വിവാദങ്ങള്‍ക്കിടെയും വിജയമധുരം; ത്രിപുരയ്ക്കെതിരെ കേരളത്തിനു ജയം

വെള്ളിയാഴ്ച രാവിലെ നാലാം ദിനം കളി ആരംഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 117 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ജയിക്കാന്‍ 66 റണ്‍സ് കൂടി വേണമെന്നിരിക്കെ 80 റണ്‍സോടെ അസ്ഹറുദ്ദീനും 37 റണ്‍സോടെ ഭവിനും ആണ് നാലാം ദിനം കളി ആരംഭിച്ചത്.

വിവാദങ്ങള്‍ക്കിടെയും വിജയമധുരം; ത്രിപുരയ്ക്കെതിരെ കേരളത്തിനു ജയം

കട്ടക്ക്: രഞ്ജി ട്രോഫിയുടെ സി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ത്രിപുരക്കെതിരെ കേരളത്തിന് ഏഴു വിക്കറ്റ് ജയം. കേരള കോച്ചായിരുന്ന ബാലചന്ദ്രനെ തല്‍സ്ഥാനത്തു നിന്നും നീക്കി പകരം ടിനു യോഹന്നാനെ നിയമിച്ച ശേഷം കേരളം നേടുന്ന ജയം ഏറെ വിവാദങ്ങള്‍ക്ക് മദ്ധ്യേയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനിലെ പടലപ്പിണക്കങ്ങള്‍ക്കിടെ ആണെങ്കിലും ഈ രഞ്ജി സീസനിലെ ആദ്യ വിജയത്തിന് മധുരമേറെയാണ്. വിജയത്തോടെ ആറു പോയിന്റും കേരളത്തിന് നേടാനായി.


സ്‌കോര്‍: ത്രിപുര - 213 & 162, കേരളം - 193 & 183/3

ആദ്യ ഇന്നിങ്സില്‍ ബോസിന്റെയും (36) യശ്പാല്‍ സിങ്ങിന്റെയും (50) മുര സിങ്ങിന്റെയും (42) ബാറ്റിങ് മികവില്‍ 213 റണ്‍സ് നേടിയ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സില്‍ 193 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനും (40) സച്ചിന്‍ ബേബിക്കും (29) സല്‍മാന്‍ നിസാറിനും (25) അക്ഷയ് ചന്ദ്രനും(36) മാത്രമായിരുന്നു ആദ്യ ഇന്നിങ്സില്‍ കേരളനിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ആദ്യ ഇന്നിങ്സില്‍ 20 റണ്‍സിന്റെ നേരിയ ലീഡ് നേടിയെങ്കിലും 162 റണ്‍സിന് ത്രിപുരയെ പുറത്താക്കി രണ്ടാം ഇന്നിങ്സില്‍ കേരള ബൗളര്‍മാര്‍ കരുത്തുകാട്ടി. ഓപ്പണര്‍മാരായ ഘോഷിനെയും(25) ബോസിനെയും(23) ഡെയെയും(10) വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എസ്.കെ. പട്ടേലിനെയും(54) മുര സിങ്ങിനെയും(16) മാത്രമാണ് കേരള ബൗളര്‍മാര്‍ രണ്ടക്കം കാണിച്ചത്. രണ്ടാം ഇന്നിങ്സില്‍ അക്ഷയ് ചന്ദ്രന്‍ നാലും ഇഖ്ബാല്‍ അബ്ദുള്ള മൂന്നും സന്ദീപ് വാരിയരും ബേസില്‍ തമ്പിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ഇന്നിങ്സിലെ ലീഡ് ഉള്‍പ്പെടെ 182 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരള ബാറ്റ്സ്മാന്‍മാര്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കളിച്ചത്. ഓപ്പണറായി എത്തിയ മുഹമ്മദ് അസ്ഹറുദ്ദീന് സെഞ്ച്വറി ഒരു റണ്‍സ് അകലെ നഷ്ടമായെങ്കിലും മികച്ച ഇന്നിങ്സിലൂടെ യുവതാരം കേരളത്തിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചു. മറ്റൊരു ഓപ്പണറായ ഭവിന്‍ ജെ. താക്കറും (47) മികച്ച പിന്തുണ നല്‍കി.

വെള്ളിയാഴ്ച രാവിലെ നാലാം ദിനം കളി ആരംഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 117 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ജയിക്കാന്‍ 66 റണ്‍സ് കൂടി വേണമെന്നിരിക്കെ 80 റണ്‍സോടെ അസ്ഹറുദ്ദീനും 37 റണ്‍സോടെ ഭവിനും ആണ് നാലാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ 151ല്‍ നില്‍ക്കെ അസ്ഹറുദ്ദീനെയാണ് ആദ്യം നഷ്ടമായത്. സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ വച്ച് ഘോഷിന്റെ കൈകളിലെത്തിച്ച് ഗുരീന്ദര്‍ സിങ്ങാണ് കുട്ടി അസ്ഹറിനെ മടക്കിയത്. 125 പന്തുകളില്‍ നിന്നുമാണ് യുവതാരം 99 റണ്‍സ് അടിച്ചെടുത്തത്.

പിന്നീട് ടോട്ടല്‍ സ്‌കോറില്‍ മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണറായ ഭവിന്‍ താക്കറിനെ കൂടി നഷ്ടപ്പെട്ടു. മുര സിങ്ങിന്റെ കൈകളിലെത്തിച്ച് ഗുരീന്ദര്‍ സിങ് തന്നെയാണ് ഭവിനെയും മടക്കിയത്. അസ്ഹറുദ്ദീന് ശേഷമെത്തിയ ജലജ് സക്സേനയ്ക്ക് (5) പിടിച്ചു നില്‍ക്കാനായില്ലെങ്കിലും സല്‍മാന്‍ നിസാറും (15) സച്ചിന്‍ ബേബിയും ചേര്‍ന്ന് പുറത്താകാതെ ലക്ഷ്യം നേടി. രണ്ടു ഇന്നിങ്സുകളിലും മികച്ച സ്‌കോര്‍ നേടി കേരളത്തിന്റെ വിജയശില്‍പ്പിയായ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്നെയാണ് കളിയിലെ കേമന്‍.