നാട്ടകം പോളിടെക്‌നിക് കോളേജിലെ റാഗിങ്: അഞ്ചു പ്രതികള്‍ കീഴടങ്ങി; മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍

ജെറിന്‍, സരണ്‍, മനു, റെയ്‌സണ്‍, ജയകൃഷ്ണന്‍ എന്നീ പ്രതികളാണ് കീഴടങ്ങിയത്. ചങ്ങനാശേരി ഡിവൈ.എസ്പി ഓഫീസിലെത്തിയാണ് ഇവര്‍ കീടങ്ങിയത്. ഇന്നുതന്നെ ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

നാട്ടകം പോളിടെക്‌നിക് കോളേജിലെ റാഗിങ്: അഞ്ചു പ്രതികള്‍ കീഴടങ്ങി; മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍

കോട്ടയം: നാട്ടകം ഗവ. പോളിടെക്‌നിക് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത കേസില്‍ അഞ്ചു പ്രതികള്‍ കീഴടങ്ങി. ജെറിന്‍, സരണ്‍, മനു, റെയ്‌സണ്‍, ജയകൃഷ്ണന്‍ എന്നീ പ്രതികളാണ് കീഴടങ്ങിയത്. ചങ്ങനാശേരി ഡിവൈ.എസ്പി ഓഫീസിലെത്തിയാണ് ഇവര്‍ കീടങ്ങിയത്. ഇന്നുതന്നെ ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കോട്ടയം, കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഇവര്‍ രക്ഷിതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ഒപ്പമാണ് കീഴടങ്ങാനെത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവര്‍ക്കായി അന്വേഷണം നടക്കവെയാണ് കീഴടങ്ങല്‍. റാഗിങ് നടത്തിയ എട്ടുവിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. ബാക്കി മൂന്നുപേര്‍ ഇപ്പോഴും ഒളിവിലാണ്.


ഇവരുടെ റാഗിങ്ങിനെതുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുട സ്വദേശിയുമായ അവിനാശിന്റെ വൃക്ക തകര്‍ന്നിരുന്നു. മകനെ ക്രൂരമായി റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാട്ടി അവിനാശിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുപ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരവും പട്ടികജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുക്കണമന്നാണ് അവിനാശിന്റെ അച്ഛന്‍ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതി. സംഭവത്തില്‍ കോളേജ് അധികാരികളോ ഹോസ്റ്റല്‍ വാര്‍ഡനോ നടപടിയെടുക്കുന്നില്ലെന്നും വാര്‍ഡന്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ മകന് ഇതൊന്നും ഉണ്ടാവുമായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഡിസംബര്‍ രണ്ടിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അവിനാശടക്കം ഒമ്പത് ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് ഇരയായത്. ഹോസ്റ്റല്‍ മുറിയില്‍ രാത്രി ഒമ്പതു മുതല്‍ മൂന്നിന് പുലര്‍ച്ചെ മൂന്നു മണി വരെയായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര റാഗിങ്. മുറിയിലേക്കു വിളിച്ചുവരുത്തിയ ശേഷം എല്ലാവരുടേയും വസ്ത്രം അഴിപ്പിക്കുകയും പുഷ്അപ്പും മറ്റു വ്യായാമങ്ങളും ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ആറുമണിക്കൂറോളം നീണ്ടുനിന്ന പീഡനത്തിനിടെ ഒരു മണിക്കൂറിലധികം സമയം വിദ്യാര്‍ത്ഥികളെ ഒറ്റക്കാലില്‍ നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെയും ക്രൂരമര്‍ദ്ദനമായിരുന്നു പ്രതികള്‍ അഴിച്ചുവിട്ടത്. അതിനുശേഷം നീന്തുന്ന രൂപത്തില്‍ നിലത്ത് ഇഴയാന്‍ ആവശ്യപ്പെടുകയും വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. ചീത്തവിളിയും ഭീഷണിയും കൊണ്ടാണ് ഇതെല്ലാം തങ്ങളെക്കൊണ്ടു ചെയ്യിപ്പിച്ചതെന്നും അവിനാശ് വ്യക്തമാക്കിയിരുന്നു.

Read More >>