സ്വകാര്യ ബസ്സുകൾക്ക് 'ഏകീകൃത കളർ കോഡ്' നടപ്പിലാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

നിലവിൽ സംസ്ഥാനത്ത് മൂന്ന് നഗരങ്ങളിലെ സിറ്റി സർവീസ് ബസ്സുകൾക്ക് മാത്രമാണ് ഇത്തരത്തിൽ കളർ കോഡുള്ളത്.

സ്വകാര്യ ബസ്സുകൾക്ക്

കണ്ണൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് കളർ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. സിറ്റി സർവീസ്, ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് പ്രത്യേക നിറങ്ങൾ നൽകി സംസ്ഥാന വ്യാപകമായി ബസ്സുകളുടെ നിറങ്ങൾ ഏകീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. നിലവിൽ സംസ്ഥാനത്ത് മൂന്ന് നഗരങ്ങളിലെ സിറ്റി സർവീസ് ബസ്സുകൾക്ക് മാത്രമാണ് ഇത്തരത്തിൽ കളർ കോഡുള്ളത്.

തിരുവനന്തപുരത്ത് നീലയും കൊച്ചിയില്‍ ചുവപ്പും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റി സർവീസ് ബസ്സുകൾക്ക് ഉള്ളത്. റോഡിലെ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള നിറങ്ങളും ചിത്രങ്ങളും അപകടങ്ങൾക്ക് പോലും കാരണമാകുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു നീക്കവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് വന്നിട്ടുള്ളത്.

വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ 264ആം വകുപ്പിന്റ ചുവടുപിടിച്ചാകും പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുക. ബസ്സുടമകളുടയും പൊതുജനങ്ങളുടെയും ഉൾപ്പെടെ അഭിപ്രായം തേടിയാവും നിറങ്ങൾ നിർണയിക്കുക. ആനച്ചന്തത്തെ വെല്ലുന്ന ബസ് ചന്തങ്ങളുടെ നാടായ കണ്ണൂരിൽ പുതിയ പരിഷ്‌കാരങ്ങൾ തേരുകളുടെ ഭംഗി കുറച്ചുകളയുമോ എന്ന ആശങ്കയിലാണ് ബസ് പ്രേമികൾ.

Read More >>