ആരും വിടുതല്‍ ആഗ്രഹിക്കാത്തതായ ഒരു രോഗമാണ് പ്രണയം!

പ്രണയത്തിനും ഭാഷയുണ്ട്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഈ ഭാഷ അത്യാവശ്യവുമാണ്. ഉള്ളിലെ പ്രണയവും സ്നേഹവും കരുതലും പങ്കാളിയോട് വിവരിക്കുന്ന എന്തും ഈ ഭാഷയായി കണക്കാക്കാം.

ആരും വിടുതല്‍ ആഗ്രഹിക്കാത്തതായ ഒരു രോഗമാണ് പ്രണയം!

“ബാധിതരാരും വിടുതല്‍ ആഗ്രഹിക്കാത്തതായ ഒരു രോഗമാണ് പ്രണയം" സാഹിത്യരചയിതാവായ പൌലോ കൊയ്‌ലോയുടെ വാക്കുകളാണിത്.

പ്രണയത്തിന് മനുഷ്യഹൃദയങ്ങളില്‍ ഇത്ര പ്രാമുഖ്യം ലഭിച്ചതെങ്ങനെ എന്നതിന് പരിണാമസംബന്ധിയായ പല വിശദീകരണങ്ങളും നിലവിലുണ്ട്. പ്രണയമെന്ന നാട്യത്തില്‍ നടക്കുന്ന പരാക്രമങ്ങള്‍ ഈ മനോഹരപദത്തിന് പലപ്പോഴും അപകീര്‍ത്തി സൃഷ്ട്ടിക്കാറുണ്ട് എങ്കിലും നിസ്വാര്‍ത്ഥമായ ഒരു അജ്ഞാത വികാരമാണ് പ്രണയം എന്ന് വിശ്വസിക്കപ്പെടുന്നു.


മാനസികാരോഗ്യത്തെ ഫലപ്രദമായി സ്വാധീനിക്കുന്ന ഈ അനുഭവം പക്ഷെ വളരെ എളുപ്പത്തില്‍ നിര്‍വചിക്കുവാന്‍ കഴിയാത്തത്ര കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസം തന്നെയാണ്.

പ്രണയവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ആധുനിക മനഃശാസ്ത്രം കല്‍പിച്ച് നല്‍കിയിട്ടുള്ളത്. ശാരീരികവും മാനസികവുമായ പ്രസരിപ്പ് മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളും ഈ വൈകാരികതയ്ക്കുണ്ട്. പ്രണയിക്കുന്നവരില്‍ മാനസികസമ്മര്‍ദ്ദം കുറവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത്തരക്കാര്‍ക്ക് സുരക്ഷിതബോധം കൂടതലുമായിരിക്കും.

ചില കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്കൊണ്ടു 'പ്രണയനിമിഷങ്ങളില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്ന് അറിയാമോ?

തന്‍റെ പങ്കാളിയെ, അവര്‍ ആഗ്രഹിക്കുന്നത് പോലെ സ്നേഹം നല്‍കി ചേര്‍ത്തുനിര്‍ത്തിയാല്‍ ആ ബന്ധം അനര്‍വചനീയമായ ദൃഡത നേടുന്നു എന്ന് 'പ്രണയത്തിന്‍റെ അഞ്ചു ഭാഷകള്‍' എന്ന പുസ്തകത്തിലൂടെ ഡോ. ഗാരി ചാപ്മാന്‍ വിശദീകരിക്കുന്നു.

നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ മാത്രമല്ല, പങ്കാളിയുടെ വീക്ഷണത്തില്‍ നിന്നും പ്രണയത്തിനു ജീവന്‍ നല്‍കണം. 'ഓരോ മനുഷ്യരിലും ഒരു ലവ് ടാങ്ക് ഉണ്ട്. ഇത് എപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക' ഗാരി പറയുന്നു.

പ്രണയത്തിനും ഭാഷയുണ്ട്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഈ ഭാഷ അത്യാവശ്യവുമാണ്. ഉള്ളിലെ പ്രണയവും സ്നേഹവും കരുതലും പങ്കാളിയോട് വിവരിക്കുന്ന എന്തും ഈ ഭാഷയായി കണക്കാക്കാം.

ഈ ഭാഷയിലെ അടിസ്ഥാനപരമായ അഞ്ചു വാചകങ്ങളെ ഡോ.ചാപ്മാന്‍ തന്‍റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പ്രണയപൂര്‍ണ്ണമായ നിമിഷങ്ങള്‍ക്ക് വൈകാരികബന്ധം കൂടി നല്‍കും എന്നുള്ളതിന് തര്‍ക്കമില്ല.

'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'

കേവലം ഈ മൂന്ന്‌ വാക്കുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ വികാരങ്ങളുമുണ്ട്‌. അത് തുറന്നു പറയുന്നതില്‍ എന്തിനാണ് മടിക്കുന്നത്? പങ്കാളിക്ക് ആത്മവിശ്വാസം അനുഭവപ്പെടാവുന്ന കാര്യങ്ങളെ തുറന്നു പറയാനും സാധിക്കണം. അവരെ അഭിനന്ദിക്കുവാന്‍ ലഭിക്കുന്ന അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക. അവര്‍ സുഖത്തിലും ദുഖത്തിലും ഒപ്പം ഉള്ളവരല്ലേ...

സമയം പ്രണയത്തിന്‍റെ കാര്യത്തിലും വളരെ വിലപ്പെട്ട ഒരു ഘടകമാണ്.

എല്ലാ തിരക്കുകളും ഒഴിഞ്ഞതിനു ശേഷം പ്രണയിക്കുവാന്‍ സമയം കണ്ടെത്താം എന്ന് ചിന്തിക്കരുത്. സമയം കണ്ടെത്തുന്നതല്ല പ്രണയത്തിന്‍റെ നിയമം, ഒപ്പം മൂല്യമുള്ള സമയം ചെലവിടുന്നതിലാണ്.

പ്രണയത്തില്‍ സമ്മാനങ്ങള്‍ നിറയണം.

ഇതിനര്‍ത്ഥം വിലകൂടിയതോ ലഭിക്കാന്‍ പ്രയാസമുള്ളതോ ആയ വസ്തുക്കളെ പരസ്പരം കൈമാറണം എന്നല്ല. എന്‍റെ തിരക്കിട്ട നിമിഷങ്ങള്‍ക്കിടയിലും നീ ഓര്‍മ്മിക്കപ്പെടുന്ന ഒരു ആനന്ദമാണ് എന്നുള്ള സന്ദേശം നല്‍കുന്ന എന്തും ഒരു സമ്മാനമാണ്. അതിനു ഒരു പക്ഷെ അപ്രതീക്ഷിതമായ ഒരു ഫോണ്‍ മെസ്സേജ് പോലും മതിയാകും.

'ഞാന്‍ നിനക്ക് അടിമപ്പെട്ടിരിക്കുന്നു'

ഈ സന്ദേശം നല്‍കുന്നത് പ്രണയത്തില്‍ നേടാവുന്ന ഏറ്റവും മനോഹരമായ ഒരു തോല്‍വിയാണ്. പങ്കാളിയെ സഹായിക്കുന്നു എന്ന മനോഭാവം ഒരിക്കലും പ്രണയത്തില്‍ കടന്നുകൂടരുത്. പരസ്പരം മത്സരബുദ്ധിയോടു സേവനതല്പരരാകുക.

സ്പര്‍ശനം പ്രണയത്തിന്റെ ഭാഷയാണ്‌.

ഏതു പ്രായത്തിലും ഏതു സമയത്തും മൌനമായി പ്രണയം സംവാദിക്കാന്‍ കഴിയുന്ന ഒരു മനോഹര ഭാഷയാണത്.