എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനു പൊലീസ് മര്‍ദ്ദനം

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനയാത്രക്കാരെ പരിശോധനയുടെ പേരില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുന്ന എസ്‌ഐ പ്രതീഷിനെതിരെ നടപടിയെടുക്കണമെന്നും ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനു പൊലീസ് മര്‍ദ്ദനം

എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ വാഹനപരിശോധനയ്ക്കിടെ തടഞ്ഞു നിര്‍ത്തി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മലയാലപ്പുഴ സബ് ഇന്‍സ്‌പെക്ടറുടെ മര്‍ദ്ദനത്തിനിടരായ ജയകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുമ്പള- വെട്ടൂര്‍ റൂട്ടില്‍വച്ച് ബൈക്കില്‍ വരികയായിരുന്ന തന്നെ വാഹനപരിശോധന നടത്തുകയായിരുന്ന എസ്‌ഐ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് ജയകൃഷ്ണന്‍ നാരദാ ന്യൂസിനോടു പറഞ്ഞത്. പരിശോധനയുടെ ഭാഗമായി തന്നോടു വാഹനത്തിന്റെ ആര്‍സി ബുക്കും മറ്റും ഹാജരാക്കാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. ആ സമയം വാഹനത്തില്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം താന്‍ എസ്‌ഐയെ അറിയിക്കുകയും രേഖകള്‍ സ്‌റ്റേഷനിലെത്തിക്കാമെന്നു പറയുകയും ചെയ്തു. എന്നാല്‍ അതു ചെവിക്കൊള്ളാതെ കയര്‍ത്തു സംസാരിച്ചുവെന്ന പേരില്‍ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു - ജയകൃഷ്ണന്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനയാത്രക്കാരെ പരിശോധനയുടെ പേരില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുന്ന എസ്‌ഐ പ്രതീഷിനെതിരെ നടപടിയെടുക്കണമെന്നും ജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആരോപണങ്ങള്‍ മലയാലപ്പുഴ എസ്‌ഐ പ്രതീഷ് നിഷേധിച്ചു. യുവാവ് ഹെല്‍മറ്റ് വച്ചിരുന്നില്ല. ബൈക്കിനു മിററും ഉണ്ടായിരുന്നില്ല. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. വാഹനത്തിന്റെ രേഖകള്‍ കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് യുവാവില്‍ നിന്നുണ്ടായത് - പ്രതീഷ് നാരദാ ന്യൂസിനോടു പറഞ്ഞു. ജയകൃഷ്ണനെ ഇക്കാര്യത്തില്‍ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.