ബാങ്ക് വായ്പയും ലഭിച്ചില്ല; കെഎസ്ആര്‍ടിസിയില്‍ ശമ്പള-പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തില്‍

ഡിസംബര്‍ 6 ആയിട്ടും കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാനായിട്ടില്ല. ഇതോടൊപ്പം രണ്ടുമാസത്തെ പെന്‍ഷനും കുടിശ്ശികയുണ്ട്. 80 കോടി രൂപയാണ് ഒരുമാസത്തെ ശമ്പള വിതരണത്തിനായി വേണ്ടത്. പ്രതിമാസ പെന്‍ഷന് 57.5 കോടിയും വേണം. നവംബറിലേതും ഡിസംബറിലേതും കൂടിയാവുമ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക മാത്രം 115 കോടിയാണുള്ളത്. ഇതോടാപ്പം ശമ്പള കുടിശ്ശികയും കൂടി ചേര്‍ക്കുമ്പോള്‍ 195 കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ബാങ്ക് വായ്പയും ലഭിച്ചില്ല; കെഎസ്ആര്‍ടിസിയില്‍ ശമ്പള-പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന കെഎസ്ആര്‍ടിയില്‍ ജീവനക്കാര്‍ക്കുള്ള ശമ്പള-പെന്‍ഷന്‍ കുടിശ്ശിക വിതരണം അനിശ്ചിതത്വത്തില്‍. മുടങ്ങിയ പെന്‍ഷന്‍ വിതരണത്തിനായി കണ്ടിരുന്ന ബാങ്ക് വായ്പ ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് അധികൃതര്‍ക്കു പോലും അറിവില്ല. രാജ്യത്തെ നോട്ടുനിരോധനം കെഎസ്ആര്‍ടിസിക്ക് മറ്റൊരു ഇരുട്ടടിയായതോടെയാണ് സാമ്പത്തിക സ്ഥിതി വീണ്ടും ദയനീയമായത്.


ഇന്ധന കുടിശ്ശികയും പെന്‍ഷനും വിതരണം ചെയ്യാന്‍ കാനറാ ബാങ്കില്‍നിന്നും 100 കോടി വായ്പയെടുക്കാന്‍ ഈമാസം രണ്ടിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഈ തുക സംബന്ധിച്ച് പിന്നീടൊരു വിവരം അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല, ശമ്പള വിതരണത്തിനായി വേറെ തുക കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. ബാങ്കുകളില്‍ നിന്നും വായ്പയെടുക്കല്‍ മാത്രമാണ് ഇതിനുമുള്ള ഏക പോംവഴി. എന്നാല്‍ ഇത്തരത്തില്‍ നിലവില്‍ വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ള കോടിക്കണക്കിനു രൂപയും കുടിശ്ശികയായി തുടരുകയാണ്. അതുകൊണ്ടുതന്നെ ബാങ്കുകള്‍ ഇനിയും വായ്പ നല്‍കാന്‍ തയ്യാറാവില്ല. ഇതോടെ നാലുകോണിലും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി.

പണമില്ലാതെ എങ്ങനെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് അധികൃതര്‍. ഓരോ മാസവും മൂന്നാം തൊഴില്‍ ദിനമാണ് ശമ്പളം നല്‍കേണ്ടത്. പ്രതിസന്ധിയുട പശ്ചാത്തലത്തില്‍ മാസത്തിന്റെ പകുതിക്കുമുമ്പെങ്കിലും വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഡിസംബര്‍ 6 ആയിട്ടും കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാനായിട്ടില്ല. ഇതോടൊപ്പം രണ്ടുമാസത്തെ പെന്‍ഷനും കുടിശ്ശികയുണ്ട്.

80 കോടി രൂപയാണ് ഒരുമാസത്തെ ശമ്പള വിതരണത്തിനായി വേണ്ടത്. പ്രതിമാസ പെന്‍ഷന് 57.5 കോടിയും വേണം. നവംബറിലേതും ഡിസംബറിലേതും കൂടിയാവുമ്പോള്‍ പെന്‍ഷന്‍ കുടിശ്ശിക മാത്രം 115 കോടിയാണുള്ളത്. ഇതോടാപ്പം ശമ്പള കുടിശ്ശികയും കൂടി ചേര്‍ക്കുമ്പോള്‍ 195 കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. മാത്രമല്ല, നിലവിലുള്ള 275 ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ നവംബറിലെ ശമ്പളം ലഭിച്ചിട്ടില്ല. ഇത് 75 ലക്ഷത്തോളം രൂപ വരും.

10,000 എം പാനലുകാരടക്കം ആകെ 44,000 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നത്. ഇതോടൊപ്പം 38,000 പെന്‍ഷന്‍കാരും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നു. പണം കിട്ടുന്ന മുറയ്‌ക്കേ ഇവര്‍ക്കുള്ള ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയൂവെന്നും അതിനായി തങ്ങളാല്‍ കഴിയാവുന്നതൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് ശ്രീകുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

കട്ടപ്പുറത്തായ വണ്ടികള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയാലും പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലെന്നാണ് അധികൃതരുടെ പക്ഷം. കാരണം ലാഭകരമല്ലാത്ത റൂട്ടുകളില്‍ ഇവ ഓടിക്കുന്നതുകൊണ്ട് വീണ്ടും നഷ്ടമുണ്ടാവാനേ കാരണമാവൂ എന്നും അവര്‍ പറയുന്നു. ഡീസലിനും ജീവനക്കാരുടെ വേതനത്തിനും കൂടിയായി ദിവസേന 100,00 രൂപയ്ക്കു മുകളില്‍ ചെലവു വരുന്നുണ്ട്. എന്നാല്‍ നിരവധി റൂട്ടുകളില്‍ 7,000 രൂപയ്ക്കു താഴെമാത്രമാണ് കളക്ഷനുള്ളത്.

Read More >>