പമ്പയില്‍ സ്ത്രീകളുടെ കുളി: സ്വാമി മൊബൈലില്‍ പകര്‍ത്തിയത് കണ്ടെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ബനിയന്‍ പോലെയുള്ള ബോഡി അണ്ടര്‍സ്‌കേര്‍ട്ടും ഇട്ടു 20 വയസിനടുത്തു പ്രായമുള്ള പെണ്‍കുട്ടികള്‍ പമ്പയില്‍ കുളിക്കുന്നതും ഇത് വാ പിളര്‍ന്നു നോക്കി നില്‍ക്കുന്ന കുറെ സ്വാമിമാരുമാണ് ഈ വീഡിയോയില്‍ ഉള്ളത്- താന്‍ കണ്ട വീഡിയോയെ പറ്റി പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാടുകള്‍ തുറന്നു പറയുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.

പമ്പയില്‍ സ്ത്രീകളുടെ കുളി: സ്വാമി മൊബൈലില്‍ പകര്‍ത്തിയത് കണ്ടെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ബാല്യമാണല്ലോ ഒരു മനുഷ്യന്റെ ഭാവിയുടെ തലവര വരയ്ക്കുന്നത്. ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട് കുട്ടിക്കാലത്തെ അനുഭവങ്ങള്‍ എന്തെല്ലാമായിരുന്നു?

പ്രയാര്‍ ഗോപാലകൃഷ്ണന്‍: പരബ്രഹ്മത്തെ നേരില്‍ കണ്ട് ആ പാദങ്ങളില്‍ സാഷ്ടാംഗം വീണു നമസ്‌ക്കരിച്ച ഒരു ബാല്യമുണ്ട് എനിക്ക്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിനടുത്ത് പ്രയാറാണ് എന്റെ ഗ്രാമം. അച്ഛന്‍ എന്നും പുലര്‍ച്ചെ പരബ്രഹ്മത്തെ തൊഴാനായി ക്ഷേത്രത്തില്‍ പോകുന്ന പതിവുണ്ടായിരുന്നു. നേരിട്ട് ദര്‍ശനം ലഭിച്ചിട്ടില്ലെങ്കിലും അഞ്ച് വയസുള്ള എന്റെ മനസ്സില്‍ പരബ്രഹ്മത്തിന് ജീവിച്ചിരിക്കുന്ന ഒരു മനുഷ്യരൂപമുണ്ടായിരുന്നു.


prayar-1

അങ്ങനെയിരിക്കെയാണ് ഓച്ചിറയില്‍ ഹിന്ദുമഹാമത കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടു ലളിത-പത്മിനി-രാഗിണിമാരുടെ നൃത്തം ക്രമീകരിച്ചത്. 25 രൂപ വില വരുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് ഒന്ന് ആരോ അച്ഛനെ പിടിച്ചേല്‍പ്പിച്ചു. ഡാന്‍സ് കാണാന്‍ താല്പര്യമുണ്ടായിരുന്നില്ലെങ്കില്‍ കൂടി കൂടെ ചെന്നാല്‍ പരബ്രഹ്മത്തെ കാണിച്ചു തരാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാനും കൂടെ കൂടി. ടിക്കറ്റ് നിരക്ക് വച്ചു നോക്കിയാല്‍ ഞങ്ങളുടെ സീറ്റ് ഏറ്റവും പുറകില്‍ ആയിരിക്കും. ആളുകള്‍ എത്തിതുടങ്ങിയിരുന്നില്ല, ഞങ്ങള്‍ ആഡിറ്റോറിയത്തിനുള്ളില്‍ കടന്നു ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് ഏറ്റവും മുന്‍നിരയില്‍ മൂന്ന് പേര്‍ ഇരിക്കുന്നത് കാണുന്നത്. അച്ഛന്‍ എന്റെ കയ്യില്‍ പിടിച്ചു അങ്ങോട്ടേയ്ക്ക് നടന്നു. അക്കൂട്ടത്തില്‍ നടുക്കിരിക്കുന്ന ആരോഗ്യദൃഢഗാത്രനായ ആളെ അച്ഛന്‍ ബഹുമാനപുരസരം തൊഴുന്നത് ഞാന്‍ കണ്ടു.

അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്‌ക്കരിക്കുവാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. പരബ്രഹ്മത്തെ കാണിച്ചുതരാം എന്ന് പറഞ്ഞാണെല്ലോ അച്ഛന്‍ എന്നെ കൂട്ടിക്കൊണ്ടു വന്നത്. ഇതായിരിക്കും പരബ്രഹ്മമെന്നു ഞാന്‍ കരുതി. എല്ലാ ആദരവോടും ഭയഭക്തി ബഹുമാനത്തോടും ഞാന്‍ ആ പാദങ്ങളില്‍ നമസ്‌കരിച്ചു. ഇതാരാണ് എന്ന് അറിയാമോ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍, അറിയാം... പരബ്രഹ്മമല്ലെ എന്നായിരുന്നു എന്റെ മറുപടി. ഈ മറുപടി അവിടെ കൂടി ഇരുന്നവരിലെല്ലാം ചിരി ഉണര്‍ത്തി.

prayar-2

'എന്തായാലും ഇന്ന് നീ പരബ്രഹ്മത്തെ കണ്ടതല്ലേ, മുന്‍നിരയില്‍ അങ്ങേയറ്റത്തുള്ള സീറ്റില്‍ തന്നെ ഇരുന്നു ഈ പരിപാടികള്‍ കണ്ടോളു' എന്ന് പരബ്രഹ്മമെന്നു ഞാന്‍ കരുതിയ ആള്‍ പറഞ്ഞു.അങ്ങനെ 'പരബ്രഹ്മാനുഗ്രഹത്താല്‍' ഞാനും അച്ഛനും ഏറ്റവും കുറഞ്ഞ ടിക്കറ്റുമായി മുന്‍നിരയില്‍ ഇരുന്ന് ആ പരിപാടി കണ്ടത് എന്റെ ചെറിയ മനസ്സില്‍ വലിയ സന്തോഷമാണ് അന്നുണ്ടാക്കിയത്.

പിന്നീട് അച്ഛന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് ഞാന്‍ പരബ്രഹ്മമെന്നു കരുതിയത് കുമ്പളത്തു ശങ്കുപിള്ളയായിരുന്നു!

താങ്കളൊരു സ്ത്രീവിരോധിയാണോ?

അമ്മയും, സഹോദരിയും, ഭാര്യയും പെണ്‍മക്കളും ഉള്ള ആളാണ് ഞാന്‍. ഭാരതീയസംസ്‌കാരത്തില്‍ സ്ത്രീകള്‍ നാളിതുവരെ വരെ പരിപാലിക്കുന്ന മൂല്യങ്ങള്‍ കൈമോശം വന്നു പോകരുതെന്ന ആഗ്രഹം എനിക്കുണ്ട്. അത് സ്ത്രീവിരുദ്ധത അല്ലല്ലോ.

ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ടു ആര്‍ത്തവക്കാലത്തെ കുറിച്ചു ഞാന്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍, 'ആര്‍ത്തവം ഒരു ബയോളോജിക്കല്‍ മാറ്റം മാത്രമല്ലേ അച്ഛാ' എന്ന് എന്റെ പെണ്‍മക്കളും ചോദിച്ചിരുന്നു. (അവര്‍ രണ്ടുപേരും ഡോക്ടര്‍മാരുമാണ്) ആര്‍ത്തവം ഒരു ശാരീരികാവസ്ഥ മാത്രല്ലെന്നു ഞാന്‍ പറഞ്ഞില്ല, പക്ഷെ അക്കാലത്ത് സ്ത്രീകള്‍ പാലിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചു നിങ്ങളുടെ മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ പറഞ്ഞുതരും എന്നായിരുന്നു എന്റെ മറുപടി. ഇപ്പോള്‍ പോലും ആര്‍ത്തവക്കാലത്ത് സ്ത്രീകള്‍ വിളക്ക് തെളിക്കാറില്ല. ആര്‍ത്തവകാലം പാപമാണ് എന്ന് ഞാന്‍ പറഞ്ഞില്ല. ചില നിയന്ത്രണങ്ങള്‍ക്കുള്ള കാലമാണ്. അതാണ് നമ്മുടെ പാരമ്പര്യം.

prayar-3

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താങ്കള്‍ എടുക്കുന്ന തീരുമാനങ്ങള്‍ വന്‍വിവാദങ്ങള്‍ക്ക് വഴിതുറന്നല്ലോ?

ഞാന്‍ സ്ത്രീവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത് എന്നാണ് പൊതുവേ വിമര്‍ശിക്കപ്പെടുന്നത്. എന്റെ വിശ്വാസങ്ങള്‍ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കണം എന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നത് കൊണ്ടാണ് ഇത്. സനാതനധര്‍മ്മത്തെയും ഭാരതീയ സംസ്‌കാരത്തെയും നിലനിര്‍ത്തി വിശ്വാസം സംരക്ഷിക്കപ്പെടണം.

ശബരിമലയില്‍ സ്ത്രീപ്രവേശനം നിരോധിച്ചിട്ടില്ല, നിയന്ത്രിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 41 ദിവസത്തെ വൃതം അനുഷ്ഠിക്കാന്‍ പത്ത് വയസ്സിനും 50 വയസ്സിനും ഇടയില്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ഇക്കാലത്ത് അവര്‍ക്ക് ശബരിമല ദര്‍ശനം അനുവദനീയമല്ല.

സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയണം എന്ന പ്രസ്താവനയെ കുറിച്ച്?

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെങ്കില്‍ അപേക്ഷ മാത്രമാണ്. ഇനി ഇത് പറയാനുണ്ടായ സാഹചര്യം വിവരിക്കാം. ദശരഥ ജടായു ബലിതര്‍പ്പണം ഉത്ഘാടനം ചെയ്യാനായി ഞാന്‍ ചെന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ സ്വാമി എന്റെ അടുക്കല്‍ വന്നിട്ട്-'പ്രസിഡന്റദ്ദേഹം ഇതൊന്നു കാണണം...' എന്ന് പറഞ്ഞു കയ്യിലുള്ള മൊബൈലിലെ ക്ലിപ്പിംഗ് എന്നെ കാണിച്ചു.

ബനിയന്‍ പോലെയുള്ള ബോഡി അണ്ടര്‍സ്‌കേര്‍ട്ടും ഇട്ടു 20 വയസിനടുത്തു പ്രായമുള്ള പെണ്‍കുട്ടികള്‍ പമ്പയില്‍ കുളിക്കുന്നതും ഇത് വാ പിളര്‍ന്നു നോക്കി നില്‍ക്കുന്ന കുറെ സ്വാമിമാരുമാണ് ഈ വീഡിയോയില്‍ ഉള്ളത്. ഞാന്‍ ആ യുവാവിനോട് ആ മൊബൈല്‍ വാങ്ങി അതിലെ ഈ വീഡിയോ ഡിലീറ്റ് ചെയ്തു. ആദ്യം അയാള്‍ എന്നോട് എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു.
'സ്വാമി വ്രതമെടുത്തു മല കയറാന്‍ വന്നതല്ലേ, ഈ വീഡിയോ ഇനി വേണ്ട. ചാനലുകാര്‍ ഇപ്പോള്‍ എന്തെങ്കിലും സെന്‍സേഷണല്‍ സബ്ജക്റ്റിനായി ഓടി നടക്കുകയാണ്. അവരുടെ കയ്യില്‍ ഈ വീഡിയോ കിട്ടിയാല്‍ ഈ പെണ്‍കുട്ടികളുടെ ജീവിതം തകരും. എനിക്കും പെണ്‍മക്കളുണ്ട്. നിനക്കും പെങ്ങളുമാരില്ലേ, നാളെ പെണ്‍മക്കളും ഉണ്ടാകും. അതുക്കൊണ്ട് ഇങ്ങനെയുള്ളത് ഒന്നും ഇവിടെ വേണ്ട' എന്ന് പറഞ്ഞു ഞാന്‍ അവനെ പറഞ്ഞുവിട്ടു.

ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ പെണ്‍കുട്ടികളും ഒഴിവാക്കണം. അവര്‍ക്ക് ഈ അയ്യപ്പന്മാരുടെ ഇടയില്‍ നിന്ന് കുളിക്കണം എന്ന് നിര്‍ബന്ധമാണോ? അന്‍പത് വയസ്സോ അതിനു മുകളിലോ ഉള്ള അമ്മമാരും ചേച്ചിമാരും വന്നു കുളിച്ചാലും വലിയ കുഴപ്പമില്ല, ബാക്കി ഏതു പ്രായത്തില്‍ ഉള്ളവരും അയ്യപ്പന്മാര്‍ കുളിച്ചു കയറുന്നിടത്ത് തന്നെ കുളിച്ചാലേ ഒക്കത്തൊള്ളോ?

അയ്യപ്പന്മാര്‍ ഭൂരിഭാഗം പേരും ഒരു ഡ്രോയര്‍ മാത്രമിട്ട് കുളിച്ചു കയറുന്നവര്‍ ആയിരിക്കും. അല്ലെങ്കില്‍ ഉടുത്തിരിക്കുന്ന മുണ്ട് വെള്ളത്തില്‍ തന്നെ ഊരി പിഴിഞ്ഞ് ഉടുത്തു കയറുന്നവര്‍ ആയിരിക്കും. ഇങ്ങനെ ഉള്ളയിടത്ത് സ്ത്രീകള്‍ക്ക് കുളിക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം?

പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് നിയമപരമായി തെറ്റാണ് എന്ന് ഞാന്‍ പറഞ്ഞില്ല. അവരെ പോലീസ് പിടിക്കണം എന്നും പറഞ്ഞില്ല. കുളിക്കണം എന്നുള്ളവര്‍ക്ക് പോയി കുളിക്കാം. അയ്യപ്പന്മാരുടെ വ്രതഭംഗത്തിനു കോട്ടം തട്ടുന്ന ഒന്നും അവിടെ ഉണ്ടാകരുത് എന്ന എന്റെ അഭിപ്രായമാണ് പറഞ്ഞത്. നിയന്ത്രണം ആവശ്യമാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്.

ഈ നിയന്ത്രണങ്ങള്‍ എപ്പോഴും താങ്കളുടെ കാഴ്ചപ്പാടില്‍ സ്ത്രീയ്ക്ക് മാത്രമാണ്. എന്തുകൊണ്ടാണ് അങ്ങനെ?

അതുപിന്നെ പുരുഷന്‍ കുളിച്ചു കയറുന്നത് കാണാനും പടം പിടിക്കാനും ആളുണ്ടാകുമോ? പെണ്‍കുട്ടികള്‍ കുളിച്ചു കയറുമ്പോള്‍ അങ്ങനെയല്ല. ഒരു പ്രായത്തിനു മുകളില്‍ ഉള്ള അമ്മമാരുടേയും സഹോദരിമാരുടേയും കാര്യത്തില്‍ ഈ പ്രശ്‌നമില്ല. ഇതറിയാവുന്നവര്‍ അയ്യപ്പന്മാരുടെ വ്രതശുദ്ധിക്ക് എതിരായി ഒരു നീക്കവും നടത്തില്ല. പമ്പയില്‍ കുളിച്ചു കയറുന്ന സ്ത്രീകള്‍ക്ക് വസ്ത്രം മാറാനായി മൂന്നിടത്ത് അതിനുള്ള മുറികള്‍ ദേവസ്വം ഒരുക്കിയിട്ടുണ്ട്. പമ്പാ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ സൗകര്യത്തിനാണ് ഇത്.സ്വാമിമാര്‍ വ്രതമെടുത്ത് മലകയറുമ്പോള്‍ മൊബൈല്‍ പോലെയുള്ളവ ഒഴിവാക്കണം എന്നും അവര്‍ ആത്മസംയമനം പാലിക്കണം എന്നും പറയാമായിരുന്നില്ലേ?

നടക്കാത്ത കാര്യങ്ങള്‍ പറയുന്ന ഒരു വിഡ്ഢിയല്ല ഞാന്‍, നടപ്പിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കുന്ന ഒരാളാണ്. ശബരിമല എല്ലാ മതവിശ്വാസികളെയും സ്വാഗതം ചെയ്യുന്ന ഒരു ആഗോളഹൈന്ദവ തീര്‍ഥാടനകേന്ദ്രമാണ്. ഇവിടെ അത്തരം നിബന്ധനകള്‍ ഒന്നും വിലപ്പോവില്ല.

(തുടരും)

Read More >>