കരോള്‍ നടത്തുന്നതിനിടയില്‍ അയ്യപ്പഭക്തിഗാനം പാടിയില്ല; കൊച്ചുകുട്ടികള്‍ക്കു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഇതിനിടെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കുട്ടികളില്‍ ഒരാളുടെ സഹോദരനെ ആര്‍എസ്എസ് സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. വര്‍ഷങ്ങളായി ക്രിസ്മസ് ദിനങ്ങളില്‍ തങ്ങള്‍ കരോള്‍സംഘടിപ്പിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ഒരാക്രമണം ആദ്യമാണെന്നു ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പറയുന്നു.

കരോള്‍ നടത്തുന്നതിനിടയില്‍ അയ്യപ്പഭക്തിഗാനം പാടിയില്ല; കൊച്ചുകുട്ടികള്‍ക്കു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

കരോള്‍ നടത്തുന്നതിനിടെ അയ്യപ്പ ഭക്തിഗാനം പാടാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കൊല്ലം ചടയമംഗലം മേടയില്‍ സ്വദേശികളായ നാസിം, അമൃതേഷ്, അബ്ദുള്ള എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു ആര്‍എസ്എസുകാരുടെ മര്‍ദ്ദനമേറ്റത്. കരോളിനിടയില്‍ അയ്യപ്പഭക്തിഗാനം പാടാന്‍ ആവശ്യപ്പെട്ടതു നിരസിച്ചതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നു കുട്ടികള്‍ നാരദാ ന്യുസിനോടു പറഞ്ഞു.

സംഭവത്തില്‍ മേടയില്‍ സ്വദേശികളായ ജയകുമാര്‍, വൈഷ്ണവ്, കൃഷ്ണകുമാര്‍, ജയപ്രകാശ് എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കുമെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇതിനിടെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കുട്ടികളില്‍ ഒരാളുടെ സഹോദരനെ ആര്‍എസ്എസ് സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. വര്‍ഷങ്ങളായി ക്രിസ്മസ് ദിനങ്ങളില്‍ തങ്ങള്‍ കരോള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ ഒരാക്രമണം ആദ്യമാണെന്നു ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പറയുന്നു.


കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ചടയമംഗലത്തിനടുത്ത് നെട്ടേത്തറ കൈതക്കുറ്റി എന്ന സ്ഥലത്ത് കരോള്‍ നടത്തുകയായിരുന്ന കുട്ടികളുടെ സംഘമാണ് മര്‍ദ്ദനത്തിന് ഇരയായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ജയന്റെ വീടിനു മുന്നില്‍ എത്തിയ കുട്ടികളെ വീട്ടിലേക്കു വിളിച്ചു അദ്ദേഹം കരോള്‍ ഗാനം പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ഗാനം തന്നെ തങ്ങളെക്കൊണ്ടു പല ആവര്‍ത്തി പാടിച്ചതായി കുട്ടികള്‍ പറയുന്നു.

തുടര്‍ന്നു നിങ്ങളില്‍ ആരെങ്കിലും ക്രിസ്ത്യാനികളായിട്ടുണ്ടോ എന്നു ജയന്‍ ചോദിച്ചു. കുട്ടികള്‍ ഇല്ല എന്നു മറുപടിയും പറഞ്ഞു. എന്നാല്‍ നിങ്ങള്‍ ഹിന്ദുഭക്തിഗാനം പാടിയാല്‍ മതിയെന്ന് ജയന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു വിസമ്മതിച്ച തങ്ങളെ പുറത്തുപോകാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു ജയന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു കുട്ടികള്‍ പറയുന്നു.

തുടര്‍ന്നു പുറത്തുവന്ന കുട്ടികള്‍ കാര്യങ്ങള്‍വെളിപ്പെടുത്തിയതനുസരിച്ചു കരോള്‍ സംഘത്തിലുണ്ടായിരുന്ന വിഷ്ണുവിന്റെ സഹോദരന്‍ ശ്രീരാജ് അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു  പ്രതികാരമെന്നവണ്ണം
ആര്‍എസ്എസുകാര്‍ ശ്രീരാജിനെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. മര്‍ദ്ദനമേറ്റ അമൃതേഷും അബ്ദുള്ളയും നസീമും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചടയമംഗലം പൊലീസ് നാരദാ ന്യൂസിനോടു പറഞ്ഞു.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/12/Karol.mp4"][/video]

Read More >>