'തട്ടിക്കൊണ്ടുപോകൽ' സന്ദേശങ്ങൾക്ക് പിന്നിൽ കച്ചവടതാൽപ്പര്യങ്ങളെന്ന് സൂചന; ലാഭം കൊയ്യാനൊരുങ്ങി 'ജിപിഎസ് തിരിച്ചറിയൽ കാർഡ്' കമ്പനികൾ

മലബാറിലെ പല സിബിഎസ്ഇ സ്‌കൂളുകളെയും ജിപിഎസ് ഐഡി വിതരണം ചെയ്യാൻ തയ്യാറാണെന്ന് കാണിച്ചു ചിലർ സമീപിക്കുന്നുണ്ട്. ജിപിഎസ് സങ്കേതങ്ങൾ ഉപയോഗിച്ചു കൊണ്ടു കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തവും എന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചിരുന്നതായി ഒരു സിബിഎസ്ഇ സ്‌കൂൾ അധികൃതർ നാരദാ ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ തട്ടിക്കൊണ്ടുപോയെന്നുള്ള വ്യാജസന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി . ശബ്ദ - ടെക്സ്റ്റ് സന്ദേശങ്ങൾക്കൊപ്പം പലപ്പോഴും ചിത്രങ്ങളും ഉണ്ടാവും. ഇത്തരം സന്ദേശങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടാൽ അത്തരത്തിലുള്ള സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുക.

കൃത്യമായ ഇടവേളകളിൽ വിശ്വാസയോഗ്യമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കാവുന്ന വ്യാജ തട്ടിക്കൊണ്ടുപോകൽ സന്ദേശങ്ങൾ തയ്യാറാക്കപ്പെടുന്നതു വ്യക്തമായ കച്ചവട താൽപര്യത്തോടെയാണെന്ന സൂചനയാണ് നാരദാ ന്യൂസിന് ലഭിച്ചത്. ഇത്തരം സന്ദേശങ്ങളിലൂടെ പടരുന്ന ഭീതിയെ ലാഭമാക്കാൻ ഒരുങ്ങുന്നത് ജിപിഎസ് ഘടിപ്പിച്ച തിരിച്ചറിയൽ കാർഡ് കമ്പനികളാണ്.


മലബാറിലെ പല സിബിഎസ്ഇ സ്‌കൂളുകളെയും ജിപിഎസ് ഐഡി വിതരണം ചെയ്യാൻ തയ്യാറാണെന്ന് കാണിച്ചു ചിലർ സമീപിക്കുന്നുണ്ട്. ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ RFID (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ), ജിപിഎസ് സങ്കേതങ്ങൾ ഉപയോഗിച്ചു കൊണ്ടു കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തവും എന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചിരുന്നതായി ഒരു സിബിഎസ്ഇ സ്‌കൂൾ അധികൃതർ നാരദാ ന്യൂസിനോട് പറഞ്ഞു. വ്യാജ സന്ദേശങ്ങൾ പ്രചരിച്ച ശേഷം ഓഫറുകളുമായി ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ അടുത്ത അധ്യയന വർഷം മുതൽ ഇത്തരം ഒരു സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും സ്‌കൂൾ അധികൃതർ പറയുന്നു.

ജിപിഎസ് തിരിച്ചറിയൽ കാർഡുകൾ ഉയർന്ന തുകയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് ഭീതി വിതയ്ക്കുന്നതിന് പിറകിൽ. കോഴിക്കോടുള്ള ഒരു പ്രശസ്തമായ വിദ്യാലയത്തിൽ രണ്ടു വർഷമായി ഇത്തരം സുരക്ഷാ സംവിധാനമുണ്ട്. അവിടെ 60 രൂപയ്ക്ക് നൽകുന്ന തിരിച്ചറിയൽ കാർഡുകൾ പലയിടത്തും 500 രൂപയ്ക്ക് മുകളിൽ വിലയിട്ട് വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തിരിച്ചറിയൽ കാർഡിൽ നിന്നും സ്‌കൂൾ ബസ്സിൽ നിന്നും രക്ഷിതാക്കൾക്ക് എസ്എംഎസ് ലഭിക്കുന്നതായി മാസം തോറും തുക നൽകേണ്ടി വരും.

തിരുവനന്തപുരം കോർപറേഷനിലെ 79 ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ക്ലാസ്സ് 'കട്ട്' ചെയ്തത് മുങ്ങുന്ന കുട്ടികളെ പിടികൂടാൻ വേണ്ടിയുള്ള ഡിജിറ്റൽ സംവിധാനം നടപ്പാക്കിവരുന്നുണ്ട്. ക്‌ളാസ് അറ്റന്റൻസുകൾ രക്ഷിതാക്കൾക്ക് എസ്എംഎസ് വഴി ലഭിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ അധ്യയനവർഷം മുതൽ നടപ്പിലാക്കിവരുന്ന ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായി ജിപിഎസ് തിരിച്ചറിയൽകാർഡുകൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ മുഴുവൻ ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ ചില ഏജൻസികൾ കോപ്പുകൂട്ടുന്നതായും സൂചനകളുണ്ട്.

സ്‌കൂളിലേക്ക് പോകുകയോ സ്‌കൂൾ വിട്ടു വരികയോ ചെയ്യുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന നിലയിൽ സന്ദേശങ്ങൾ തയ്യാറാക്കപ്പെടുന്നത് ജിപിഎസ് ഐഡി കാർഡുകളുടെ വിപണനം ലക്ഷ്യം വച്ചുകൊണ്ടാണ്. സന്ദേശത്തെ വിശ്വാസയോഗ്യമാക്കി മാറ്റാനുള്ള എല്ലാ ചേരുവകളും അതിലുണ്ടാകും. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ പോലും വളരെ ഭാവനാപൂർവം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകൽ കഥയാക്കി മാറ്റും.

നാദാപുരത്ത് വിവാഹിതയായ യുവതിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ വയർലസ് സന്ദേശം റെക്കോർഡ് ചെയ്ത് 'കുട്ടികളെ ഓമ്നി വാനിൽ തട്ടിക്കൊണ്ടുപോയി' എന്ന നിലയിൽ പ്രചരിപ്പിച്ചിരുന്നു.

കേരളത്തിനു പുറമേ മംഗളുരുവിലും സമാനമായ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാൻ മംഗളുരു പൊലീസിന് പ്രത്യേക പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നു.

കാസർഗോഡ് വ്യാജസന്ദേശങ്ങൾക്ക് പിറകിൽ മണൽ മാഫിയയാണെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നാളിതുവരെയായി പൊലീസിന് ഇതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

Read More >>