മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: സുഹൃത്തിനെയും അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്‌തു

ആത്മഹത്യ ചെയ്ത ഉണ്ണികൃഷ്ണന്റെ സുഹൃത്തും ബിസിനസുകാരനുമായ എൽ ജി വിനോദ്, കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ വിനോദ് എന്നിവരെയാണ് ചോദ്യം ചെയ്തത്

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: സുഹൃത്തിനെയും അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്‌തു

കാസർഗോഡ്: മജിസ്‌ട്രേറ്റ് വികെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സുഹൃത്തിനെയും അഭിഭാഷകനെയും ചോദ്യം ചെയ്‌തു. ഉണ്ണികൃഷ്ണന്റെ സുഹൃത്തും ബിസിനസുകാരനുമായ എൽ ജി വിനോദ്, കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ വിനോദ് എന്നിവരെയാണ് വിദ്യാനഗർ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തത്.

കർണാടകയിലെ സുബ്രഹ്മണ്യയിലേക്ക് അനുമതി വാങ്ങാതെ സന്ദർശനം നടത്തിയ മജിസ്‌ട്രേട്ടിനോപ്പം ഇവർ ഇരുവരും ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തത്.


സുബ്രമണ്യയിൽ വച്ച് ഒരു ഓട്ടോ ഡ്രൈവറുമായി കശപിശയുണ്ടാവുകയും മജിസ്‌ട്രേറ്റിനെ കർണാടക പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തിയ മജിസ്‌ട്രേറ്റ് കർണാടക പോലീസ് തന്നെ മർദിക്കുകയും ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്‌തെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. തുടർന്നു സസ്പെൻഷനിലായ മജിസ്‌ട്രേറ്റിനെ ഔദ്യോഗിക വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ആത്മഹത്യയെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ റിസോര്‍ട്ടില്‍ മജിസ്‌ട്രേറ്റിനൊപ്പം സുഹൃത്തുക്കളെക്കൂടാതെ മൂന്നു യുവതികൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Read More >>