ശമ്പളം ചോദിച്ചവരെ പുറത്താക്കാന്‍ നീക്കം; ദര്‍ശന ടിവിയില്‍ ജീവനക്കാര്‍ക്കു നേരെ വാളോങ്ങി മാനേജ്‌മെന്റ്

55 ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു മാസമായി ശമ്പളമില്ല. നിയമപരമായി ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മുമ്പ് ഓരോ മാസത്തെയും ശമ്പളം അടുത്തമാസം 20ന് ശേഷമായിരുന്നു നല്‍കി വന്നിരുന്നത്. എന്നാലിപ്പോഴാകട്ടെ ശമ്പളം മൂന്നു മാസത്തെ കുടിശ്ശികയുമുണ്ട്.

ശമ്പളം ചോദിച്ചവരെ പുറത്താക്കാന്‍ നീക്കം; ദര്‍ശന ടിവിയില്‍ ജീവനക്കാര്‍ക്കു നേരെ വാളോങ്ങി മാനേജ്‌മെന്റ്

കോഴിക്കോട്: സത്യധാര കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റ നിയന്ത്രണത്തിലുള്ള ദര്‍ശന ടിവിയില്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് പ്രതികരിച്ച ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള എസ്‌കെഎസ്എസ്ഫിന്റെ ആത്മീയ ചാനലിലെ തൊഴിലാളി പീഡനത്തെക്കുറിച്ച് കഴിഞ്ഞദിവസം നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ജീവനക്കാരുടെ യോഗത്തിലാണ് എതിര്‍ക്കുന്നവരെ പിരിച്ചുവിടാന്‍ തീരുമാനം.

മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, എച്ച് ആര്‍ മാനേജര്‍ ബീന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയനില്‍ പരാതി നല്‍കിയ സീനിയര്‍ കാമറമാന്‍ സാജന്‍ പള്ളൂരിനെ ഉള്‍പ്പെടെ പിരിച്ചുവിടാന്‍ തീരുമാനമായത്. കൂടാതെ മറ്റാരെയൊക്കെ പിരിച്ചുവിടുമെന്ന കാര്യത്തില്‍ മാനേജ്‌മെന്റ് യോഗത്തിലാണ് തീരുമാനമാകുക.

ഇന്നു നടന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് നാരദ ന്യൂസ് വാര്‍ത്തയാണ്. സ്ഥാപനത്തിലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവരെ ഒരു കാരണവശാലും തുടരാൻ  അനുവദിക്കില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ്  സ്വീകരിച്ചത്.

55 ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു മാസമായി ശമ്പളമില്ല. നിയമപരമായി ജീവനക്കാര്‍ക്ക് നല്‍കേണ്ട മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മുമ്പ് ഓരോ മാസത്തെയും ശമ്പളം അടുത്തമാസം 20ന് ശേഷമായിരുന്നു നല്‍കി വന്നിരുന്നത്. എന്നാലിപ്പോഴാകട്ടെ ശമ്പളം മൂന്നു മാസത്തെ കുടിശ്ശികയുമുണ്ട്.

പ്രാദേശിക ചാനലുകളില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് സമാനമാണ് ഇവിടുത്തെ വേതന വ്യവസ്ഥ. പിഎഫ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളൊന്നും തന്നെയില്ല. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്ത ജീവനക്കാരെയാണ് നിര്‍ദാക്ഷണ്യം പിരിച്ചുവിടാന്‍ നീക്കം

ചില ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയാണ് പ്രതികരിക്കുന്നവര്‍ക്ക് നേരെ ദര്‍ശന മാനേജ്‌മെന്റ് വാളോങ്ങുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിലെ കൂട്ട പിരിച്ചുവിടലിന് പിന്നാലെയാണ് ദര്‍ശനയിലും പടയൊരുക്കം.

Read More >>