മോഡിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയ്ക്ക് 500 രൂപ പിഴ ഈടാക്കിയേക്കും

റിലയന്‍സ് ജിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോഡിയുടെ ചിത്രം ഉപയോഗിച്ചതിനാണ് കേന്ദ്രഗവണ്‍മെന്റ് വെറും 500 രൂപ പിഴ ഈടാക്കുന്നത്.

മോഡിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോയ്ക്ക് 500 രൂപ പിഴ ഈടാക്കിയേക്കും

അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചതിന് രാജ്യത്തെ കോര്‍പറേറ്റുകളിലൊന്നായ റിലയന്‍സ് ജിയോയില്‍ നിന്ന് വെറും 500 രൂപ പിഴ ഈടാക്കിയേക്കും. പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ജിയോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ പരസ്യങ്ങളില്‍ മോഡിയുടെ ചിത്രം ഉപയോഗിച്ചതിനാണിത്. ദി എംബ്ലംസ് ആന്റ് പ്രിവന്‍ഷന്‍ ആക്റ്റ് 1950ലെ വകുപ്പ് പ്രകാരമാണ് ഈ പിഴ. പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് വ്യാഴാഴ്ച വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. റിലയന്‍സ് ജിയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


സമാജ്‌വാദി പാര്‍ട്ടി എംപി നീരജ് ശേഖറിന്റെ ചോദ്യത്തിന് മറുപടിയായി കമ്പനി പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. പേ ടിഎമ്മിന്റെ പരസ്യത്തിലും മോഡിയുടെ ചിത്രം വന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. നിയമലംഘനം നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തക്ക നടപടി സ്വീകരിക്കുമെന്ന് സിംഗ് അറിയിച്ചു. കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയില്ലാതെ ചില വ്യക്തികളുടെ ചിത്രങ്ങളോ പേരോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് പറയുന്ന ആക്റ്റിലെ 3ാം വകുപ്പാണ് റിലയന്‍സ് ജിയോ ലംഘിച്ചിരിക്കുന്നത്.
രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, മഹാത്മഗാന്ധി, ഇന്ദിര ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അശോക ചക്ര, ധര്‍മ ചക്ര എന്നിവയാണ് ആക്റ്റിന്റെ പരിധിയില്‍ വരിക.

Read More >>