ബിജെപിക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; കമലിന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചില്‍ ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പോലീസ്

കമലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ നടത്തിയ പ്രതിഷേധത്തില്‍ ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്നും അതിനാല്‍ അത്തരമൊരു കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്നും പോലീസ് അറിയിച്ചു.

ബിജെപിക്കാര്‍ക്ക് ക്ലീന്‍ചിറ്റ്; കമലിന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചില്‍ ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്ന് പോലീസ്

തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെര്‍മാന്‍ കമലിന്റെ വീടിനു മുന്നിലേക്കു ദേശീയഗാനം പാടി പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി പോലീസ്. കമലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ നടത്തിയ പ്രതിഷേധത്തില്‍ ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്നും അതിനാല്‍ അത്തരമൊരു കുറ്റം ചുമത്തി കേസെടുക്കാനാവില്ലെന്നും പോലീസ് അറിയിച്ചു.

പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ പറയുന്നതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി പ്രതിഷേധത്തില്‍ ഉണ്ടായതായി കണ്ടിട്ടില്ല. അതിനാല്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനു മാത്രമാണ് അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും കൊടുങ്ങല്ലൂര്‍ സി.ഐ ബിജു നാരദാ ന്യൂസിനോടു പറഞ്ഞു. ഇനി സമരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച ശേഷം ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


കമല്‍ ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് ഇന്നലെയാണ് അദ്ദേഹത്തിന്റെ കൊടുങ്ങല്ലൂരിലുള്ള വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ദേശീയഗാനം പാടിക്കൊണ്ടു നടത്തിയ മാര്‍ച്ചില്‍ വഴിവക്കിലിരുന്നും ആലാപനം ആവര്‍ത്തിച്ചു. ഇതോടെ പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി റവല്യൂഷണറി യൂത്ത് നേതാവ് എന്‍എ സഫീറാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതല കൂടി വഹിക്കുന്ന എഎസ്പി മെറിന്‍ ജോസിന് പരാതി നല്‍കിയത്.

മാര്‍ച്ചിന്റെ ഭാഗമായി ദേശീയഗാനം ഉപയോഗിക്കാന്‍ പാടില്ലെന്നും അത് ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതി എഎസ്പി കൊടുങ്ങല്ലൂര്‍ സിഐക്ക് കൈമാറുകയായിരുന്നു.

ചലച്ചിത്രമേളയില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. ദേശീയഗാനത്തെ അവഹേളിക്കുന്നവര്‍ക്ക് കമല്‍ കൂട്ടുനിന്നെന്നാണ് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും ആരോപണം.

Read More >>