എന്തോന്ന് ഭിന്നലിംഗ നയം സര്‍? കൊച്ചിയില്‍ വീണ്ടും പൊലീസും മേയറും ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ വേട്ടയാടുന്നു

രാത്രി 11നു ശേഷം ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ റോഡിലുണ്ടാകരുതെന്ന് എസിപിയുടെ ഭീഷണി. ബസിറങ്ങിയ ട്രാന്‍സ് യുവതിയെ രാത്രി മുഴുവന്‍ അനധികൃത തടങ്കലില്‍ വെച്ചു. കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനെ തുരത്താന്‍ ഗൂഢാലോചനയ്ക്ക് പോലീസിനെ പ്രേരിപ്പിച്ച് വനിതാ മേയര്‍.

എന്തോന്ന് ഭിന്നലിംഗ നയം സര്‍? കൊച്ചിയില്‍ വീണ്ടും പൊലീസും മേയറും ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ വേട്ടയാടുന്നു

കൊച്ചിയിലെ വനിതാ മേയറും പോലീസും ചേര്‍ന്ന് ട്രാന്‍സ് ജെന്‍ഡേഴ്സിനു നേരെ വീണ്ടും അക്രമണ പദ്ധതിയിടുന്നതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങി. നഗരത്തിലെ ട്രാന്‍സ് ജെന്‍ഡേഴ്സിനെ 'തുടച്ചു നീക്കാനുള്ള' നീക്കത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദമുണ്ടോ എന്നേ അറിയാനുള്ളു.

[caption id="attachment_65946" align="aligncenter" width="506"] കൊച്ചിയില്‍ പൊലീസ് അക്രമിക്കപ്പെട്ട അയിഷയുടെ ശരീരത്തിലെ മുറിവുകള്‍[/caption]

ട്രാന്‍സ് ജെന്‍ഡേഴിസിനു നേരെ ഭീഷണി മുഴക്കുകയാണ് പൊലീസ്. രാത്രി 11 മണിക്കു ശേഷം യുവതികള്‍ പുറത്തിറങ്ങരുതെന്നും ഇറങ്ങിയാല്‍ കൈകാര്യം ചെയ്യുമെന്നും എസിപി നേരിട്ടാണ് ഭീഷണി മുഴക്കിയത്.
ഈ യുവതികള്‍ക്കു നേരെ ജൂലൈ മാസത്തില്‍ ക്രൂരമായ രണ്ട് അക്രമണങ്ങളാണ് പൊലീസ് നടത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന അയിഷയേയും പൂര്‍ണ്ണയേയും വിവസ്ത്രരാക്കി മര്‍ദ്ദിക്കുകയും അവരും നാഭിയില്‍ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

[caption id="attachment_65935" align="alignright" width="262"] കൊച്ചി മേയര്‍ സൌമിനി ജെയിന്‍[/caption]

ഈ സംഭവത്തിനു തൊട്ടുമുന്‍പ് പരാതി പറയാന്‍ ചെന്ന 11 ട്രാന്‍സ് യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി.

ഈ രണ്ടു സംഭവങ്ങളും ലൈഗികവൈവിധ്യങ്ങളോടുള്ള പോലീസിന്‍റെ ക്രൂരമുഖം വെളിവാക്കി. ഭിന്നലിംഗനീതി ഉറപ്പാക്കി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഇറക്കിയ പ്രസ്ഥാനം കേരളം ഭരിക്കുന്നുവെങ്കിലും കൊച്ചിയിലെ വനിതാ മേയറുടെ ഇച്ഛയ്ക്കനുസരിച്ചാണ് പോലീസിനെ ട്രാന്‍സ് വേട്ട. ഈ വനിത ചുമതലയിലെത്തിയതിനു ശേഷം ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായ ഒരു നടപടിയും എടുത്തിട്ടില്ല. മാത്രമല്ല ഭിന്നലിംഗാവസ്ഥയോട് 'അറപ്പോടെ' പെരുമാറുന്ന മാനസികാവസ്ഥയാണ് ഇവര്‍ക്ക്.

[caption id="attachment_65937" align="aligncenter" width="481"] പൊലീസ് അക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടന്ന കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്[/caption]

രാത്രി കാലങ്ങളില്‍ ട്രാന്‍സ് യുവതികള്‍ നഗരത്തില്‍ കാണപ്പെടുന്നുവെന്നതിനെ പ്രശ്നമെന്ന നിലയില്‍ ഇവര്‍ മലയാള മനോരമയുടെ മെട്രോ പേജില്‍ എഴുതുകയും ചെയ്തു. രാത്രി കാലങ്ങളില്‍ ട്രാന്‍സ് യുവതികളെ നേരില്‍ കാണാന്‍ പെട്രോളിങ് നടത്തിയതായും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഈ കമ്യൂണിറ്റിയോട് സംവദിക്കാന്‍ ഇവര്‍ കൂട്ടാക്കിയിട്ടില്ല.

[caption id="attachment_65948" align="aligncenter" width="466"]
ജൂലൈയിലെ അക്രമണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമുയര്‍ന്നു[/caption]

കെഎസ്ആര്‍ടിസി, ഇരു റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളില്‍ കാണപ്പെടുന്ന ട്രാന്‍സ് യുവതികള്‍ ലൈംഗിക തൊഴില്‍  ചെയ്യുന്നുവെന്നാണത്രേ ഇവരുടെ ശത്രുതയ്ക്ക് കാരണം. തീവണ്ടികളിലെ ഭിക്ഷാടനം, ലൈംഗികത്തൊഴില്‍ എന്നിവയല്ലാതെ മറ്റൊന്നും വരുമാനത്തിനില്ല എന്ന വസ്തുത മറന്നാണ് പോലീസും മേയറും അധികാരമുപയോഗിച്ച് സദാചാരഗുണ്ടായിസം നടത്തുന്നത്.

ട്രാന്‍സ് യുവതികളെ പൊലീസ് അക്രമിച്ചത് കേരളമേറ്റെടുക്കുകയും കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയില്‍ ജോലി നല്‍കുമെന്ന വാഗ്ദാനമുണ്ടായി. പൊലീസ് നടത്തിയ ക്രൂരതയെ മറച്ചു പിടിക്കുക മാത്രമായിരുന്നു ആ ജോലി വാഗ്ദാനത്തിനു പിന്നിലെന്നു വ്യക്തമാവുകയാണ്- ആ വാഗ്ദാനം നല്‍കിയതല്ലാതെ പിന്നീടൊന്നും ഉണ്ടായില്ല.

[caption id="" align="aligncenter" width="478"]tara, transgender, chennai க்கான பட முடிவு പൊലീസിന്‍റെ അപമാനം സഹിക്കാനാവാതെ ചെന്നൈയില്‍ ആത്മാഹൂതി ചെയ്ത താര[/caption]

നൂറോളം ട്രാന്‍സ് യുവതികള്‍ കൊച്ചിയിലുണ്ട്. കേരളം ഭിന്നലിംഗ നയം നടപ്പാക്കിയതിനു ശേഷം മറ്റു സംസ്ഥാനങ്ങളില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ഇവര്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത് ഏറെ പ്രതീക്ഷകളോടെയാണ്.

സ്വന്തം ലൈംഗികാവസ്ഥ തുറന്നു പറഞ്ഞും ലിംഗമാറ്റം നടത്തിയുമെല്ലാം സ്വാഭിമാനം വീണ്ടെടുത്തവരാണ് ഏറെയും. എന്നാല്‍ സാമൂഹ്യമായ പരിഗണനയും ക്ഷേമവും ആവശ്യപ്പെടുന്ന ഈ സമൂഹത്തെ ലൈംഗിക തൊഴിലാളികളെന്നു ചിത്രീകരിച്ച് അക്രമിക്കാനും തുരത്താനുമാണ് പോലീസും മേയറും ശ്രമിക്കുന്നത്.

മേക്കപ്പ്, നൃത്താധ്യാപനം, നൃത്തം തുടങ്ങിയവയ്ക്കായും പഠിക്കാനുമെല്ലാമായി ട്രാന്‍സ് യുവതികള്‍ കൊച്ചിയില്‍ താമസിക്കുന്നത്. ഇവര്‍ക്ക് വീടുകള്‍ വാടകയ്ക്ക് ലഭിക്കാറില്ല. ലോഡ്ജു മുറികളിലാണ് താമസം. ലോഡ്ജുടമകളാവട്ടെ ഇവരെ കൊള്ളയടിക്കുന്ന വാടകയാണ് ഈടാക്കുന്നത്.

ഇവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന തണലൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയധികം അനാഥാലയങ്ങളും സാമൂഹ്യസുരക്ഷാ കേന്ദ്രങ്ങളും ഉണ്ടെങ്കിലും അതേ മാതൃകയിലൊന്ന് ട്രാന്‍സ് യുവതികള്‍ക്കില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സാധ്യമല്ല. ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ സംവിധാനം എര്‍പ്പെടുത്തണമെന്നതടക്കം അനേകം ജീവല്‍പ്രശ്നങ്ങള്‍ ഇവര്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

[caption id="attachment_65938" align="aligncenter" width="462"]
ട്രാന്‍സ് യുവതികള്‍ക്കൊപ്പം മന്ത്രി തോമസ് ഐസക്[/caption]

ഏകെജി സെന്‍ററില്‍ വിളിച്ചു വിരുത്തി ഇവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത കേരള വികസന സെമിനാറിന്‍റെ അധ്യക്ഷനാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. ആ സെമിനാറിന് നേതൃത്വം നല്‍കിയ തോമസ് ഐസക് മന്ത്രിസഭയിലെ പ്രധാനിയുമാണ്- പക്ഷെ, ഇടതു മുന്നണി അധികാരത്തില്‍ വന്ന ശേഷം കൊച്ചിയിലെ ട്രാന്‍സ് യുവതികള്‍ക്ക് പോലീസില്‍ നിന്നും മര്‍ദ്ദനവും മാനസിക പീഡനവുമാണ് ലഭിക്കുന്നത്.

ഭിന്നലൈഗികാവസ്ഥയെ സദാചാരക്കണ്ണിലൂടെ കാണുന്ന കൊച്ചി നഗരത്തിലെ പൊലീസ് ഓഫീസര്‍മാര്‍ക്കും പൊലീസുകാര്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ചെന്നൈയില്‍ താര ആത്മഹത്യ ചെയ്തതിനു തുല്യമായ സംഭവങ്ങള്‍ കൊച്ചിയിലുമുണ്ടാകും.

മേയറുടെ പരാതി മൂലമാണ് തങ്ങളിടപെടുന്നതെന്ന് പോലീസ് പറയുന്നുണ്ട്- കൊച്ചിയിലെ പോലീസ് മേയറുടെ പോലീസാണോ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പോലീസാണോ എന്ന ചോദ്യം ഉയരുകയാണ്.

[caption id="attachment_65940" align="aligncenter" width="464"] അവഹേളനപരമായ വാര്‍ത്തയെഴുതിയ ഫയര്‍ കത്തിക്കുന്ന ട്രാന്‍സ് ജെന്‍ഡേഴ്സ്[/caption]

രാത്രി 11 മണിക്കു ശേഷം ട്രാന്‍സ് യുവതികളെ പുറത്തു കാണരുത് എന്ന എസിപിയുടെ കല്‍പ്പനയ്ക്കു ശേഷമുള്ള ദിവസങ്ങളാണ് ഇനി. കൊച്ചിവിട്ട് പോകണം എന്ന ഭീഷണിയുമുണ്ട്. ഓഫീസറുടെ നിലപാട് ഇതാണെങ്കില്‍ അനുസരിക്കാന്‍ കാത്തു നില്‍ക്കുന്ന കീഴുദ്യോഗസ്ഥര്‍ ട്രാന്‍സ് യുവതികളെ വേട്ടയാടാന്‍ പലമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കള്ളക്കേസില്‍ കുടുക്കുകയാകും ഇതില്‍ പ്രധാനം. കുറ്റവാളികളോടെന്ന വിധം പെരുമാറി മാനസികമായി തകര്‍ത്ത് ട്രാന്‍സിനെ തുരത്തുന്നതിലൂടെ മേയര്‍ ലക്ഷ്യമിടുന്നത് എന്താണ് എന്നേ അറിയേണ്ടതുള്ളു.

എന്തായാലും കേരളത്തില്‍ കൊച്ചിയില്‍ മാത്രം നടക്കുന്ന പ്രത്യേക ട്രാന്‍സ് വേട്ടയുടെ കാരണം അജ്ഞാതമാണ്. ട്രാന്‍സ് പ്രതികളായ കുറ്റകൃത്യങ്ങളുടെ കണക്കു പോലും പോലീസിനില്ല. ലൈംഗിക തൊഴില്‍ ചെയ്യുന്നതിന്‍റെ പേരിലാണ് അക്രമണമെങ്കില്‍, ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യം തടയുന്ന കല്‍പ്പനകളെന്നു പോലീസ് പറയേണ്ടി വരും.

അല്ലെങ്കില്‍ രാത്രി 11 കഴിഞ്ഞ് ട്രാന്‍സ് പുറത്തിറങ്ങരുതെന്ന ഉത്തരവ് പൊലീസ് ഓഫീസറോ മേയറോ സ്ഥാനം വെച്ച് സീലടിച്ച് പ്രദര്‍ശിപ്പിക്കേണ്ടി വരും.

ട്രാന്ർസിനെതിരെ ഒരു അക്രമണം കൂടിയുണ്ടായാല്‍ അതിനു മറുപടി പറയേണ്ടി വരുന്നത് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാകും. ഇതാണോ സര്‍ നിങ്ങളുടെ ഭിന്നലിംഗ നയമെന്ന ചോദ്യത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും.

(വാര്‍ത്തയുടെ ഫീച്ചര്‍ ഇമേജായി നല്‍കിയിരിക്കുന്ന ചിത്രം ചെന്നൈയില്‍ താരയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ നിന്ന്)

Read More >>