സാമൂഹ്യനീതിയുടെ കാഹളം മുഴക്കി വിസ്മൃതിയിലേക്ക് പിന്‍വാങ്ങിയ ഒരാള്‍

ഇന്ത്യൻ വരേണ്യവര്‍ഗ്ഗത്തിനും കോര്‍പറേറ്റുകള്‍ക്കും ഒന്നു പോലെ വെറുക്കപ്പെട്ടവന്‍ ആയിരുന്നു വിപി സിംഗ്

സാമൂഹ്യനീതിയുടെ കാഹളം മുഴക്കി വിസ്മൃതിയിലേക്ക് പിന്‍വാങ്ങിയ ഒരാള്‍

ബച്ചൂ മാഹി
അധികമാരും ഓര്‍ക്കാതെയും ഓര്‍മ്മിപ്പിക്കാതെയുമാണ് നവംബര്‍ 27 കടന്നു പോയത്. മുന്‍ പ്രധാനമന്ത്രി വി. പി സിംഗ് എന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പല പുതുപാതകളും വെട്ടിത്തുറന്ന അതികായന്റെ എട്ടാം ചരമവാര്‍ഷിക ദിനമായിരുന്നു ആരുമറിയാതെ കടന്നു പോയത്. കാരണമുണ്ട്. ഇന്ത്യൻ വരേണ്യവര്‍ഗ്ഗത്തിനും കോര്‍പറേറ്റുകള്‍ക്കും ഒന്നു പോലെ വെറുക്കപ്പെട്ടവന്‍ ആയിരുന്നു അദ്ദേഹം. നമ്മുടെ മാധ്യമങ്ങളെയും പൊതുബോധത്തെയും നിര്‍ണ്ണയിക്കുന്നത് അവരുടെ താൽപര്യങ്ങളും അജണ്ടകളുമാണല്ലോ.


1931 ജൂണ്‍ 25ന് അലഹബാദിലെ ഒരു രാജകുടുംബത്തില്‍ -രാജാ ബഹദൂര്‍- രാം ഗോപാല്‍ സിങ്ങിന്റെ മകനായി ജനിച്ച വിശ്വനാഥ പ്രതാപ് സിംഗ് എന്ന 'യുവരാജാവ്' തന്റെ നിയോഗമായി തെരഞ്ഞെടുത്തത് ജനസേവനം. 1947-48ല്‍ വാരാണസി ഉദയ് പ്രതാപ് കോളജ് വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായാണ് സിംഗ് രാഷ്ട്രീയപ്രവേശം നടത്തുന്നത്. പിന്നീട് അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ വൈസ് പ്രസിഡന്റായി. 1957-ല്‍ ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ വി.പി. അലഹബാദിലെ പാസ്ന ഗ്രാമത്തിലുള്ള തന്റെ അധീനതയിലുള്ള വലിയൊരു കൃഷിയിടം മൂവ്‌മെന്റിന് സംഭാവന നല്‍കുകയുമുണ്ടായി.

தொடர்புடைய படம்

അലഹബാദ് സര്‍വകലാശാല എക്സിക്യൂട്ടീവ് ബോഡി അംഗം, എഐസിസി അംഗം, 1969-71 കാലത്ത് യു.പി. നിയമസഭാംഗം, 1970-71ല്‍ കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് പാര്‍ട്ടി വിപ്പ്. 1971-74ല്‍ ലോക്സഭാംഗം. 1974 ഒക്ടോബര്‍ മുതല്‍ 1976 നവംബര്‍ വരെ കേന്ദ്ര വാണിജ്യ സഹമന്ത്രി. 1976 നവംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ വാണിജ്യകാര്യ മന്ത്രി. 1980 ജൂണ്‍ ഒന്‍പതു മുതല്‍ 1982 ജൂണ്‍ 28 വരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 1983 ജനുവരി 29ന് വീണ്ടും കേന്ദ്ര വാണിജ്യമന്ത്രിയായി നിയമിതനായ അദ്ദേഹത്തിന് ഫെബ്രുവരി 15ന് സപ്ലൈ വകുപ്പിന്റെ അധികച്ചുമതല ലഭിച്ചു. 1983 ജൂലൈ 16നു രാജ്യസഭാംഗമായി. 1984 സെപ്റ്റംബര്‍ ഒന്നിന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1984 ഡിസംബര്‍ 31ന് കേന്ദ്ര ധനകാര്യമന്ത്രി പദത്തിലുമെത്തി. 1987 ജനുവരി 24-ന് ധനകാര്യം നഷ്ടമായി പ്രതിരോധ മന്ത്രാലത്തിലേക്ക്. 1987 ഏപ്രില്‍ 12-ന് ഡിഫന്‍സില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസ് അംഗത്വവും ലോക്സഭാംഗത്വവും രാജി വെച്ചു.ആരിഫ് ഖാന്‍, അരുണ്‍ നെഹ്രു എന്നിവര്‍ക്കൊപ്പം ജനമോര്‍ച്ച എന്ന പുതിയൊരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു കൊണ്ട് അലഹബാദ് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച്, സിംഗ് വീണ്ടും ലോക്‌സഭയിലെത്തി. 1988 ഒക്ടോബര്‍ 11 ന് ജനമോര്‍ച്ച, ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ്സ് (എസ്) എന്നീ പാര്‍ട്ടികള്‍ ലയിച്ച് രൂപീകരിച്ച ജനതാദള്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി. പിന്നീട് ദള്‍, ഡി.എം,.കെ., തെലുഗുദേശം, ആസാം ഗണപരിഷത് ചേര്‍ന്ന് രൂപം കൊണ്ട 'ദേശീയ മുന്നണി'യുടെ കണ്‍വീനര്‍. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത 1989 ഇലക്ഷനില്‍ ദേശീയമുന്നണി മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ വി.പി. സിംഗ് പ്രധാനമന്ത്രിയായി: 1989 ഡിസംബര്‍ 2 മുതല്‍ 1990 നവംബര്‍ 10 വരെ.

ഈ സംക്ഷിപ്ത രാഷ്ട്രീയ പ്രൊഫൈല്‍ വരച്ചു വെക്കുന്നതിലുമേറെ അടരുകള്‍ ഉള്ളതാണ് വി.പി. സിംഗ് എന്ന വ്യക്തിയും രാഷ്ട്രീയക്കാരനും. സത്യസന്ധത വെറുമൊരു അലങ്കാരമായിരുന്നില്ല അദ്ദേഹത്തിന്, രാഷ്ട്രീയജീവിതത്തിലുടനീളം കൂടെക്കൂട്ടിയ ആത്മസുഹൃത്തായിരുന്നു. പദവികള്‍ക്കും അധികാരത്തിനും പിന്നാലെ പോയ ഭിക്ഷാംദേഹി ആയല്ല, അവ അങ്ങോട്ട് തേടിച്ചെന്ന അര്‍ഹനെയാണ് ആ ജീവചിത്രത്തില്‍ നാം കണ്ടുമുട്ടുന്നത്.

vp singh, indira gandhi க்கான பட முடிவு

ആദര്‍ശത്തിന് വേണ്ടി അധികാരം ത്യജിക്കാന്‍ ഒരുഘട്ടത്തിലും അമാന്തിച്ചു നിന്നില്ല എന്നതു സമകാലിക രാഷ്ട്രീയക്കാരില്‍ നിന്നു വി.പി.യെ കാതങ്ങള്‍ ഉയരത്തില്‍ നിര്‍ത്തുന്നു. ഉത്തര്‍പ്രദേശിലെ ഗ്രാമീണമേഖലകള്‍ കൊള്ളക്കാരുടെ തേര്‍വാഴ്ചയില്‍ അമര്‍ന്ന ഘട്ടത്തില്‍ ആയിരുന്നു ഇന്ദിര അദ്ദേഹത്തെ യു.പി. മുഖ്യമന്ത്രി ആയി അയച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം, കൊള്ളക്കാരെ പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ താന്‍ പദവിക്കു യോഗ്യനല്ല എന്ന 'കുറ്റസമ്മത'ത്തോടെ സ്ഥാനം ഒഴിഞ്ഞത് അദ്ദേഹത്തിന്റെ ആദരവ് ഉയര്‍ത്തി.

ഇന്ദിരയുടെ മരണത്തെ തുടര്‍ന്നുള്ള പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരമേറിയ രാജീവ്, ധനകാര്യ വകുപ്പ് ഏൽപിച്ചത് വി.പി.യെ ആയിരുന്നു. ധീരുഭായി അംബാനിയുടെയും അമിതാബ് ബച്ചന്‍ അടക്കമുള്ള വന്‍തോക്കുകളുടെയും ഓഫീസുകളില്‍ റെയ്ഡ് നടത്താന്‍ വി.പി സിംഗ് ധൈര്യം കാണിച്ചു. റിലയന്‍സിനു മേല്‍ ഇന്ത്യയില്‍ ആദ്യമായും അവസാനമായും കൈവെച്ച അധികാരി എന്നതാണ് വി.പി സിംഗിനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം. അതു പൊറുപ്പിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേലുള്ള അംബാനി സ്വാധീനം ഫലം കണ്ടു. അങ്ങനെയാണ് രണ്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വി.പി.യില്‍ നിന്നു ധനകാര്യം തിരിച്ച് വാങ്ങുന്നത്. വന്‍കിട ടാക്‌സ് വെട്ടിപ്പുകാരെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് വിശാലമായ അധികാരം നല്‍കുക, ലൈസന്‍സ് രാജ് നവീകരിക്കുക തുടങ്ങിയ പരിഷ്‌കരണങ്ങള്‍ സിംഗിന് പ്രശംസ നേടിക്കൊടുത്തു.

vp singh, rajiv gandhi க்கான பட முடிவு

പകരം നല്‍കിയ പ്രതിരോധമന്ത്രാലയത്തില്‍ വി.പി.യെ തളച്ചിടാം എന്ന കോക്കസിന്റെ കണക്കുകൂട്ടല്‍ പക്ഷെ, തിരിച്ചടിച്ചു. ചുമതല ഏറ്റ ഒന്നാം മണിക്കൂറില്‍ തന്നെ അദ്ദേഹം പ്രതിരോധ ഇടപാടുകളെ കീറിമുറിക്കാന്‍ ധൈര്യപ്പെട്ടു. അങ്ങനെയാണ് അന്നത്തെ പ്രധാനമന്ത്രിക്കെതിരെ പോലും ബോഫോഴ്സ് തോക്കിടപാടില്‍ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. അന്താരാഷ്ട്ര ആയുധ റാക്കറ്റിനുമേല്‍ ആദ്യമായി കൈവെച്ചത് വി.പി സിംഗ് തന്നെയാകണം. രണ്ടര മാസം മാത്രം ഇരുന്ന പ്രതിരോധമന്ത്രി പദവിയില്‍ നിന്ന് വി.പി.യെ പുറത്താക്കുക എന്ന തീരുമാനം ആകണം രാജീവിന്റെ വാട്ടര്‍ലൂ ആയി മാറിയത്.

ചിതറിയ, വിരുദ്ധ ധ്രുവങ്ങളിലുള്ള പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്ന ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ ഉദയത്തിനാണ് അത് വഴിവെച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി മുന്നണി പരീക്ഷണം നടത്തിയതിന്റെ ക്രെഡിറ്റ് വി.പി.ക്ക് അവകാശപ്പെട്ടതാണ്. ആ പരീക്ഷണം, 1989-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നു തൂത്തെറിഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത തൂക്കുസഭയില്‍ ഇടതു കക്ഷികളുടെയും ബി.ജെ.പി.യുടെയും പുറമേ നിന്നുള്ള പിന്തുണയോടെ വി.പി. സിംഗ് പ്രധാനമന്ത്രിയായി.

v.p singh prime minister க்கான பட முடிவு

ആ കസരയില്‍ ഇരുന്ന് അദ്ദേഹം, മുന്‍ഗാമികളുണ്ടാക്കിയ മുറിവുകള്‍ മരുന്നു വെച്ചു കെട്ടാന്‍. ശ്രമിച്ചു. ശ്രീലങ്കയില്‍ നിന്നു പട്ടാളത്തെ പിന്‍വലിച്ചു. സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ച് ഓപറേഷന്‍ ബ്ലൂസ്റ്റാറിന്റെ പേരില്‍ മാപ്പ് ചോദിച്ച് കൊണ്ട് മുഖ്യധാരയില്‍ നിന്നകന്നു നിന്ന സിഖ് സമൂഹത്തെ അനുനയിപ്പിക്കാനും അങ്ങനെ വിഘടനവാദത്തിന്റെ സ്വാധീനവലയത്തില്‍ നിന്നു പഞ്ചാബിനെ മുക്തമാക്കാനും അദ്ദേഹത്തിനു സാധിച്ചു.

പഞ്ചാബില്‍ വിജയിച്ച അദ്ദേഹം പക്ഷേ, കാശ്മീരില്‍ തോറ്റു എന്നതും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ബി.ജെ.പി സമ്മര്‍ദ്ദത്തിന് വഴങ്ങി ജഗ്മോഹനെ കാശ്മീര്‍ ഗവര്‍ണര്‍ ആക്കിയതാകണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭരണ പരാജയം. ശരാശരി കാശ്മീരിയെ എന്നെന്നേക്കുമായി ഇന്ത്യയില്‍ നിന്നകറ്റുക എന്നതായിരുന്നു ആര്‍.എസ്.എസ്. അജന്‍ഡകളുമായി അവിടേക്ക് ചെന്ന ജഗ്മോഹന്റെ ചെയ്തികളുടെ ആകെത്തുക.

എന്നാല്‍ വി.പി. സിംഗിനെ ചരിത്രം മുഖ്യമായി അടയാളപ്പെടുത്തുക, സാമൂഹിക നീതിയുടെ കാഹളം മുഴക്കിയതിന്റെ പേരില്‍ ആയിരിക്കും. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി സര്‍ക്കാര്‍ ആണ് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കക്കാരെ കണ്ടെത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി മണ്ഡല്‍ കമ്മീഷനെ നിയോഗിക്കുന്നത്. 1979 ജനുവരി ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച കമ്മിഷന്‍ 1980 ഡിസംബര്‍ 31-ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ന്നുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അത് ഫ്രീസറില്‍ വെച്ചു. ദേശീയമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം ആയിരുന്നു മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും എന്നത്. 1990 അഗസ്റ്റ് 7-ന് വി.പി. സിംഗ്, പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 27% സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തന്റെ സര്‍ക്കാര്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.

தொடர்புடைய படம்

മുന്‍നിരപ്പാര്‍ട്ടികള്‍ ഏതാണ്ട് മുഴുക്കെ അതിനെതിരെ നിലകൊണ്ടു. സവര്‍ണ്ണ വിദ്യാര്‍ത്ഥികളെ ജീവന്മരണ പോരാട്ടത്തിനായി തെരുവിലേക്കാനയിച്ചും തീകൊളുത്തിയും സംഘപരിവാരം പിന്നണിയില്‍ കളിച്ച് ഉത്തരേന്ത്യയെ സംഘര്‍ഷ ഭൂമിയാക്കി. ഈ തീരുമാനം തങ്ങളുടെ വോട്ട് മണ്ഡലം വിഭജിക്കുമെന്ന് കണക്ക് കൂട്ടിയ സംഘപരിവാരം, രാമക്ഷേത്ര പ്രക്ഷോഭം പുറത്തെടുക്കുകയും രക്തരൂഷിതമായ വര്‍ഗ്ഗീയ കലാപങ്ങള്‍ അഴിച്ച് വിടുകയും ചെയ്തു. ഇന്ത്യയെ വര്‍ഗീയമായി നെടുകെ പിളര്‍ക്കുക എന്ന ലക്ഷ്യത്തോടെ അദ്വാനിയുടെ നേതൃത്വത്തില്‍ ഉരുണ്ട രഥം, ബീഹാറില്‍ തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ, ബിജെപി പിന്തുണ പിന്‍വലിച്ചു; വി.പി. കസേരയില്‍ നിന്ന് ഇറങ്ങേണ്ടിയും വന്നു., ഭരണത്തിലിരുന്നപ്പോഴും കോര്‍പറേറ്റുകളോട് സന്ധി കാണിച്ചില്ല. L&T കമ്പനി കൈപ്പിടിയിൽ ഒതുക്കാനുള്ള ധീരുബായ് അംബാനിയുടെ തന്ത്രം, പൊതുമേഖലാ കമ്പനികളെ ഉപയോഗിച്ചുള്ള വിപിയുടെ കനത്ത പ്രതിരോധത്തിൽ തട്ടിത്തകർന്നു. എന്ത് വില കൊടുത്തും ആ ഭരണം താഴെയിറക്കണമെന്ന് അംബാനി  ഉറപ്പിച്ചിരിക്കണം.

1990-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങിയതില്‍ പിന്നെ, അധികം താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തോട് വിട പറഞ്ഞു. 1996-ല്‍ വീണ്ടും തൂക്കു പാര്‍ലിമെന്റ് ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ട പേര് വി.പി.സിംഗ് എന്നായിരുന്നുവെങ്കിലും അദ്ദേഹമതു നിരസിച്ചു. 2008 നവംബര്‍ 27-ന് വി .പി. സിംഗ് നിര്യാതനായപ്പോള്‍ രാജ്യം മുംബൈ ഭീകരാക്രമണ മുള്‍മുനയില്‍ നിന്ന സമയമായിരുന്നു. അതൊരു സൗകര്യമാക്കിയെടുത്ത് ആസൂത്രിതമായ ഒരു വാര്‍ത്താ തമസ്‌ക്കരണം നടന്നു എന്ന് വിശ്വസിക്കാന്‍ ന്യായമുണ്ട്. കാരണം അത്രമേല്‍ വെറുക്കപ്പെടെണ്ടവന്‍ ആയാണല്ലോ അതിന് മുന്‍പേ വി.പി. വരേണ്യാധിഷ്ഠിത ഇന്ത്യന്‍ മാധ്യമ ലോകത്താല്‍ ചിത്രീകരിക്കപ്പെട്ടത്.