെ കവിത സാത്താന്‍ സേവയെന്ന് എസ്എഫ്‌ഐ: അഞ്ചു വിദ്യാര്‍ത്ഥികള്‍ ജയിലില്‍; മൂന്നു മണിക്കു മഹാരാജാസിനു മുന്നില്‍ സാംസ്‌കാരിക പ്രതിരോധം

മഹാരാജാസ് കോളേജിന്റെ ചുമരുകളില്‍ കവികളായ കുരീപ്പുഴയുടേയും അയ്യപ്പന്റേയും കവിതാ ശകലങ്ങളെഴുതിയതിനു ജയിലിലടയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സാത്താന്‍ സേവക്കാരെന്ന് എസ്എഫ്‌ഐ. അവരെ എസ്എഫ്‌ഐ പുറത്താക്കിയെന്നും യൂണിറ്റ് കമ്മറ്റിയുടെ പേരിലിറക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കവിതയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ ജയിലിലടച്ചതിനെതിരെ പാട്ടും പറച്ചിലുമായി സാംസ്‌ക്കാരിക പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഇന്ന് വൈകിട്ട് മൂന്നിന് കോളേജിനു മുന്നിലെത്തും.


ക്യാംപസിലെ സ്വതന്ത്ര ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു പൊലീസ് മര്‍ദ്ദിച്ച സംഭവവുമുണ്ട്. ജയിലിലടയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തള്ളിപ്പറഞ്ഞ് എസ്എഫ്‌ഐ പറയുന്നു:



മഹാരാജാസ് കോളേജില്‍ ഓട്ടോണമസ് പദവി അടിച്ചേല്‍പ്പിച്ചതിനു ശേഷം ക്യാംപസിന്റെ സര്‍ഗ്ഗാത്മക ശേഷിയെ തകര്‍ക്കുന്നതിനായി നിരന്തരമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിപ്പോരുന്നത് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സെമസ്റ്ററില്‍ 10 ദിവസത്തെ അറ്റന്‍ഡന്‍സ് മാത്രമെ അനുവദിക്കുകയുള്ളു എന്നു കടുപിടുത്തം പടിക്കുന്ന അധികൃതര്‍ കോളേജ് യൂണിയന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലടക്കം കൈ കടത്തുകയാണ് . അതിന്റെ ഒടുവിലത്തെ അദ്ധ്യായമാണ് നിലവില്‍ മഹാരാജാസില്‍ അരങ്ങേറുന്നത്.

മഹാരാജാസ് കോളേജിന്റെ പ്രബുദ്ധതയുടെ പ്രതീകമാണ് മഹാരാജാസിലെ ചുവരെഴുത്തുകള്‍. അനുകാലിക സംഭവങ്ങളില്‍ ക്യാംപസില്‍ നടക്കുന്ന ചര്‍ച്ചകളുടെ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങുവാനുള്ളതാണ് ചുവരുകള്‍, അതിന്റെ ഭാഗമായി ചുവരെഴുത്തുകള്‍ തയ്യാറാക്കുകയായിരുന്ന യൂണിറ്റ് പ്രസിഡന്റ് സ:അമല്‍, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സ: ഉണ്ണി ഉല്ലാസ് എന്നിവര്‍ക്കെതിരെയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ പിഡിപിപി വകുപ്പ് പ്രകാരം കേസ് കൊടുത്തിരിക്കുന്നത്.

നിലവില്‍ പിഡിപിപി വകുപ്പ് പ്രകാരം അറസ്റ്റിലായ അര്‍ജുന്‍, ജിതിന്‍ ,രാഗേഷ്, ഷിജാസ്, ആനന്ദ് എന്നീ വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് .സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്താക്കപ്പെട്ട പ്രസ്തുത വിദ്യാര്‍ത്ഥികള്‍ ക്യാംപസിന്റെ ചുവരുകളില്‍ കഞ്ചാവ് ഉപയോഗവുമായും സാത്താന്‍ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയതിന്റെയും കോളേജിന്റെ പൊതുമുതല്‍ നശിപ്പിച്ചതിന്റെയും പേരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് .

ചുവരെഴുത്തുകളെ സംരക്ഷിക്കുന്ന തോടൊപ്പം ഏതെങ്കിലും മതവിഭാഗത്തിന്റെയോ സാമൂഹീക വിഭാഗങ്ങളുടെയോ വികാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ചുവരെഴുത്തുകള്‍ നീക്കം ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ശ്രദ്ധ ചെലുത്തിയിരുന്നു . അതിന്റെ ഭാഗമായി മേല്‍ പറഞ്ഞ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചുവരെഴുത്തുകള്‍ എസ്എഫ്‌ഐ നേതൃത്വം ഇടപെട്ടു കൊണ്ടു തന്നെ നീക്കം ചെയ്തിരുന്നു.

ഇവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന രീതിയില്‍ ചിത്രീകരിക്കുന്ന അധികാരികളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും വാദഗതി പ്രതിഷേധാര്‍ഹമാണ്. സാംസ്‌കാരികവും ഭൗതികവുമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ചുവരെഴുത്തുകളെയും അതെഴുതുവാനുള്ള ഓരോ വിദ്യാര്‍ത്ഥിയുടെയും സ്വാതന്ത്ര്യം സംരക്ഷിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെടുന്നു.

Read More >>