ഇന്ധനവില വര്‍ധന: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകള്‍

രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ബസ് സമരവുമായി മുന്നോട്ടുപോവാനാണ് ഉടമകളുടെ തീരുമാനം.

ഇന്ധനവില വര്‍ധന: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകള്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തും.

ഈ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ബസ് സമരവുമായി മുന്നോട്ടുപോവാനാണ് ഉടമകളുടെ തീരുമാനം. മൂന്നു വര്‍ഷമായി ഡീസല്‍ വിലയില്‍ ആറു രൂപയിലധികമാണ് വര്‍ധിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ കേരളത്തില്‍ ബസ് ചാര്‍ജില്‍ വര്‍ധനവുണ്ടായിട്ടില്ല. മാത്രമല്ല, ജീവനക്കാരുടെ ശമ്പളം, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയിലുണ്ടായ വില വര്‍ധനവും ബസുടമകള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണെന്നും കോ ഓര്‍ഡിനേഷന്‍ കമ്മറ്റി പറയുന്നു.


രണ്ടാഴ്ചക്കിടെ 40 ശതമാനം യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. നോട്ടുപ്രതിസന്ധിക്കു ശേഷം ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണു കൂടുതലായി യാത്ര ചെയ്യുന്നതെന്നും അതിനാല്‍ അവരുടേയും യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. മിനിമം ചാര്‍ജ് ഒന്‍പത് രുപയാക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുക, മറ്റു കിലോ മീറ്റര്‍ നിരക്ക് 70 പൈസയാക്കുക എന്നിവയാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.