ശബരിമലയില്‍ ബിജെപിയുടെ ഇടിച്ചു കയറ്റമില്ല, മരിക്കും വരെ കോണ്‍ഗ്രസ്സുകാരന്‍: പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുറന്നു പറയുന്നു

എരുമേലി വിമാനത്താവളം, ശബരിമലയുടെ പേരുമാറ്റം, ബി.ജെ.പിയിലേയ്ക്ക് ചേക്കേറുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉത്തരം പറയുന്നു. ശബരിമലയില്‍ ബിജെപി ഇടിച്ചു കയറ്റമില്ലെന്നും ബിലിവേഴ്സ് ചര്‍ച്ചിനോട് 100 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡ് വിട്ടു തരണമെന്ന് ആവശ്യപ്പെടുമെന്നും പ്രയാര്‍ പറയുന്നു- അഭിമുഖം വായിക്കാം.

ശബരിമലയില്‍ ബിജെപിയുടെ ഇടിച്ചു കയറ്റമില്ല,  മരിക്കും വരെ കോണ്‍ഗ്രസ്സുകാരന്‍: പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുറന്നു പറയുന്നു

ശബരിമല രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുമല്ലോ ഈ വര്‍ഷവും. എണ്ണത്തില്‍ വന്ന വര്‍ദ്ധനവിന്റെ കണക്ക് ഒന്നു പറയാമോ?

കഴിഞ്ഞ വര്‍ഷം നാല് കോടി ഭക്തജനങ്ങളാണ് ശബരിമലയില്‍ എത്തിയത്. ഈ വര്‍ഷം അതില്‍ നിനും ഒരു പത്തു ശതമാനം അധികം അയ്യപ്പന്മാരെ ദേവസ്വംബോര്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇതിനെ എങ്ങനെ ബാധിക്കും എന്ന് കാത്തിരുന്നു കാണേണ്ടിവരും.


എരുമേലിയില്‍ വിമാനത്താവളം വരാന്‍ പോകുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നുണ്ടോ? ആ വിമാനത്താവളത്തിന് ശബരിമല വിമാനത്താവളം എന്ന പേരിടണമെന്ന ആവശ്യമുണ്ടോ?

വിമാനത്താവളം എങ്ങനെ ആയിരിക്കണം എന്നും എന്തു പേര് നല്‍കണം എന്നുമുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലേ. ദേവസ്വംബോര്‍ഡിനോട് അത് സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെട്ടാല്‍ മതിയെല്ലോ. ഇങ്ങനെയൊരു സംരംഭം ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും

കൂടാതെ ഇവിടെ ദേവസ്വത്തിന്‍റെ അവകാശത്തില്‍ 100 ഏക്കറോളം ഭൂമി ഉണ്ട്. ഇവിടെ ഒരു ഡീംഡ് മെഡിക്കല്‍കോളേജ് വരണം. അതിനുള്ള നടപടികളുമായി ഞങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു പോകുന്നു. പമ്പയിലും സന്നിധാനത്തിലും ഒരാള്‍ അപകടത്തില്‍പ്പെടുകയോ രോഗം മൂര്‍ച്ഛിക്കുകയോ ചെയ്താല്‍ അവരെ കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തിക്കണം എങ്കില്‍ കുറഞ്ഞത്‌ മൂന്നര മണിക്കൂര്‍ എങ്കിലും ആംബുലന്‍സില്‍ തന്നെ യാത്ര ചെയ്യേണ്ടതുണ്ട്. ട്രാഫിക്ക് ഉള്ള സമയമാണെങ്കില്‍ ഇത് 5 മണിക്കൂര്‍ വരെ നീളാം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 185 പേരാണ് ഈ യാത്രയില്‍ മരിച്ചത്.

വിമാനങ്ങള്‍ താഴ്ന്നു പറക്കുമ്പോഴുണ്ടാകുന്ന ശബ്ദശല്യവും യന്ത്രമുരള്‍ച്ചയും ശബരിമലയേയും അയ്യപ്പസ്വാമിയുടെയും അയ്യപ്പന്റെ സംരക്ഷണയിലുള്ള ജീവജാലങ്ങളുടേയും പ്രശാന്തതയെ ബാധിക്കില്ലേ?

ശബരിമലയുടെ 18 പൂങ്കാവനത്തില്‍ എരുമേലി പൂര്‍ണ്ണമായി വരില്ല. നിര്‍ദിഷ്ട വിമാനത്താവളം എന്ന് പറയുന്നത് ചെറുവള്ളി എസ്റ്റേറ്റിലാണ്. അവിടെ റബ്ബര്‍ എസ്റ്റേറ്റാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ ഈ ഉന്നയിച്ച കാര്യങ്ങള്‍ ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെയും പ്രശാന്തതെയും ബാധിക്കും എന്ന് കരുതുന്നില്ല.

എരുമേലി മൂന്നു ജില്ലകളുടെ അതിര്‍ത്തിയാണ്. അവിടെ മതേതര മൂല്യമുള്ള ഒരു ജനതയാണ് ഉള്ളത്. അവിടെ ഉള്ളവര്‍ക്ക് നല്ലൊരു ആശുപത്രി പോലുമില്ല. അതിനാണ് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് കാലാന്തരത്തില്‍ അവിടെ ഡീംഡ് മെഡിക്കല്‍കോളേജ് പണിയാന്‍ പദ്ധതിയിടുന്നത്.

ദേവസ്വത്തിന്‍റെ അവകാശത്തിലെ 100 ഏക്കറോളം ഭൂമി...ഒന്നു വിശദീകരിക്കാമോ?

പണ്ടുക്കാലത്ത് അവിടെ എരുമേലി ക്ഷേത്രത്തിനു 150 ഏക്കറോളം സ്ഥലം ഉണ്ടായിരുന്നു. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നത് എഴുപതു സെന്റിലാണ്, സമീപമുള്ള ഗ്രൗണ്ടും സ്കൂളും പാര്‍ക്കിങ്ങും എല്ലാം കൂടി ചേര്‍ത്തു പതിനാല്‌ ഏക്കര്‍ വരും. 150 ഏക്കര്‍ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ആള്‍ക്കാരോട് ഞങ്ങള്‍ക്ക് 100 ഏക്കര്‍ ഇങ്ങ് തരണം എന്ന് പറയേണ്ടതായ സാഹചര്യമാണ്. ഞങ്ങള്‍ പറയും... പറയാനുള്ള അടിസ്ഥാനം ഉണ്ടായിട്ടുണ്ട്. മുന്‍ എറണാകുളം കളക്ടര്‍ ആയിരുന്ന രാജമാണിക്യം നടത്തിയ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടായിരം ഏക്കര്‍ ഉണ്ടെന്നു വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഞങ്ങളുടെ 100 ഏക്കര്‍ ഞങ്ങള്‍ ആവശ്യപ്പെടും

തീര്‍ത്ഥാടകരുടെ വര്‍ദ്ധനവും അയ്യപ്പന്മാരുടെ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ താങ്കളുടെ കാലയളവിലുണ്ടായ നടപടികള്‍ എന്തെല്ലാമായിരുന്നു?

ഇതില്‍ ഏറ്റവും മുഖ്യമായത് ക്ഷേത്രദര്‍ശനത്തിനുള്ള സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചതാണ്. ഭക്തജനത്തിരക്ക് കുറയ്ക്കാന്‍ 365 ദിവസവും ക്ഷേത്രം തുറക്കണം എന്ന് മുഖ്യമന്ത്രി ഒരു മീറ്റിംഗില്‍ പറഞ്ഞിരുന്നു. ഞാന്‍ ഒക്കത്തില്ല എന്ന് തീര്‍ത്തു പറഞ്ഞു. അത് വലിയ വിമര്‍ശനം ആയി. ഞാന്‍ ഒക്കത്തില്ല എന്ന് പറഞ്ഞത് അഹങ്കാരമാണ് എന്ന് എനിക്ക് തന്നെ അറിയാം. പക്ഷെ അതോടുകൂടി ആ സബ്ജക്റ്റ് അവിടെ നിന്നു.

ഞാന്‍ താടിക്ക് കൈയും കൊടുത്തു ഇരുന്നിരുന്നെങ്കില്‍ ചാനല്‍ ചര്‍ച്ചയായി... എക്സിറ്റ് പോള്‍ ആയി...അങ്ങനെ കാര്യങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങിയേനെ. പക്ഷെ മുഖ്യമന്ത്രി പറഞ്ഞത് വിലപ്പെട്ട ഒരു നിര്‍ദ്ദേശം ആയി അംഗീകരിച്ചു സമൂഹത്തെ അറിയിക്കേണ്ട ഒരു ബാധ്യത എനിക്കുണ്ട്. ആ ബാധ്യത ഞാന്‍ നിര്‍വഹിച്ചു.

തന്ത്രിയുമായി ഞാന്‍ സംസാരിച്ചു. ക്ഷേത്രം എപ്പോള്‍ തുറക്കണം എങ്ങനെ തുറക്കണം കാര്യങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെയെല്ലാം അവസാന വാക്ക് ഉപദേശക സമിതിയോ, ബോര്‍ഡോ സര്‍ക്കാരോ, കോടതിയോ അല്ല, തന്ത്രിയാണ്. അദ്ദേഹത്തിന്റെയും മേല്‍ശാന്തിയുടെയും താല്‍പര്യങ്ങളെ മാനിച്ചു ദര്‍ശനത്തിനുള്ള സമയം പുന:ക്രമീകരിച്ചു

വെളുപ്പിനെ അഞ്ചു മണിക്ക് തുറന്നിരുന്ന ക്ഷേത്രം ഇപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിക്ക് തുറക്കും. നെയ്യഭിഷേകവും ഉച്ചപൂജയും കഴിഞ്ഞു 12 മണിക്ക് ക്ഷേത്രം അടയ്ക്കുമായിരുന്നു, ഇപ്പോള്‍ ഒരു മണിക്കാണ് അടയ്ക്കുന്നത്.
Image result for sabarimala
ഉച്ചതിരിഞ്ഞു അഞ്ചുമണിക്ക് തുറന്നിരുന്ന ക്ഷേത്രം ഇപ്പോള്‍ മൂന്നു മണിക്ക് തുറക്കും. രാത്രി പത്തേകാലിന് ഹരിവരാസനം ചൊല്ലി പതിനഞ്ചു മിനിട്ടിനു ശേഷം നട അടയ്ക്കുമായിരുന്നത് ഇപ്പോള്‍ പത്തേമുക്കാലിനാണ് അടയ്ക്കുന്നത്.

ഇങ്ങനെ ഒരു ദിവസം അഞ്ചു മണിക്കൂറാണ് ദര്‍ശനത്തിനായി ഇപ്പോള്‍ അധികം കിട്ടുന്നത്. അത് ഞങ്ങള്‍ക്ക് വെറുതെ അങ്ങ് തോന്നിയത് പോലെയല്ല, തന്ത്രിയുടെ എഴുതിതന്ന നിര്‍ദ്ദേശത്തിലാണ് ഇങ്ങനെ ചെയ്തത്. ഈ ചിന്തയ്ക്ക് തുടക്കം ഇട്ടത് മറ്റാരുമല്ല, പിണറായി വിജയനാണ്.

കഴിഞ്ഞില്ല, കഴിഞ്ഞ 25 വര്‍ഷക്കാലത്തിനുള്ളില്‍ ഇത്ര ശുദ്ധിയും, വൃത്തിയും ഭക്തതൃപ്തിയും ഉള്ള ഒരു കാലഘട്ടം ശബരിമലയില്‍ ഉണ്ടായിട്ടില്ല. നാലായിരത്തിലധികം പേര്‍ക്കാണ് ദിവസവും ഇവിടെ അന്നദാനം നടത്തുന്നത്. അതും രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണമാണ് ശബരിമലയില്‍ നല്‍കുന്നത്. രണ്ടായിരം പേര്‍ക്ക് ഒരൊറ്റ സമയം തന്നെ ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ ആയിരം പേര്‍ക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഉണ്ട്.

നോട്ട് നിരോധനം വന്നപ്പോള്‍ പമ്പയിലേക്ക് മാത്രമായി 13 എ.റ്റി.എമ്മുകള്‍ തുറന്നു.

ദേവപ്രശ്‌നം നടത്തി അത്തരം ഒരു വിമാനത്താവളം വരുന്നതില്‍ അയ്യപ്പന്റെ സമ്മതം തേടേണ്ടതല്ലേ. അയ്യപ്പന് അനുവാദമില്ലെങ്കില്‍ വിമാനത്തിന്റെ ശബരിമല പ്രവേശനവും തടയേണ്ടതല്ലേ?


ദേവപ്രശ്‌നം വയ്ക്കണമെങ്കില്‍ വയ്ക്കട്ടെ. വേണ്ട എന്ന് പറയുന്നെങ്കില്‍ വേണ്ട! എല്ലാ കാര്യത്തിനും ദേവപ്രശ്നം വയ്ക്കേണ്ടതില്ല. എല്ലാ കാര്യത്തിനും ഒരു ഉദ്ദേശശുദ്ധി ഉണ്ടാകണം.

വ്യക്തിപരമായി എരുമേലിയില്‍ വിമാനത്താവളം വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
ഇസ്ലാമിന് മക്ക പോലെ, ക്രിസ്ത്യാനികള്‍ക്ക് റോം പോലെ ലോകഹൈന്ദവര്‍ക്ക് ഒരു ആഗോളതീര്‍ഥാടനാലയം അല്ലെങ്കില്‍ ഒരു പുണ്യപരിപാലന ദേവാലയം അത്യാവശ്യമാണ്. അത് ശബരിമല അല്ലാതെ മറ്റൊന്നില്ല.

ഹൈന്ദവരുടെ ഐക്യത്തിന് അങ്ങനെയൊന്നു അത്യന്താപേക്ഷികവുമാണ്. മാത്രമല്ല, ശ്രീ അയ്യപ്പന്‍ ഇക്വാലിറ്റിയുടെ ആളാണ്‌. വാവരും കറുപ്പക സ്വാമിയും ശബരിമലയുടെ മതേതരത്വത്തിന്റെ ഉദാഹരണമാണ്.

മറ്റൊന്ന്, ശബരിമല ധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പേര് മാറ്റവുമായി ബന്ധപ്പെട്ടാണ്. സ്ത്രീ പ്രവേശനത്തെ തടയാനാണ് പേരുമാറ്റമെന്ന് വാര്‍ത്തകള്‍ വന്നു. എങ്ങനെ പ്രതികരിക്കുന്നു?

വാര്‍ത്തകള്‍ എന്തുമാകാമെല്ലോ. ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പ ക്ഷേത്രം എന്നാകണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. തന്ത്രിയുടെ അഭിപ്രായം ചോദിക്കേണ്ടപ്പോള്‍ ചോദിച്ചിരിക്കും, ഇതുവരെ അങ്ങനെയൊന്നു എഴുതി വാങ്ങിയിട്ടില്ല.

ലോകവ്യാപകമായി നാല് കോടി ഭക്തജനങ്ങള്‍ എത്തുന്നതില്‍ 98 ശതമാനവും വിളിക്കുന്നത്‌- 'സ്വാമിയേ ശരണം അയ്യപ്പാ' എന്നാണ്, അല്ലാതെ 'സ്വാമിയെ ധര്‍മ്മ ശാസ്താവേ' എന്ന് ആരും വിളിക്കുന്നില്ല.
Image result for prayar gopalakrishnanതിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് ആക്റ്റ് അനുസരിച്ചു ബോര്‍ഡിനു കൈമാറിയ ക്ഷേത്രത്തിന്‍റെ പേര് ശബരിമല എന്ന് മാത്രേയുള്ളൂ. ധര്‍മ്മശാസ്താ ക്ഷേത്രമെന്നോ, ശ്രീ അയ്യപ്പ ക്ഷേത്രമെന്നോ ഇതില്‍ പരാമര്‍ശം ഇല്ല. കാലങ്ങളായി പറഞ്ഞു വരുന്നു, അങ്ങനെയങ്ങ് തുടരുന്നു...

ശബരിമലയില്‍ പോലും 'സ്വാമിയെ ശരണമയ്യപ്പാ' എന്നാണ് കാലങ്ങളായി ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വച്ചിരിക്കുന്നത്. ഇത് ഞങ്ങളാരും എഴുതിയതല്ലെലോ. അയ്യപ്പ ക്ഷേത്രമല്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെ അവിടെ എഴുതി വച്ചിരിക്കുന്നത്?

ത്രേതായുഗത്തിലെ ദേവന്‍ വേണോ കലിയുഗവരദായകന്‍ വേണോ എന്ന് ഭക്തര്‍ നിശ്ചയിക്കട്ടെ. ഇത് ഇപ്പോള്‍ കലിയുഗമാണ്. കൂടുതല്‍ ആളുകള്‍ ശ്രീ അയ്യപ്പനെ ഭജിക്കുന്നു.

'അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍..' എന്നൊരു പാട്ട് ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. അതായത്, അകത്തിരിക്കുന്നത് ശ്രീ അയ്യപ്പന്‍, പുറത്തു നില്‍ക്കുന്നത് അയ്യപ്പന്മാര്‍. ആരാധനാമൂര്‍ത്തിയുടെ പേര് തന്നെ ആരാധകരെ വിളിക്കുന്ന ലോകത്തിലെ ഏക സ്ഥാപനം ഈ ക്ഷേത്രമാണ്.

പേര് മാറ്റുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുമോ?

ആദരണീയനായ മന്നത് പത്മനാഭനും ബഹുമാന്യനായ ആര്‍.ശങ്കറും ചേര്‍ന്നാണ് ഹിന്ദു മഹാമണ്ഡലം ഉണ്ടാക്കിയത്. അതിന്‍റെ തുടര്‍ച്ചയാണ് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ്. 1950 ലെ ആദ്യത്തെ ആക്റ്റാണ് ദേവസ്വം ബോര്‍ഡിന്റേതു. സാധാരണയുള്ള നിയമസഭാ ആക്റ്റിനെക്കാള്‍ പവര്‍ഫുള്‍ ആക്റ്റാണ് ഇത്. ഈ ആക്റ്റ് പ്രകാരം ബോര്‍ഡിനു ഇങ്ങനെ ചില അവകാശങ്ങളും ദേവസ്വംബോര്‍ഡിനുണ്ട് ഞാന്‍ മനസിലാക്കുന്നത്‌.

Image result for sabarimala womens

ഇത് തെറ്റാണ് എന്നുണ്ടെങ്കില്‍ കോടതി ഇത് അങ്ങ് സ്റ്റേ ചെയ്യട്ടെ, വേണ്ട, സര്‍ക്കാര്‍ സ്റ്റേ ചെയ്യട്ടെ. അല്ലെങ്കില്‍ എന്നെ പുറത്താക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യട്ടെ. എനിക്ക് പ്രശ്നമില്ല, ഞാന്‍ അതിനുള്ള ആത്മധൈര്യം കാണിക്കുന്നു.

താങ്കളുടെ രാഷ്ട്രീയ വിശ്വാസം കോണ്‍ഗ്രസാണ്. എന്നാല്‍ ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുന്നതാണ് പല പ്രസ്താവനകളെന്നു വിലയിരുത്തുന്നവരുണ്ട്?

ഒരു അഭിമുഖത്തിനിടയില്‍ 'ആര്‍.എസ്.എസ് ഒരു ഹിന്ദുമത സംഘടനയാണോ?' എന്ന് എന്നോട് ചോദ്യം ഉണ്ടായി. ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ ആയിരുന്നുകൊണ്ട് അല്ലെന്നു പറയാന്‍ എനിക്ക് പറ്റുമോ? ഹിന്ദു സംഘടനയാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഇത് പറഞ്ഞതിന് എനിക്കെതിരെ നടപടി എടുക്കണം എന്ന് ലിജുവും, വി.ടി.ബാലറാമും പറഞ്ഞു. ഞാന്‍ അതിനു മറുപടി പറയാന്‍ പോയില്ല. അവര്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തേക്കാള്‍ വലിയ സ്ഥാനത്തിരുന്നവനാണ് ഞാന്‍. അവരോട് മറുപടി പറയേണ്ട കാര്യം എനിക്കില്ല.

ഒരു കാര്യം കോണ്‍ഗ്രസ്സുകാരും സമ്മതിക്കണം- ശബരിമലയില്‍ അങ്ങനെയൊരു ബിജെപി ഇടിച്ചുകയറ്റം ഇല്ല. അവിടെ ഹൈന്ദവന് വേണ്ടി സംസാരിക്കാന്‍ ദേവസ്വംബോര്‍ഡ് ഉണ്ട്.

ബിജെപിയില്‍ പ്രവേശിക്കാന്‍ ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കുമോ?

ഹിന്ദുത്വം സംസാരിക്കുന്നത് കൊണ്ട് ബി.ജെ.പിയാണെന്ന് പറയാന്‍ കഴിയുമോ? ഞാന്‍ ഒരു ഹൈന്ദവനാണ് എന്ന് പരസ്യമായി പറയാന്‍ എനിക്ക് മടിയില്ല. ഹൈന്ദവമൂല്യങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഞാന്‍ മുറുക്കെപിടിക്കുന്നു.

ഹിന്ദുത്വം ബി.ജെ.പിയുടെ അക്കൗണ്ടില്‍ മാത്രം എഴുതുന്നത്‌ കൊണ്ടാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുന്നത്. ഇതാരുടെയും കുത്തകയല്ല. എന്‍റെ വിശ്വാസം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ്‌ പാര്‍ട്ടി നല്‍കുന്നുണ്ട്.

എന്നെ മുന്നോക്ക സമിതി അധ്യക്ഷനാക്കിയതും എം.എല്‍.എയാക്കിയതും പിന്നീട് സീറ്റ് തരാതിരുന്നതുമെല്ലാം കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണ്. ഇപ്പോള്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ സ്ഥാനവും അങ്ങനെതന്നെ. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് നിങ്ങള്‍ കേള്‍ക്കില്ല.

ഞാന്‍ മരിക്കും വരെ കോണ്‍ഗ്രസ്സുകാരന്‍ തന്നെ ആയിരിക്കും. ഒരു സാധാരണ അംഗത്വം മാത്രം മതി. അതിനപ്പുറം ഒന്നുമില്ലല്ലോ...

കോണ്‍ഗ്രസിനോടും കെപിസിസിയോടും ആലോചിച്ചാണോ ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നത്. പാര്‍ട്ടിയുടെ അനുവാദം വേണ്ടതല്ലേ ആ തീരുമാനങ്ങള്‍ക്ക്?


എന്നെ എന്തിനാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്‌ ആക്കിയത്? എന്‍റെ നേതൃത്വത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളത് കൊണ്ടാണ് പാര്‍ട്ടി അങ്ങനെ ചെയ്തത്. തീരുമാനങ്ങള്‍ എടുക്കാനും അത് വേണ്ടതുപോലെ നടപ്പാക്കാനും എനിക്ക് കഴിയും എന്ന് മില്‍മാ ചെയര്‍മാന്‍ ആയിരുന്നപ്പോഴും, മുന്നോക്ക സമിതി അധ്യക്ഷനായപ്പോഴും തെളിയിച്ചിട്ടുള്ളതാണ്

ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അവരാരും എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ പറഞ്ഞിട്ടുമില്ല. എനിക്കൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ് ഇപ്പോഴുള്ളത്.

പല രാഷ്ട്രീയവിശ്വാസം ഉള്ളവരും ഇപ്പോഴത്തെ ബോര്‍ഡില്‍ ഉണ്ട്. പക്ഷെ ഞങ്ങളുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഇത് ഒരിക്കലും തടസ്സമാകാറില്ല.

ദേവസ്വം പ്രസിഡന്റ് സ്ഥാനത്തിന്റെ കാലയളവു കഴിഞ്ഞാല്‍ എന്തായിരിക്കും താങ്കളുടെ പ്രവര്‍ത്തന മേഖല?

അഹങ്കാരം പറയുകയല്ല, ദീര്‍ഘകാലം സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കാനും ആഗ്രഹിച്ചതുപോലെയും അതിലും അധികവും പദവികള്‍ വഹിക്കാനും എന്നെ ഭഗവാന്‍ അനുവദിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇനിയെന്താണ് പ്രവര്‍ത്തനമേഖല എന്നുള്ളതില്‍ ആശങ്കയില്ല.
ഒരു കാര്യം ഉറപ്പ്- ഇവിടെനിന്നിറങ്ങിയാലും ഞാന്‍ ഇവിടൊക്കെ തന്നെ കാണും.'സ്വാമിയെ ശരണമയ്യപ്പാ!!


Read More >>