പൊലീസ് ഭരണം: പിണറായിക്കെതിരെ സിപിഐഎമ്മിൽ കടുത്ത അമർഷം

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും രാജ്യദ്രോഹക്കുറ്റം വിവേചനരഹിതമായി ചുമത്തുന്നതിനെതിരെയും പാർടി സ്വീകരിച്ച ശക്തമായ നിലപാടുകളെ കേരളത്തിലെ പൊലീസ് ഭരണം നിർവീര്യമാക്കുന്നുവെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. പൊലീസിനെ ഇപ്രകാരമല്ല കൈകാര്യം ചെയ്യേണ്ടത് എന്ന ശക്തമായ അഭിപ്രായം മുൻ ആഭ്യന്തര മന്ത്രി കൂടിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകടിപ്പിച്ചുവെന്നാണു വിവരം.

പൊലീസ് ഭരണം: പിണറായിക്കെതിരെ സിപിഐഎമ്മിൽ കടുത്ത അമർഷം

തിരുവനന്തപുരം : പിണറായി വിജയന്റെ പൊലീസ് ഭരണത്തിൽ സിപിഐഎം ദേശീയ സംസ്ഥാന നേതൃത്വങ്ങളിൽ ഒരുപോലെ അസംതൃപ്തി പടരുന്നു. സംസ്ഥാനത്ത് വ്യാപകമാകുന്ന പൊലീസ് അതിക്രമങ്ങളിലുള്ള അസ്വസ്ഥത ദേശീയ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എഴുത്തുകാരെ പൊലീസ് വേട്ടയാടുന്നു എന്ന പ്രചരണം ശക്തിപ്പെടുന്നതും ദേശീയ നേതാക്കളെയാണ് പ്രതിരോധത്തിലാക്കുന്നത്.  നിസാരമായ പ്രശ്നങ്ങളെ പൊലീസ് വഷളാക്കുമ്പോൾ നിയന്ത്രിക്കാൻ ആരുമില്ല എന്ന അവസ്ഥയാണ് സംസ്ഥാനത്തു നിലനിൽക്കുന്നതെന്നും പാർടി വിലയിരുത്തുന്നു.


ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും രാജ്യദ്രോഹക്കുറ്റം വിവേചനരഹിതമായി ചുമത്തുന്നതിനെതിരെയും പാർടി സ്വീകരിച്ച ശക്തമായ നിലപാടുകളെ കേരളത്തിലെ പൊലീസ് ഭരണം നിർവീര്യമാക്കുന്നുവെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. പൊലീസിനെ ഇപ്രകാരമല്ല കൈകാര്യം ചെയ്യേണ്ടത് എന്ന ശക്തമായ അഭിപ്രായം മുൻ ആഭ്യന്തര മന്ത്രി കൂടിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകടിപ്പിച്ചുവെന്നാണു വിവരം. ഒന്നും ആരോടും കൂടിയാലോചിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.

പിണറായി വിജയൻ സംസ്ഥാന ഭരണം ഉദ്യോഗസ്ഥർക്ക് അടിയറ വച്ചുവെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസിലും രാഷ്ട്രീയമായി നിയമിക്കപ്പെട്ടവരേക്കാൾ ഉദ്യോഗസ്ഥർക്കാണു മേധാവിത്തം. പൊലീസിലും പ്രതിഫലിക്കുന്നത് ഈ അവസ്ഥയാണ് എന്നു തുറന്നടിക്കുന്നവർ ഏറെയാണ്. പൊതുവെ ഭരണത്തിലെവിടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിയന്ത്രണം ദൃശ്യമല്ല.

കഴിഞ്ഞ ദിവസം കമൽ സി ചവറയ്ക്കെതിരെയുള്ള പൊലീസ് നടപടി സോഷ്യൽ മീഡിയയിൽ കടുത്ത വിമർശം ഏറ്റു വാങ്ങിയിരുന്നു. മലയാളത്തിലെ മുൻനിര എഴുത്തുകാരനെതിരെ "പിണറായി വിജയന്റെ പൊലീസ്" രാജ്യദ്രോഹക്കുറ്റം ചുമത്തി എന്ന നിലയിലാണ് രാജ്യതലസ്ഥാനത്തു പ്രചാരണം ശക്തിപ്പെട്ടത്. അവഗണിക്കേണ്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിനു മേൽ ഇത്തരമൊരു പൊലീസ് നടപടിയുടെ പ്രത്യാഘാതം മനസിലാക്കി ഇടപെടുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയപ്പെട്ടു എന്നാണു ശക്തിപ്പെടുന്ന വിമർശനം.

Read More >>