പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്; പാലക്കാട്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്നത് 150 ലേറെ ക്വാറികള്‍

ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി പടിഞ്ഞാറന്‍ മേഖലകളിലും മുതലമട, ചിറ്റൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളിലും നിരവധി ക്വാറികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്

പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്; പാലക്കാട്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്നത് 150 ലേറെ ക്വാറികള്‍

പാലക്കാട്: ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ് വന്നതോടെ ജില്ലയില്‍ പ്രവര്‍ത്തിയ്ക്കാനാകുക ഒമ്പതു ക്വാറികള്‍ക്ക് മാത്രം. എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ ഉത്തരവും മറ്റെല്ലാ സര്‍ക്കാര്‍ നിയമങ്ങളും ലംഘിച്ച് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നത് നൂറ്റിയമ്പതിലേറെ ക്വാറികള്‍.

ജില്ലയില്‍ 12 വര്‍ഷം വരെ ലീസ് വ്യവസ്ഥയില്‍ ഖനനം നടത്തുന്ന 25 ക്വാറികളില്‍ പാരിസ്ഥിതികാനുമതി ഉള്ളത് ആറെണ്ണത്തിനു മാത്രമാണെന്നാണ് സര്‍ക്കാര്‍ കണക്ക്. കുറഞ്ഞകാല പെര്‍മിറ്റുള്ള ക്വാറികളില്‍ പാരിസ്ഥിതികാനുമതിയുള്ളത് മൂന്നെണ്ണത്തിനും മാത്രമാണ്.  സുപ്രീം കോടതി ഉത്തരവു പ്രകാരം പ്രവര്‍ത്തിക്കാനാവുന്ന ക്വാറികളുടെ എണ്ണം ഇങ്ങിനെ ഒമ്പതാണ് എന്നിരിക്കെ നൂറ്റമ്പതിലേറെ ക്വാറികളാണ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.


അതെ സമയം മറ്റെല്ലാ ലൈസന്‍സ് ഉണ്ടായിട്ടും പുതിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ടി വരുന്ന ക്വാറികളുണ്ട്. ഇവയുടെ പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിയ്‌ക്കേണ്ട ജില്ലാതല അതോറിറ്റി ഇതെവരെ ചേര്‍ന്നിട്ടില്ല. ഉടന്‍ തന്നെ ജില്ലാതല അതോറിറ്റി ചേര്‍ന്ന് അനുമതി നല്‍കിയില്ലെങ്കില്‍ ജില്ലയില്‍ നിര്‍മ്മാണ മേഖല സ്തംഭിക്കുന്ന അവസ്ഥയുണ്ടാവും. അതിലുപരി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

അനുമതി നല്‍കാന്‍ ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റി ചേരുന്നില്ല


കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയാണ്  അനുമതി നല്‍കി വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജൂലായ് മുതല്‍ കലക്ടര്‍ ജില്ലാതല ചെയര്‍മാനായുള്ള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിയ്ക്കാണ് അനുമതി നല്‍കാനുള്ള ചുമതല. എന്നാല്‍ ജില്ലാ കലക്ടര്‍മാരിലേക്ക് ഈ അധികാരം എത്തിയ ശേഷം പാലക്കാട് ഇതിന്റെ യോഗങ്ങളൊന്നും നടന്നിട്ടില്ല. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ലൈസന്‍സും മറ്റും പുതുക്കി നല്‍കുന്നില്ലെന്നതിന് പുറമെ അനധികൃത ക്വാറികള്‍ക്കെതിരെ ജില്ലാ കലക്ട്രേറ്റില്‍ നിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

ജില്ലയില്‍ 150 ഓളം അനധികൃത ക്വാറികള്‍

വിരലിലെണ്ണാവുന്ന ക്വാറികള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് അനധികൃത ക്വാറികളെ കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം മൗനം പാലിക്കുന്ന സ്ഥിതിയാണ്.  ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി പടിഞ്ഞാറന്‍ മേഖലകളിലും മുതലമട, ചിറ്റൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളിലും നിരവധി ക്വാറികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. മലമ്പുഴ, മണ്ണാര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ വനം വകുപ്പിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ പോലും ഇത്തരം ക്വാറികളുണ്ട്. വാണിയംകുളം പാവുക്കോണം, മുതലമട, അമ്പലപ്പാറ തുടങ്ങിയ സ്ഥലത്തെ വന്‍കിട അനധിക്യത ക്വാറികള്‍ക്കെതിരെ നാട്ടുകാര്‍ സമരം തുടങ്ങിയിട്ട് നാളുകളേറെയായി.

ലൈസന്‍സ് കിട്ടുന്നതും മാനദണ്ഡങ്ങള്‍ പാലിക്കാതെ

ഒരു ക്വാറി പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ്, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി, ജിയോളജി, പൊല്യൂഷന്‍,ഫയര്‍ ആന്‍ഡ് സേഫ്റ്റി,എക്‌സ്‌പ്ലോസീവ്, തുടങ്ങിയ ലൈസന്‍സുകള്‍ ആവശ്യമാണ്. പരിസരവാസികളുടെ സമ്മതപത്രം ഉണ്ടെങ്കിലെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ കഴിയൂ. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ എ.ഡി.എം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. കൂടാതെ ലൈസന്‍സ് നല്‍കുന്നതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ എന്നറിയാന്‍ ഒരു പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കണം എന്നൊക്കെ കര്‍ശന വ്യവസ്ഥകള്‍ ഉണ്ട്.

എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ലഭിച്ചവര്‍ ഏറെയുണ്ട്. എഡിഎം സ്ഥലത്ത് വരുന്നതോ പത്രത്തില്‍ പരസ്യംവരുന്നതോ ആരും അറിയാറില്ല. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉണ്ടെങ്കില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരു മാഗസിന്‍ ബോക്‌സ് വേണമെന്ന് നിര്‍ബന്ധമുണ്ട്. ലൈസന്‍സില്‍ പറയുന്ന അത്രയും കിലോഗ്രം സ്‌ഫോടക വസ്തുക്കള്‍ ഈ പെട്ടിയാലാണ് സൂക്ഷിക്കേണ്ടത്. ഒരു സ്‌ഫോടനം ഉണ്ടായാലും അപകടം ഉണ്ടാവാതിരിക്കാനാണിത്. എന്നാല്‍ ഈ ബോക്‌സും ലൈസന്‍സുകള്‍ ഉള്ള ക്വാറികളില്‍ പോലും ഇല്ല.

നിയമ ഭേദഗതി കൊണ്ടും രക്ഷയില്ല

2015 ജനുവരിയില്‍ 1967 ലെ കേരള മൈൻ മിനറല്‍ കണ്‍സക്ഷന്‍ റൂള്‍ ഭേദഗതി ചെയ്ത് ക്വാറികളുടെ ജനവാസ കേന്ദ്രത്തില്‍ നിന്നുള്ള ദൂരപരിധി സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വന്നിരുന്നു. പുതിയ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ജനവാസ മേഖലയില്‍ നിന്ന് ക്വാറികളുടെ ദൂരപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ചാണ് നിയമം വന്നത്. 47 വര്‍ഷത്തിന് ശേഷം ഹൈകോടതി ഇടപ്പെടല്‍ കൊണ്ടാണ് നിയമത്തിന് മാറ്റം വരുത്താന്‍ അന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. 47 വര്‍ഷത്തിന് മുമ്പത്തെ ജനസാന്ദ്രതയുടെ കണക്ക് നോക്കിയാണ് 2015 വരെ ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ചിരുന്നത്. 2015 വരെ ക്വാറികളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം വെറും 50 മീറ്റര്‍ ഉണ്ടാകണമെന്നതായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇത് നൂറ് മീറ്ററാക്കി ഉയര്‍ത്തി.

എന്നാല്‍ ക്വാറികള്‍ ഇപ്പോഴും പഴയ ദൂര പരിധിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇത് 200 എങ്കിലും ആകേണ്ടതാണെങ്കിലും 100 മീറ്റര്‍ എന്നത് പോലും പാലിക്കപ്പെടുന്നില്ല.

കഴിഞ്ഞ വര്‍ഷം ഉണ്ടായത് നാലു മരണങ്ങള്‍.


ജില്ലയില്‍ എന്നല്ല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ ഭൂരിഭാഗവും ജനവാസമേഖലയില്‍ ഉള്ളവയാണ്. അങ്കണവാടി, സ്‌കൂള്‍, മദ്രസ്സ തുടങ്ങി കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്തു വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ മിക്ക ക്വാറികളും ഇവ തമ്മിലുള്ള ദൂരപരിധി 50 മീറ്ററിനുള്ളില്‍ ഉള്ളതു കൂടിയുണ്ട്. ഇത്തരം ക്വാറികള്‍ക്കെതിരെ പരാതിപെട്ടാലും ഒരു നടപടിയും ഉണ്ടാകാറില്ലെന്നതാണ് സത്യം. ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ ഒരു സുരക്ഷയും ഇല്ലാതെ സൂക്ഷിക്കുന്നത് പതിവാണ്. .

ക്വാറികള്‍ക്ക് പഞ്ചായത്തില്‍ നിന്നും മറ്റും ലഭിക്കുന്ന ലൈസന്‍സിലും ഖനന രീതിയെ കുറിച്ച് പറയുന്നുണ്ട്. ഉളി കൊണ്ട് പാറ തുളച്ച് വെടി മരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചെടുക്കാനാണ് നിഷ്‌കര്‍ഷ. എന്നാല്‍ വൈദ്യുതിയും റിമോട്ട് കണ്‍ട്രോള്‍ കൂടി ഉപയോഗിച്ചാണ് പലയിടത്തും ഖനനം. ഇതിന്റെ ശക്തിയില്‍ സമീപത്തെ വീടുകളുടെ ചുമരുകള്‍ക്ക് വിള്ളല്‍ വീണ് തകരുന്ന അവസ്ഥയുണ്ട്. പാറ കഷണങ്ങളും മറ്റും തെറിച്ച് വീണ് പരിസരവാസികളുടെ ജീവന് തന്നെ അപകടം ഉണ്ടാകുന്ന സംഭവങ്ങളും ഉണ്ട്. സുരക്ഷിതമല്ലാത്ത ക്വാറി പ്രവര്‍ത്തനം മൂലം നാലു മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഉണ്ടായി.

Read More >>