ഭുമിക്കുവേണ്ടി മുഖ്യമന്ത്രിയെ കാണാനെത്തിയ ആദിവാസിയുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായിരുന്നു ആദിവാസി യുവാക്കള്‍ എത്തിയത്. പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

ഭുമിക്കുവേണ്ടി മുഖ്യമന്ത്രിയെ കാണാനെത്തിയ ആദിവാസിയുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

മാവോവാദികളെന്ന് സംശയിച്ച് ആദിവാസി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലംപാലത്ത് 'ഗദ്ദിക -2016'ന്റെ ഉദ്ഘാടനത്തിനെത്തിയ പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര രതീഷ്, മുതലമട രാജു, കൊല്ലങ്കോട് മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഗദ്ദിക പരിപാടിയുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് മുന്‍കരുതല്‍ എന്ന രീതിയിലാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായിരുന്നു ആദിവാസി യുവാക്കള്‍ എത്തിയത്. പട്ടികജാതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപ്രകാരമാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.


എന്നാല്‍ മുഖ്യമന്ത്രി പരിപാടിക്കു എത്തുന്നതിനു മുമ്പുതന്നെ യുവാക്കളെ പോലീസ് ബലമായി ജീപ്പില്‍പിടിച്ചു കയറ്റിക്കൊണ്ടു പോകുകയായിരുന്നു. മുഖ്യമന്ത്രിയെക്കണ്ടു പരാതി പറയാനാണ് തങ്ങള്‍ എത്തിയതെന്നു കരഞ്ഞുപറഞ്ഞിട്ടും പോലീസ് കേട്ടഭാവം കാട്ടിയില്ലെന്ന് ഊരു മൂപ്പന്‍ വേലായുധന്‍ പറഞ്ഞു. ജീപ്പിലേക്കു കയറ്റുന്നതിനിടയില്‍ രതീഷിന്റെ ഉടുമുണ്ട് പോലീസ് അഴിച്ചുകളഞ്ഞതായും മൂപ്പന്‍ പറഞ്ഞു.

നിലമ്പൂരിൽ പോലീസ് വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു  സംശയം തോന്നിയാണ് തങ്ങളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞതായി  രതീഷ് നാരദാ ന്യൂസിനോട് പറഞ്ഞു. കടപ്പാറയില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍  ഭൂമി അനുവദിച്ചിട്ടും അത്  കൊടുക്കാത്തത് സംബന്ധിച്ച്   മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നു. ഈ നിവേദനം മുഖ്യമന്ത്രിയുടെ കയ്യില്‍ എത്തരുതെന്ന് ആഗ്രഹിച്ച ചിലരാണ് അറസ്റ്റിനു പിന്നിലെന്നും രതീഷ് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ആദിവാസികള്‍ കരിങ്കൊടി കാണിക്കാനും  നോട്ടീസ് വിതരണം ചെയ്യാനും സാധ്യതയുണ്ടെന്ന സംശയത്തില്‍ മുന്‍കരുതലായിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പോലീസ് വിശദീകരണം

സംഭവം പുറത്തറിഞ്ഞതോടെ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ പോലീസ് സ്‌റ്റേഷനിലെത്തുകയും സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിക്കുകയുമായിരുന്നു. പ്രതിഷേധം കനത്തതോടെ രാത്രിയോടെ യുവാക്കളെ പോലീസ് വിട്ടയക്കുകയായിരുന്നു.

കടപ്പാറയില്‍ 14.67 ഏക്കര്‍ ഭൂമി 22 ആദിവാസി കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി 364 സര്‍വ്വെക്കല്ലും ഇറക്കിയിരുന്നു. എന്നാല്‍ വനഭൂമി കൊടുക്കാനാവില്ലെന്ന് പറഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഇത് അനിശ്ചിതാവസ്ഥയില്‍ ആയിരിക്കുകയാണ്. ഭൂമി പതിച്ചു കിട്ടണമെന്ന ആവശ്യവുമായി ഈ വര്‍ഷം ജനുവരി 15 മുതല്‍ ആദിവാസികള്‍ സമരം നടത്തി വരികയാണ്.

Read More >>