താന്‍ ശബരിമലയിലെ മൊബൈല്‍ ടവറിനെ വണങ്ങുന്നതു കണ്ടു പിന്നാലെ എത്തിയ ഭക്തര്‍ ടവറിനെ ദൈവമാക്കിയ കഥപറഞ്ഞു സന്തോഷ് എച്ചിക്കാനം

എവിടേക്ക് എങ്ങോട്ട് എന്തിനു തൊഴണം എന്ന് പോലുമറിയാതെ ദിശ നഷ്ടപ്പെട്ടുപോയ ഒരു ജനതയെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹൈജാക്ക് ചെയ്തു മാറ്റാന്‍ വേണ്ടി പറ്റും. ഇത്തരം ഒരു കാലത്ത് തീര്‍ച്ചയായും, മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിനു വേണ്ടിയുള്ള കൂട്ടായ ദിശാബോധമുള്ള ശ്രമങ്ങളാണ് വേണ്ടത്.

താന്‍ ശബരിമലയിലെ മൊബൈല്‍ ടവറിനെ വണങ്ങുന്നതു കണ്ടു പിന്നാലെ എത്തിയ ഭക്തര്‍ ടവറിനെ ദൈവമാക്കിയ കഥപറഞ്ഞു സന്തോഷ് എച്ചിക്കാനം

എവിടേക്ക് പോകണം എന്തിനു തൊഴണം എന്ന് പോലുമറിയാതെ ദിശ നഷ്ടപ്പെട്ടുപോയ ഒരു ജനതയെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹൈജാക്ക് ചെയ്തു മാറ്റാന്‍ പറ്റുമെന്നു കഥാകൃത്ത് സന്തോഷ് എച്ചിക്കാനം. ഇത്തരം ഒരു കാലത്ത് തീര്‍ച്ചയായും, മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിനു വേണ്ടിയുള്ള കൂട്ടായ ദിശാബോധമുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊണ്ടോട്ടിയില്‍ നടന്ന പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു ശബരിമല യാത്രയില്‍ തനിക്കുണ്ടായ അനുഭവത്തെ സ്മരിച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


ഡിസി ബുക്‌സ് ഡോട്ട് കോം പ്രസിദ്ധീകരിച്ച സന്തോഷ് എച്ചിക്കാനത്തിന്റെ പ്രസംഗം:

സാധാരണ വിശ്വാസികളെപ്പോലെ അല്ല, തികച്ചും വ്യത്യസ്തമായ ഒരനുഭവയാത്ര എന്ന നിലയില്‍ അടുത്തിടെ ശബരിമലയില്‍ പോവുകയുണ്ടായി. കാട്ടിലൂടെ നടന്നു മല കയറിയാണ് പോയത്. മല കയറ്റത്തിനും താമസത്തിനും മറ്റുമായി അവിടുത്തെ രണ്ടു BSNL ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ എല്ലാ സൌകര്യങ്ങളും ചെയ്തു തന്നു.. ഭയങ്കര രസകരമായ യാത്രയാണത്.

ഒടുവില്‍ ക്യൂവിലൊന്നും നില്‍ക്കേണ്ടി വന്നില്ല. ആ സുഹൃത്തുക്കളുടെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ വഴി അയ്യപ്പന്റെ മുന്നിലെത്തി. അപ്പോള്‍ അവിടെ എല്ലാവര്ക്കും കാട്ടിലയില്‍ പ്രസാദം കൊടുത്തു കൊണ്ടിരിക്കുകയാണ്.. എനിക്ക് പ്രസാദം തരുന്നില്ല.. കീഴ്ശാന്തിമാരാണ് ഇത് വിതരണം ചെയ്യുന്നത്. എന്റെ കൈയില്‍ അവര്‍ക്ക് കൊടുക്കാന്‍ ദക്ഷിണയില്ലാത്തതാണ് എനിക്ക് പ്രസാദം തരാതിരിക്കാന്‍ കാരണം. ഒന്നുരണ്ടു തവണ ചോദിച്ചിട്ടും തരാതിരുന്നപ്പോള്‍ ഞാന്‍ വഴി മാറി കൊടുത്തു. തൊട്ടു പുറകിലുണ്ടായിരുന്ന കക്ഷി നൂറു രൂപ നോട്ടു നീട്ടി പ്രസാദം വാങ്ങി പോവുകയും ചെയ്തു.

അപ്പോള്‍ ഞാന്‍ ഓര്‍ത്തു.. എന്നെ കൂട്ടിക്കൊണ്ടു പോയത് BSNL കാര്‍, കുളിക്കാനും, കിടക്കാനും, തിരക്കില്ലാതെ അയ്യപ്പന്റെ അടുത്തേക്ക് കൊണ്ടുവന്നതും BSNL കാര്‍. ഞാന്‍ വിചാരിച്ചു, അങ്ങനെയാണെങ്കില്‍ ആരെയാണ് തൊഴേണ്ടത് ? തീര്‍ച്ചയായും BSNL നെ ... അവിടെ നോക്കിയപ്പോള്‍ മുകളിലായി BSNL ന്റെ വലിയൊരു ടവര്‍ കാണുന്നുണ്ട്. ഞാനതിനുനേരെ തിരിഞ്ഞുനിന്ന് BSNL സാമിയേ... എന്ന് ശരണം വിളിച്ചു തൊഴുതു.

പെട്ടെന്ന് എന്റെ ഒരു സുഹൃത്ത് തോളില്‍ തട്ടിയിട്ടു പറഞ്ഞു 'പിറകിലേക്ക് നോക്ക്' ഞാന്‍ നോക്കുമ്പോള്‍ പത്തു മുപ്പതു പേര്‍ എന്റെ പുറകില്‍ ഞാന്‍ ചെയ്തതു പോലെ BSNL ടവറിനെ നോക്കി ശരണം വിളിക്കുകയാണ്

ആളുകള്‍ക്ക് എവിടെയാണ് തൊഴുന്നത്, എന്തിനാണ് തൊഴേണ്ടത് എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. എന്താണ് സംഭവിക്കുന്നതെന്നറിയില്ല, എന്താണോ ഒരുത്തന്‍ ചെയ്യുന്നത് അത് അനുകരിക്കുക. കുറച്ചുകാലം മുമ്പാണെങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ ആളുകള്‍ പറയും ഇയാള്‍ക്ക് ഭ്രാന്താണെന്ന്.. ഇന്നതല്ല, ആളുകള്‍ക്കറിയില്ല അവരെന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന്.

എവിടേക്ക് എങ്ങോട്ട് എന്തിനു തൊഴണം എന്ന് പോലുമറിയാതെ ദിശ നഷ്ടപ്പെട്ടുപോയ ഒരു ജനതയെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹൈജാക്ക് ചെയ്തു മാറ്റാന്‍ വേണ്ടി പറ്റും. ഇത്തരം ഒരു കാലത്ത് തീര്‍ച്ചയായും, മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിനു വേണ്ടിയുള്ള കൂട്ടായ ദിശാബോധമുള്ള ശ്രമങ്ങളാണ് വേണ്ടത്.

Read More >>