റാഹേൽ മക്കളെ ഓർത്തു കരയുന്നു...

യഹൂദ-ക്രിസ്ത്യൻ മതവിശ്വാസങ്ങളെ രൂപപ്പെടുത്തുന്ന മൂന്നു സ്ത്രീകളാണ് റാഹേലും രൂത്തും മറിയവും. പ്രവാ‍സത്തിന്റെയും ദുരന്തങ്ങളുടെയും വേദനകളുടെയും നടുവിൽ മൂന്നു രാജാക്കന്മാർക്ക് ഈറ്റില്ലമായ ബേത്‌ലഹേമിന്റെ രാജകീയ മാതൃത്വങ്ങൾ.

റാഹേൽ മക്കളെ ഓർത്തു കരയുന്നു...

“റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” (മത്തായി 2:17)

Thus says the LORD, "A voice is heard in Ramah, Lamentation and bitter weeping. Rachel is weeping for her children; She refuses to be comforted for her children, Because they are no more." 16Thus says the LORD, "Restrain your voice from weeping And your eyes from tears; For your work will be rewarded," declares the LORD, "And they will return from the land of the enemy. Jeremiah (31:15-16)

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള വായനകളിൽ ക്രിസ്തുമസ് രാത്രികളെ അലോരസപ്പെടുത്തുന്ന ഒന്നാണ് റാഹേലിന്റെ കരച്ചിൽ. റാഹേൽ മക്കളെച്ചൊല്ലി കരയുന്നു എന്നാണു വേദപുസ്തകം പഠിപ്പിക്കുന്നത്. വേദപുസ്തക രചയിതാക്കൾ രൂപകാലങ്കാരം (allegory) ആയിട്ടാണ് യേശുവിന്റെ ജനനവും റാഹേലിന്റെ കരച്ചിലും ബന്ധിപ്പിച്ചിരിക്കുന്നത്. ബേത്‌ലഹേമിൽ പാതയരോത്ത് ക്രിസ്തു ജനിച്ചതുപോലതന്നെയാണ് യാക്കോബിനു ബെന്യാമിൻ ജനിക്കുന്നതും.

പദ്ദൻ അരാമിൽ നിന്നും കനാനിലേക്കുള്ള പിതാവായ യാക്കോബിന്റെ യാത്രയിൽ ബേത്‌ലഹേമിൽ പാതയോരത്താണു ബെന്യാമിൻ ജനിക്കുന്നത്. യേശുവിന്റെ ജനനം പോലതന്നെ ഇസ്രയേലിന്റെ ആദ്യത്തെ രാജാവായ ശൌലിന്റെ രാജവംശവും പാതയോരത്ത് വഴിയാത്രയിൽ പ്രവാസത്തിൽ ജനനം എടുക്കുന്നു. അവിടെ റാഹേൽ വഴിവക്കിൽ പ്രസവക്കിടക്കയിൽ മരിക്കയും ചെയ്യുന്നു. ബേത്‌ലഹേം എന്ന വാക്ക് ബൈബിളിൽ ആദ്യമായി കടന്നുവരുന്നതുപോലും റാഹേലിന്റെ മരണവുമായി ബന്ധപ്പെട്ടാണ്.

അബ്രഹാമിന്റെയും സാറായുടെയും ഇസഹാക്കിന്റെയും റിബേക്കയുടെയും കുഴിമാടത്തിൽ അടക്കാതെ റാഹേലിനെ ബേത്ലഹേമിൽ അടക്കം ചെയ്തു. യഹൂദ പണ്ഡിതന്മാർ മിഡ്രാഷ്കളിലൂടെ പറയുന്നത് തന്റെ അനന്തര തലമുറകൾ ബാബിലോണിലേക്ക് പ്രവാസത്തിലേക്ക് ഈ ശവകുടീരത്തിനു സമീപത്തുകൂടെ കടന്നുപോകും, അപ്പോൾ റാഹേൽ അവരുടെ സുരക്ഷയ്ക്കും, പ്രവാസത്തിൽ നിന്നുള്ള മടക്കത്തിനുമായി പ്രാർഥിക്കും എന്നു യാക്കോബ് ദർശനത്തിൽ കണ്ടു എന്നാണ്. യഹൂദപണ്ഡിതന്മാർ പറയുന്നത് ഇപ്രകാരമാണ്. യഹോവയായ ദൈവം പറുദീസയിലിരിക്കുന്ന പൂർവ്വപിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മോശയുടെയും അടുക്കലേക്ക് ജറമിയാപ്രവാചകനെ അയച്ച് ഇസ്രയേലിന്റെ ഭാവിക്കുവേണ്ടി തങ്ങൾ ചെയ്തകാര്യങ്ങൾ പറഞ്ഞ് പ്രവാസത്തിലേക്കുപോകുന്ന ഇസ്രയേൽ ജനതയ്ക്കുവേണ്ടി അപേക്ഷിക്കുവാനും യാചിക്കുവാനും ആവശ്യപ്പെട്ടു. ഇസ്രയേലിനുവേണ്ടി പക്ഷവാദം ചെയ്യുന്ന അബ്രഹാമും ഇസഹാക്കും യാക്കോബും മോശെയും ദൈവത്തെ പ്രസാദിപ്പിക്കുവാൻ വേണ്ടി തങ്ങൾ ചെയ്ത നല്ലകാര്യങ്ങൾ ഒക്കെ ജറമിയ പ്രവാചകനുമായി പരസ്പരം കൈമാറി.

അബ്രഹാം പിതാവ് ഇസഹാക്കിനെ യാഗം കഴിക്കുവാനുള്ള തന്റെ ത്യാഗമനസ്സ് ഓർപ്പിച്ചുകൊണ്ട് ദൈവത്തോടു പറഞ്ഞു:
എന്റെ ഏകമകനെ ബലികഴിക്കുവാൻ പറഞ്ഞപ്പോൾ ഞാൻ ഒരു ക്രൂരനായ മനുഷ്യനായി മാറി. ഒരു പിതാവിന്റെ കാരുണ്യത്തിനും വാത്സല്യങ്ങൾക്കും ഒരു ഇടവും നല്കാതെ എന്റെ മകനെ യാഗം കഴിക്കുവാൻ തയ്യാറായി ഞാൻ ഇസഹാക്കിനെ യാഗപീഠത്തിൽ കിടത്തി കയറുകൊണ്ടു വരിഞ്ഞുമുറുക്കി കെട്ടി. ഈ ത്യാഗസന്നദ്ധത ഓർത്ത് നിന്റെ മക്കളായ ഇസ്രയേലിനോടു നിനക്കു കരുണ കാട്ടിക്കൂടേ?

ദൈവം ഇതു കേട്ടതായിട്ടുപോലും ഭാവിച്ചില്ല!

അടുത്തത് ഇസഹാക്കിന്റെ ഊഴമായിരുന്നു. തന്റെ പിതാവ് ഒരുക്കിയ യാഗപീഠത്തിന്മേൽ ഒരു യാഗവസ്തുവായി കിടക്കുവാൻ താൻ കാട്ടിയ ത്യാഗമനോഭാവം ഓർത്ത് നിന്റെ ഇസ്രയേലിനോടു കരുണകാട്ടേണമേ എന്നുള്ള ആ യാചനയ്ക്കും ഒരു മറുപടിയും കിട്ടിയില്ല.

അപ്പോൾ യാക്കോബ് മുന്നോട്ടുവന്നിട്ടുപറഞ്ഞു,
ലാബാന്റെ വീട്ടിൽ നീണ്ട 21 വർഷം അടിമപ്പണിചെയ്തിട്ട് ഞാൻ നീ എനിക്കുതന്ന കുടുംബവുമായി കടന്നുവരുമ്പോൾ വഴിയാത്രയിൽ എന്നെ കാണുവാൻ വന്ന എന്റെ സഹോദരൻ ഏശാവ് എന്നെ കൊല്ലുവാനുള്ള ആലോചനയിലായിരുന്നു. ഞാൻ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കുവാൻ വേണ്ടി എന്നെത്തന്നെ ഏശാവിന്റെ കൈയാലുള്ള മരണത്തിന് ഏല്പിച്ചുകൊടുക്കുവാൻ തയ്യാറായിരുന്നു. ഞാൻ ചെയ്ത ഈ നല്ല പ്രവൃത്തികൾ ഒക്കെ ഓർത്ത് ഇതിനു പകരമായി ദയവായി നിന്റെ ജനമായ യഹൂദരെ നീ രക്ഷിക്കണം.

ഇതുകേട്ടിട്ടും ദൈവം മറുപടി ഒന്നും കൊടുത്തില്ല.

അവസാനം മോശ സംസാരിച്ചു.
“മണലാരണ്യത്തിന്റെ ചൂടിലും ചൂരിലും നീണ്ട നാല്പതുവർഷങ്ങൾ ഞാൻ ഒരു വിശ്വസ്ത ഇടയനായിത്തന്നെ യഹൂദരെ നയിച്ചില്ലെ? അവസാനം ഇസ്രയേലിലേക്ക് കടക്കാൻ നേരം നീ എന്നോടുപറഞ്ഞു, മണലാരണ്യം കടക്കേണ്ട നീ, അവിടെ തന്നെ നിന്റെ അവസാനം. എന്റെ പ്രയാണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം അനുഭവിക്കാൻ നീ എനിക്ക് അവസരം തന്നില്ല. എന്റെ ഈ ഉദ്യമങ്ങളെപറ്റി ഓർത്തെങ്കിലും നിന്റെ ജനത്തോടു കരുണകാട്ടേണമെ.

ദൈവം പ്രതികരിച്ചില്ല.

മിഡ്രാഷ പറയുന്നത് ഈ സമയത്ത് റാഹേൽ ദൈവത്തിനുമുന്നിൽ എത്തി പറഞ്ഞു,
നിനക്കറിയാമോ, ഒരു സ്ത്രീയായ എനിക്ക് എത്ര കഠിനമായ കാര്യമായിരുന്നു എന്നെ മാറ്റിനിർത്തി ആ സ്ഥാനത്ത് എന്റെ സഹോദരിയെ പ്രതിഷ്ഠിക്കുക എന്നത്.

യാക്കോബും റാഹേലും പ്രതീക്ഷിച്ചതായിരുന്നു വഞ്ചകനും ചതിയനുമായ ലാബാൻ വിവാഹരാത്രിയിൽ റാഹേലിനെ മാറ്റി ഇരട്ട സഹോദരി ലേയയെ മണവറയിൽ ഇരുത്തുന്ന ചതി ചെയ്യും എന്നത്. അതുകൊണ്ടുതന്നെ റാഹേലും യാക്കോബും ഇതിനെ നേരിടുവാൻ തങ്ങൾക്കു രണ്ടാൾക്കും മാത്രമായി ഒരു രഹസ്യവാക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചിരുന്നു. മണവറയായി ഒരുക്കിയിരുന്ന കൂടാരവാതില്ക്കൽ എത്തുമ്പോൾ യാക്കോബ് ആ രഹസ്യവാക്ക് ഉച്ചരിക്കും മണവറയിൽ റാഹേൽ ആണെങ്കിൽ അതു തിരിച്ചറിഞ്ഞ് മറുപടി രഹസ്യവാക്ക് ഉച്ചരിക്കും. തന്നെയും ലേയെയും ലാബാൻ മാറ്റുവാൻ പോകുന്നതുകണ്ട റാഹേൽ തന്റെ സഹോദരി അപമാനിതയായി മണവറയിൽ നിന്നും ഇറങ്ങിവരുന്നതു കാണാതിരിക്കാനായി ആ രഹസ്യവാക്ക് ലേയയ്ക്കു പറഞ്ഞുകൊടുത്തു. തന്റെ പ്രണയിതാവായ യാക്കോബിനെ വിവാഹം കഴിക്കുവാനുള്ള ആഗ്രഹം എല്ലാം കുഴിച്ചുമൂടി. അതൊടൊപ്പം തന്റെ ഉള്ളിലെ വെറുപ്പും അസൂയയും എല്ലാം അവസാനിപ്പിച്ച് നിർമ്മലമായ മനസ്സോടെയാണു താൻ അതുചെയ്തത്.

റാഹേൽ ദൈവത്തോടു ചോദിച്ചു:
രക്തവും മാംസവും കൊണ്ടു നിർമ്മിച്ച ഒരു കേവല നശ്വര നാരിയായ എനിക്ക് എന്റെ കോപവും അമർഷവും അസൂയയും ഒക്കെ അതിജീവിക്കുവാൻ കഴിയുമെങ്കിൽ അനശ്വര രാജാവായ ദൈവമേ നിന്റെ ജനത്തോടു എത്ര അനുതാപം ഉള്ളവനായിരിക്കണം നീ?

മിഡ്രാഷ പറയുന്നത്:
റാഹേൽ ഇത്രയും പറഞ്ഞപ്പോൾ റാഹേലിന്റെ കണ്ണുനീരിനുമുമ്പിൽ ദൈവം മറുപടി നല്കി. ദൈവം റാഹേലിനോടു സത്യം ചെയ്തു. യഹോവയായ ഞാൻ യഹൂദജനതയെ അന്തിമമായി പ്രവാസത്തിൽ നിന്നും വീണ്ടെടുക്കും.

റാഹേൽ തന്റെ സഹോദരി ലേയയോടുകാട്ടിയ മഹാമനസ്കത ഓർമിപ്പിക്കുന്നു. ചതിപ്രയോഗത്തിലൂടെ യാക്കോബിനെ ലേയ വിവാഹം കഴിക്കുമ്പോൾ റാഹേൽ അസൂയയിലും വിദ്വേഷത്തിലും വെറുപ്പിലും മുങ്ങി അതിനു തടസ്സമാവുകയല്ല ചെയ്തത്. അപ്പോൾ പിന്നെ എന്തിനാണ്, തന്റെ ആലയത്തിലേക്കു വിഗ്രഹങ്ങളെകൊണ്ടുവന്നതിന് യഹോവയായ ദൈവം ഇത്ര തീക്ഷ്ണതയുള്ളവനായി ശിക്ഷിക്കുന്നത്? ദൈവം റാഹേലിന്റെ യാചനകേട്ടു, അന്തിമമായി ഇസ്രയേലിനെ അവളുടെ നന്മകളുടെ കണക്കിൽ വീണ്ടെടുക്കുമെന്ന് വാഗ്ദാനം ചെയ്തു.
“15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നേ; റാഹേല്‍ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവര്‍ ഇല്ലായ്കയാല്‍ അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്‍വാന്‍ അവള്‍ക്കു മനസ്സില്ല. 16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീര്‍ വാര്‍ക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്‍ക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവര്‍ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു. 17 നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.”

(യിരെമ്യാവ് 31:15-17)എന്തുകൊണ്ടാണ് ദൈവം റാഹേലിനെ കേൾക്കയും ഇസ്രായേലിന്റെ പൂർവ്വ പിതാക്കന്മാരെയോ മോശയെയോ ശ്രവിക്കാതിരിക്കയും ചെയ്യതത്? തീർച്ചയായും ഈ ശ്രേഷ്ഠ പിതാക്കന്മാർ യഹൂദജനതയെ തീവ്രമായി സ്നേഹിക്കയും ഉത്സാഹത്തോടും ചിട്ടയോടും അവരെ നയിക്കയും ചെയ്തവരാണ്. റാഹേലും ഇവരുമായുള്ള വ്യത്യാസം ഈ ശ്രേഷ്ഠപിതാക്കന്മർ ചെയ്തത് എല്ലാംതന്നെ യഹോവയായ ദൈവം അവരോടു കല്പിച്ചത് അനുസരിച്ചുമാത്രമായിരുന്നു എന്നതാണ്. എന്നാൽ റാഹേൽ ചെയ്തത് ദൈവത്തിന്റെ മുൻകൂട്ടിയുള്ള കല്പന പ്രകാരം ആയിരുന്നില്ല. ശ്രേഷ്ഠപിതാക്കന്മാർ ത്യാഗസന്നദ്ധരായിരിക്കുമ്പോഴും യഹോവയായ ദൈവം കല്പിച്ചതനുസരിച്ചാണ് അവർ ചെയ്തത്. റാഹേൽ ദൈവത്തിന്റെ മുൻ‌കൂറായുള്ള നിർദ്ദേശങ്ങൾ ഒന്നും ഇല്ലാതെ തന്നെ തന്റെ സഹോദരിയായ ലേയയുടെ ആത്മാഭിമാനം സംരക്ഷിക്കുവാൻ സ്വയം ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം ആണ് ഇങ്ങനെ ചെയ്തത്.

ബേത്‌ലഹേമിന്റെ പാതയോരം പ്രവാസത്തിന്റെയും അസഹനീയമായ ഈറ്റുനോവിന്റെയും വേർപാടിന്റെയും ഒക്കെ നടുവിൽ അത്ഭുതങ്ങൾ നടക്കുന്ന ഒരു സ്ഥലമാണ്. കണ്ണുനീരുണങ്ങാത്ത അമ്മമാരുടെ വേദനയുടെയും മരണത്തിന്റെയും രാജകീയ ശിശുക്കളുടെ ജനനത്തിന്റെയും പാതയോരമാണു ബേത്‌ലഹേം. റാഹേലിന്റെയും മറിയയുടെയും മാത്രമല്ല, മോവാബ്യ സ്ത്രീയായ രൂത്തിന്റെയും കൂടെയാണു ബേത്‌ലഹേം.

യഹൂദ-ക്രിസ്ത്യൻ മതവിശ്വാസങ്ങളെ രൂപപ്പെടുത്തുന്ന മൂന്നു സ്ത്രീകളാണ് റാഹേലും രൂത്തും മറിയവും. പ്രവാ‍സത്തിന്റെയും ദുരന്തങ്ങളുടെയും വേദനകളുടെയും നടുവിൽ മൂന്നു രാജാക്കന്മാർക്ക് ഈറ്റില്ലമായ ബേത്‌ലഹേമിന്റെ രാജകീയ മാതൃത്വങ്ങൾ.

രണ്ടായിരം വർഷങ്ങൾക്കപ്പുറം ബേതലഹേമിൽ യേശുവിന്റെ ജനനത്തിലും രാമയിൽ കേട്ടത് ബാബിലോണിയയിൽ പ്രവാസത്തിലേക്കുപോയ ജനതയുടെ കണ്ണുനീരിന്റെയും വിലാപത്തിന്റെയും ശബ്ദമായിരുന്നു. ഇസ്രായേൽ ഗോത്രങ്ങളുടെ മാതാവായ റാഹേൽ ആ കരച്ചിൽ ദർശനത്തിൽ കേട്ടു.

ബേത്‌ലഹേമിന്റെ പാതയോരം പ്രവാസത്തിന്റെയും കണ്ണുനീരിന്റെയും ചരിത്രം മാത്രമല്ല പറയുന്നത്, അതു കേൾക്കുന്ന യഹോവയായ ദൈവത്തിന്റെയും വിമോചകൻ തന്റെ ജനതയെ വീണ്ടെടുക്കുന്നതിന്റെയും കൂടെയാണ്.

റെജി പി. ജോർജ്ജ്

Read More >>