കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകിയതിന് സഹോദരന്റെ കോളറില്‍ പിടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം മനുഷ്യാവകാശ ദിനത്തില്‍ ചര്‍ച്ചയാകുന്നു

ശ്മ്ശാനത്തിലേക്ക് കൂട്ടമായി എത്തിയ പോലീസ് സംഘം മൃതദേഹം ഇനിയും ദഹിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ദഹിപ്പിക്കുമെന്നും പറഞ്ഞു. മൃതദേഹം വേഗത്തില്‍ അടക്കംചെയ്യാന്‍ പോലീസ് ധൃതി കാട്ടിയ വേളയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും ഫോട്ടാഗ്രാഫര്‍ പി അഭിജിത്ത് പറഞ്ഞു

കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകിയതിന് സഹോദരന്റെ കോളറില്‍ പിടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം മനുഷ്യാവകാശ ദിനത്തില്‍ ചര്‍ച്ചയാകുന്നുകോഴിക്കോട്: കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്റെ കോളറില്‍ കയറിപ്പിടിക്കുന്ന അസിസ്റ്റന്റ് കമീഷണര്‍ പ്രേംദാസിന്റെ ചിത്രമാണ് മനുഷ്യാവകാശ ദിനത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നോതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കാരത്തിനായി ഇന്നലെ മാവൂര്‍ റോഡ് പൊതുശ്മശാനത്തില്‍ എത്തിച്ചപ്പോഴാണ് സംസ്‌കാരം വൈകുന്നു എന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കുപ്പുദേവരാജിന്റെ സഹോദരന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ചത്. മാധ്യമം ഫോട്ടോഗ്രാഫര്‍ പി അഭിജിത്താണ് ഇത് ക്യാമറയിലേക്ക് പകര്‍ത്തിയത്. എന്നാല്‍ മാധ്യമത്തിന്റെ കോഴിക്കോട് പ്രാദേശിക പേജില്‍ മാത്രമാണ് ചിത്രം അച്ചടിച്ച് വന്നത്. ചിത്രത്തിന്റെ വാര്‍്ത്താ മൂല്യം മനസിലാക്കാതെ കേവലം പ്രാദേശിക പേജിലേക്ക് മാത്രം ചിത്രം ഒതുക്കപ്പെടുകയായിരുന്നു.


ഇന്നലെയാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളിലൊരാളായ കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. എന്നാല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കില്ല എന്ന ഉറപ്പിന്മേലായിരുന്നു വിട്ടു നല്‍കിയത്. മൃതദേഹം ഇന്നലെ തന്നെ കോഴിക്കോട് മാവൂര്‍ റോഡിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു. പത്തു മിനിട്ട് സമയം മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ശ്മശാനത്തില്‍ എത്തിച്ച ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചുള്ളു. ബന്ധുക്കള്‍ക്ക് വന്ന് കാണാന്‍ കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് വഴങ്ങിയില്ല. ശ്മ്ശാനത്തിലേക്ക് കൂട്ടമായി എത്തിയ പോലീസ് സംഘം മൃതദേഹം ഇനിയും ദഹിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ദഹിപ്പിക്കുമെന്നും പറഞ്ഞു. മൃതദേഹം വേഗത്തില്‍ അടക്കംചെയ്യാന്‍ പോലീസ് ധൃതി കാട്ടിയ വേളയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും ഫോട്ടാഗ്രാഫര്‍ പി അഭിജിത്ത് പറഞ്ഞു.

മൃതദേഹങ്ങള്‍ക്ക് നല്‍കേണ്ട ബഹുമാനവും ആദരവും ഒപ്പം ബന്ധുക്കള്‍ക്ക് അവസാനമായി ഒരു ഭൗതിക ശരീരം കാണാനുള്ള മനുഷ്യാവകാശങ്ങളും ഹനിക്കപ്പെട്ടു എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. പൊലീസുകാരന്റെ നടപടി നിയമവ്യവസ്ഥയോടും മനുഷ്യാവകാശങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പലരും അഭിപ്രായപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ഈ ചിത്രം സഹിതം പരാതി നല്‍കുമെന്നും മനുഷ്യാവകാശ ദിനത്തില്‍ പലരും തുറന്നടിച്ചു.
എന്നാല്‍ മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ഇത് വരെ സംസ്‌കരിച്ചിട്ടില്ല. ഈ മാസം 13 വരെ സംസ്‌ക്കരിക്കരുതെന്നാണ് ഹൈക്കോടതിയുടെ അറിയിപ്പ്. മൃതദേഹം ഏറ്റുവാങ്ങാന്‍ അജിതയുടെ ബന്ധുക്കളെ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.

Read More >>