പിണറായി വിജയൻ ലോകനാഥ് ബെഹ്റയോടു പറയുമെന്നു ചിലരെങ്കിലും കരുതുന്നത്...

തീയേറ്ററിനുള്ളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ കാണികൾ എഴുന്നേറ്റു നിൽക്കണമെന്ന സുപ്രിംകോടതി ഉത്തരവ് അനുസരിക്കാൻ തീയേറ്ററിനുള്ളിലുള്ളവർക്ക് നിയമപരമായ ബാധ്യതയുണ്ടെന്നാണല്ലോ പൊലീസിന്റെ വാദം. അതുപോലെ തന്നെയാണ്, ഐപിസിയിലെ 124എ ചുമത്തുമ്പോൾ നിർബന്ധമായും ഉറപ്പുവരുത്തിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സുപ്രിംകോടതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ പൊലീസിനുള്ള ബാധ്യതയും. അക്കാര്യത്തിൽ പൊലീസുകാർക്കു മാത്രമായി ഒരു ഇളവുമില്ല. സുപ്രിംകോടതിയെ അനുസരിച്ചാൽ മനോവീര്യം നഷ്ടപ്പെടുന്നവർക്കു സ്ഥാനം സേനയ്ക്കു പുറത്താണ്.

പിണറായി വിജയൻ ലോകനാഥ് ബെഹ്റയോടു പറയുമെന്നു ചിലരെങ്കിലും കരുതുന്നത്...

"കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ, വെറും ശുംഭനോ" എന്ന വരികളുടെ പേരിൽ  പി ഭാസ്കരനെതിരെ 124എ ചുമത്തണമെന്നൊരു പരാതി കിട്ടിയാലുടനെ ജീപ്പുമെടുത്തിറങ്ങുന്ന 'ആക്ഷൻ ഹീറോ'മാർ നമ്മുടെ പൊലീസ് സ്റ്റേഷനുകളുടെ ഐശ്വര്യമായി മാറിക്കഴിഞ്ഞു. പണ്ടൊരു വേദിയിൽ ഈ ഗാനം പാടിയതിന്റെ പേരിലാണത്രേ, കക്കയം ക്യാമ്പിലെ രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി രാജൻ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥി പ്രകൃതിയിൽ ലയിച്ചത്. സിപിഐ നേതാവ് സി അച്യുതമേനോന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരൻ പങ്കെടുത്ത വേദിയിൽ ഈ ഗാനം ആലപിക്കാനുള്ള ധൈര്യം ആർക്കോ ഉണ്ടായത്രേ. ആ ഗായകനെ തേടി പോലീസ് നടത്തിയ പരക്കം പാച്ചിലാണ് ചരിത്രത്തിൽ രാജൻ കേസ് എന്നു രേഖപ്പെടുത്തപ്പെട്ടത്.


ഇന്ത്യൻ പീനൽ കോഡിലെ സെലിബ്രിറ്റിയാണ് 124എ. പൌരൻ ഉറക്കെയൊന്നു തുമ്മിയാൽ, രാജ്യത്തെ ശിഥിലമാക്കാൻ പോന്ന ശബ്ദമുണ്ടാക്കി എന്നാരോപിച്ചു കേസെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നു സ്ഥലം എസ്ഐ വിശ്വസിച്ചിരിക്കുന്ന വകുപ്പ്. ഈ വകുപ്പിന്റെ ദുരുപയോഗത്തെക്കുറിച്ചു പരമോന്നത കോടതി പലവട്ടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അക്രമങ്ങൾക്കു പ്രേരിപ്പിച്ചതിനു തെളിവുണ്ടെങ്കിലേ (tendency to cause public disorder or incitement to violence) ഒരാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവൂ എന്നു കേദാർ നാഥ് സിംഗ് കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നും ഇക്കാര്യത്തിൽ അവസാനവാക്ക്. 1962ലായിരുന്നു ഈ വിധി.

ഈ വിധിയെ അടിസ്ഥാനമാക്കി അനേകം തുടർ വിധികളുണ്ട്. സർക്കാരിനോ സർക്കാർ നയങ്ങൾക്കോ എതിരെ ശബ്ദമുയർത്തി എന്ന ഒറ്റക്കാരണം കൊണ്ടു രാജ്യദ്രോഹക്കുറ്റം ചുമത്തരുത് എന്ന് ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനും സുപ്രിംകോടതിയുടെ താക്കീതുണ്ടായിരുന്നു. 1962ലെ വിധിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകാവൂ എന്നു രാജ്യത്തെ പൊലീസ് സംവിധാനത്തിന് പരമോന്നത കോടതി കർശനമായ നിർദ്ദേശം നൽകി. അവയൊക്കെ ഒരു ഭാഗത്ത്. വഴിയേ പോകുന്നവൻ വളി വിട്ടാൽപ്പോലും രാജ്യദ്രോഹമായി കണക്കാക്കി 124എ ചുമത്തിയ കുറ്റപത്രവുമായി കോടതിയിലെത്തുന്ന പൊലീസ് മറുഭാഗത്ത്. ഇതാണു നിലവിലെ ഇന്ത്യ.

ഒരു പിണറായി വിജയൻ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. എന്നാൽ താൻ ഭരണാധികാരിയായിരിക്കുന്ന നാട്ടിൽ പൊലീസ് പിന്തുടരേണ്ടതു നിയമവ്യാഖ്യാനത്തിലെ സുപ്രിംകോടതിയുടെ അവസാനവാക്കാണ് എന്ന പൊതുനിലപാടു സ്വീകരിക്കാൻ അദ്ദേഹത്തിനു ചുമതലയും രാഷ്ട്രീയ ഉത്തരവാദിത്തവുമുണ്ട്. ഫാസിസത്തെ പ്രതിരോധിക്കാൻ ഇവിടെ സുപ്രീംകോടതിയുടെ അവസാന വാക്കിനെ ആയുധമാക്കുന്ന വൈരുദ്ധ്യാധിഷ്ഠിത പ്രയോഗം, സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗത്തിൽ നിന്നു പ്രതീക്ഷിക്കുന്നതു പാർടി വിരുദ്ധ മനോഭാവമെന്ന പാപമാണോ?

സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലടയ്ക്കാൻ ബ്രിട്ടീഷുകാർ തലങ്ങും വിലങ്ങും ഉപയോഗിച്ച വകുപ്പാണിത്. ഗാന്ധിജിയെയും ബാലഗംഗാധര തിലകനെയുമൊക്കെ ഇരയാക്കിയ വകയിൽ സെലിബ്രിറ്റി സ്റ്റാറ്റസുളള വകുപ്പിന്റെ ഇരയാണു താനെന്നു വേണമെങ്കിൽ കമൽ സി ചവറയ്ക്കു സമാധാനിക്കാം. 1897ൽ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വാരികയിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് തിലകൻ ജയിലിലായത്. മോചനം ലഭിച്ചത് ഒരു വർഷം കഴിഞ്ഞ്. കേസരിയിലെഴുതിയ എഡിറ്റോറിയലിന്റെ പേരിൽ പിന്നെയൊരു ആറുവർഷം കൂടി ഈ വകുപ്പ് തിലകനെ അകത്തു കിടത്തി.

യംഗ് ഇന്ത്യയിലെഴുതിയ ലേഖനത്തിന്റെ പേരിൽ ഗാന്ധിജിയ്ക്കു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് 1922ൽ. ഈ വകുപ്പു പ്രകാരം കുറ്റവാളിയായതിലുള്ള അഭിമാനം അദ്ദേഹം മറച്ചുവച്ചില്ല. “പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി ആവിഷ്കരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാഷ്ട്രീയവകുപ്പുകളിലെ രാജകുമാരന്‍’ എന്നായിരുന്നു പ്രതികരണം (“Section 124A under which I am happily charged, is perhaps the prince among the political sections of the IPC designed to suppress the liberty of the citizen).

സ്വതന്ത്ര ഇന്ത്യയിൽ ഈ സാഹചര്യം എവിടെയെത്തി നിൽക്കുന്നു? പാകിസ്താനിൽ പോകുന്നതു നരകത്തിൽപോകുന്നതിനു സമാനമാണെന്നു പ്രസ്താവിച്ച പ്രതിരോധമന്ത്രി മനോഹർ പരീഖിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ രമ്യയ്ക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന പരാതിയുമായി കോടതിയെ സമീപിച്ചത് ഒരു അഭിഭാഷകനാണ്. പാകിസ്താൻ നരകമല്ലെന്നും അവിടെയുളളതു നമ്മെപ്പോലുളള മനുഷ്യരാണെന്നും ചെല്ലുന്നവരെ അവർ നന്നായി സ്വീകരിക്കുമെന്നും സാർക്ക് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ നാമതു കണ്ടതാണ് എന്നുമൊക്കെയായിരുന്നു പരീഖിന്റെ പ്രസ്താവനയോടുള്ള രമ്യയുടെ പ്രതികരണം.

ഈ പ്രതികരണത്തിലൂടെ രമ്യ ഇന്ത്യയെ 'ഇൻസൾറ്റ്' ചെയ്തുവത്രേ. ഇന്ത്യയുടെ പരമ്പരാഗത ശത്രുവായ പാകിസ്താനെ പുകഴ്ത്തിയതിലൂടെ ഇന്ത്യക്കാരെ പ്രകോപിപ്പിച്ചുവത്രേ. രാജ്യദ്രോഹക്കുറ്റം ചുമത്താൻ വിത്തല ഗൌഡ എന്ന അഭിഭാഷകൻ കണ്ടെത്തിയ കാരണങ്ങൾ.

കമൽ സി ചവറയുടെ ക്ലാക്ലാ ക്ലീ ക്ലീ ക്ലൂക്ലൂവിനെതിരെ ഉയർന്ന ആക്ഷേപങ്ങളും രമ്യയ്ക്കെതിരെ ഉയർന്ന ആരോപണവും തമ്മിലെന്തു വ്യത്യാസം? മേപ്പടിയാന്റെ ക്ലാക്ലാ ക്ലീക്ലീ ക്ലൂക്ലൂ മൂലം രാജ്യത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ തെളിവു ശേഖരിച്ച ശേഷമാണോ സ്ഥലം എസ്ഐ കോഴിക്കോട്ടേയ്ക്ക് ജീപ്പു പറത്തിയത്? ആരോടു ചോദിക്കാൻ!

1962 ജനുവരി 20നാണു കേദാർ നാഥ് സിംഗ് വിധി. ഈ വിധിയിലെ മാർഗ നിർദ്ദേശങ്ങൾ പൊലീസ് കർശനമായി പാലിക്കണമെന്നു സുപ്രിംകോടതി ഏറ്റവുമൊടുവിൽ നിർദ്ദേശം നൽകിയത് 2016 സെപ്തംബർ 5ന്. സുപ്രിംകോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിലെ പോലീസിന് ബാധ്യതയില്ലേ?

തീയേറ്ററിനുള്ളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ കാണികൾ എഴുന്നേറ്റു നിൽക്കണമെന്ന സുപ്രിംകോടതി ഉത്തരവ് അനുസരിക്കാൻ തീയേറ്ററിനുള്ളിലുള്ളവർക്കു നിയമപരമായ ബാധ്യതയുണ്ടെന്നാണല്ലോ പൊലീസിന്റെ വാദം. അതുപോലെ തന്നെയാണ്, ഐപിസിയിലെ 124എ ചുമത്തുമ്പോൾ നിർബന്ധമായും ഉറപ്പുവരുത്തിയിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സുപ്രിംകോടതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ പൊലീസിനുള്ള ബാധ്യതയും. അക്കാര്യത്തിൽ പൊലീസുകാർക്കു മാത്രമായി ഒരു ഇളവുമില്ല. സുപ്രീംകോടതിയെ അനുസരിച്ചാൽ മനോവീര്യം നഷ്ടപ്പെടുന്നവർക്കു സ്ഥാനം സേനയ്ക്കു പുറത്താണ്.

ഇക്കണക്കിനു പോയാൽ, ഭരണാധികാരികളെ പൊതുയോഗത്തിൽ വിമർശിച്ചതിന്റെ പേരിൽ പ്രതിപക്ഷത്തിനു നേരെ 124 എ പ്രയോഗിക്കാം. പഴയ അടിയന്തരവാസ്ഥയിൽ രാജ്യം അതു കണ്ടതാണ്. പുതിയകാലത്തും അധികാരത്തിന്റെ യുക്തിയ്ക്കു വ്യത്യാസമൊന്നുമില്ല. “ഇന്ത പൊല്ലാത മനിഷരെ ഇന്ത ഉലകത്തിലിൻട്രേ തൂക്ക് അപ്പാ… ഇന്ത പൊല്ലാത മനിഷരൈ അവൻ പിള്ളൈങ്കളോടെ തൂക്ക് അപ്പാ…”
എന്നു സത്യം ചാനലിൽ അപ്പാദുരേ നടത്തിയ സുവിശേഷ പ്രാർത്ഥന നരേന്ദ്രമോദിയെയാണ് ഉന്നം വച്ചത് എന്നു വ്യാഖ്യാനിച്ചു നോട്ടീസു കൊടുത്ത ഉദ്യോഗസ്ഥർ മോദിഫൈഡ് ഇന്ത്യയിലെ യാഥാർത്ഥ്യമാണ്.

ആ യാഥാർത്ഥ്യത്തെ ഒരു ഇടതുപക്ഷ ഗവണ്മെന്റ് എങ്ങനെയാവും തരണം ചെയ്യുക? കേരളത്തിൽ 124 എ ചുമത്തുമ്പോൾ കേദാർ നാഥ് സിംഗ് കേസിലെ സുപ്രിംകോടതി മാർഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തിയിരിക്കണമെന്ന കർശനമായ നിർദ്ദേശം ഡിജിപി ലോകനാഥ് ബെഹ്റയ്ക്കു നൽകാൻ പിണറായി വിജയൻ തയ്യാറാകുമോ? അങ്ങനെയൊരു ആവശ്യം സിപിഎമ്മും എൽഡിഎഫും സർക്കാരിനു മുന്നിലുയർത്തുമോ? കാത്തിരിക്കാം. അടിയന്തരാവസ്ഥ തുറിച്ചു നോക്കുമ്പോൾ ആകാംക്ഷകളിലും ആനന്ദം നിറയണം.