ചോദിച്ച സമയം പിന്നിട്ടു; ഇനിയെന്തെന്ന് മോദി ഇന്നു പറയും; തല്ലുമോ തലോടുമോ?

''പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, അമ്പത് ദിവസമാണ് ഞാന്‍ ചോദിക്കുന്നത്. ഡിസംബര്‍ മുപ്പതിന് ശേഷവും ഈ നടപടി ശരിയല്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ക്കെന്നെ പരസ്യമായി തൂക്കിലേറ്റാം''- നവംബര്‍ 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയില്‍ പറഞ്ഞത്. മോദി പറഞ്ഞ അമ്പത് ദിവസം പിന്നിട്ടു. അമ്പത്തൊന്നാം ദിവസമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തോട് കാര്യങ്ങള്‍ വിശദീകരിക്കും. 7.30നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി രാജ്യം കാത്തിരിക്കുകയാണ്.

ചോദിച്ച സമയം പിന്നിട്ടു; ഇനിയെന്തെന്ന് മോദി ഇന്നു പറയും; തല്ലുമോ തലോടുമോ?

500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട അമ്പത് ദിവസത്തെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നോട്ട് നിരോധനം വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നോട്ട് നിരോധനത്തിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചാകും പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ് കണക്കുകൂട്ടല്‍. നോട്ട് നിരോധനത്തിലൂടെയുണ്ടായ ജനരോഷം കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തിയേക്കും.


ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ജനുവരി ആദ്യവാരം തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ നരേന്ദ്രമോദി നടത്തുമോയെന്ന കാത്തിരിപ്പിലാണ് രാജ്യം. സുപ്രധാന തീരുമാനങ്ങളുണ്ടായാല്‍ ജനുവരി രണ്ടിന് നടക്കുന്ന ലക്‌നൗവിലെ ബിജെപി റാലിയില്‍ അത് വിശദീകരിച്ചുള്ള പ്രസംഗമായിരിക്കും പ്രധാനമന്ത്രി നടത്തുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ മാറ്റങ്ങള്‍ മോദി വിശദീകരിക്കും.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എത്ര കള്ളപ്പണം ബാങ്കുകളിലെത്തിയെന്നതടക്കമുള്ള കണക്കുകള്‍ മോദിയുടെ പ്രസംഗത്തിലുണ്ടാകും. ഇന്നലെ വൈകീട്ടോടെ ഈ കണക്കുകള്‍ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറിയിരുന്നു.

നോട്ട് നിരോധനത്തിന്റെ അടുത്ത ഘട്ടം...

ജനുവരി അവസാനത്തോടെ മാത്രമേ 75 ശതമാനം പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയൂ എന്നാണ് എസ്ബിഐയുടെ വിലയിരുത്തല്‍. അതിനാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തില്ല. സാഹചര്യങ്ങള്‍ സാധാരണഗതിയിലാകാന്‍ ഇനിയും മാസങ്ങളെടുത്തേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 4500 ആയി ഉയര്‍ത്തിയെങ്കിലും ബാങ്കുകള്‍ക്ക് ആവശ്യമായ കറന്‍സി ഇനിയും ലഭിച്ചിട്ടില്ല. ഇത് വീണ്ടും പ്രതിസന്ധി രൂക്ഷമാക്കിയേക്കും.

15.47 ലക്ഷം കോടി രൂപയാണ് നവംബര്‍ എട്ടിന് രാത്രി ഒറ്റയടിയ്ക്ക് പിന്‍വലിച്ചത്. പുതുതായി അച്ചടിച്ചതാകട്ടെ 5.92 ലക്ഷം കോടി രൂപ മാത്രവും. നൂറില്‍ താഴെയുള്ള ചെറുനോട്ടുകളും കണക്കിലെടുത്തല്‍ നിലവില്‍ 9.41 ലക്ഷം കോടി രൂപയാണ് ക്രയവിക്രയത്തിനുപയോഗിക്കുന്നത്. പഴയ സ്ഥിതിയിലേക്ക് മടങ്ങാന്‍ ആവശ്യമായ 8.19 ലക്ഷം കോടി രൂപയില്‍ പകുതിയെങ്കിലും ബാങ്കുകളിലെത്തിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകൂവെന്നാണ് ബാങ്ക് മേധാവികള്‍ പറയുന്നത്.

നോട്ട് ക്ഷാമമടക്കമുള്ള പ്രശ്‌നങ്ങള്‍ ഒറ്റയടിയ്ക്ക് പരിഹരിക്കപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ വലിയ മാറ്റമൊന്നും ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തികവിദഗ്ദരുടെ അഭിപ്രായം. കള്ളപ്പണം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ യുദ്ധത്തിന്റെ അടുത്ത ഘട്ടമായുള്ള ചില പ്രഖ്യാപനങ്ങള്‍ കൂടി നടത്തി ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന സൂചനയും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇന്നുണ്ടാകും.

നോട്ട് നിരോധനത്തിന്റെ അടുത്ത ഘട്ടമായി ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ നിയമമനുസരിച്ച് നിര്‍ദ്ദിഷ്ട പരിധിക്കപ്പുറമുള്ള സ്വത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനായിരിക്കും. 500, 1000 നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന്റെ ബ്രാഞ്ചുകളില്‍ മാത്രമേ ഇനി മാറാന്‍ കഴിയു. ഇക്കാര്യത്തില്‍ ഇനി ഇളവ് നല്‍കുമോ എന്ന് കാത്തിരുന്ന് കാണണം.

പ്രതീക്ഷിക്കപ്പെടുന്ന ജനപ്രിയ പ്രഖ്യാപനങ്ങള്‍

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും, സ്ത്രീകള്‍ക്കും, കര്‍ഷകര്‍ക്കും സഹായങ്ങളും ഇളവുകളും പ്രഖ്യാപിച്ചേക്കും. ഫെബ്രുവരിയിലെ കേന്ദ്രബജറ്റിലായിരിക്കും ഇതിന്റെ തുടര്‍ച്ചയുണ്ടാകുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടര്‍ സൗജന്യമാക്കാനുളള തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. കര്‍ഷകര്‍ക്ക് പലിശ കുറച്ചുള്ള വായ്പ നല്‍കാനും നിസാര കടങ്ങള്‍ എഴുതി തള്ളാനുമുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കപ്പെടുന്നു.

നോട്ട് നിരോധനം ഏറെ ബാധിച്ച ചെറുകിട കച്ചവടക്കാര്‍ക്കുള്ള ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അസംഘടിത മേഖലയിലെ തൊഴിലാളികള്‍, ചെറു സംരംഭകര്‍ തുടങ്ങിയവര്‍ക്കും സഹായം പ്രഖ്യാപിച്ചേക്കും. ക്യാഷ്‌ലെസ്സ് ഇടപാടുകള്‍ക്കും പ്രധാനമന്ത്രി ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. കേന്ദ്ര ബജറ്റിനു മുമ്പുള്ള ചെറുബജറ്റായിരിക്കും ഇന്ന് മോദി നടത്തുകയെന്നാണ് കരുതുന്നത്.

Read More >>