സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്ത അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ തെറ്റുകളും കുറവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിജയകരമാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും അഭിഭാഷകരുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയമ ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്ന അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയാത്ത അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ ഇന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തില്‍ സംസാരിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ തെറ്റുകളും കുറവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിജയകരമാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും അഭിഭാഷകരുടെ പങ്ക് സുപ്രധാനമാണ്. അവരുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വീഴ്ച്ച സര്‍ക്കാരിന്റെ വീഴ്ച്ചയായി മാറും.


കേസുകളുടെ ഫലപ്രദമായ നടത്തിപ്പില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കാലതാമസമില്ലാതെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കേസിലെ ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാനും വാദമുഖങ്ങള്‍ അവതരിപ്പിക്കാനും വിവരങ്ങള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഇതിലെവിടെയെങ്കിലും കാലതാമസമോ അലസതയോ ഉണ്ടാകുന്നത് ഗുരുതരമായ കൃത്യവിലോപമാകും. വകുപ്പുകളും ഉദ്യോഗസ്ഥരും വരുത്തുന്ന വീഴ്ച്ചകള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ ബാധിക്കും. തക്കസമയത്ത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ഇതിനു പരിഹാരാം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തില്‍ 122 ലോ ഓഫീസര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭൂമിയും സമ്പത്തും അനധികൃതമായി തട്ടിയെടുക്കാനുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരെ പറ്റി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു വഴിവെക്കാത്ത രീതിയില്‍ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതിലയലക്ഷ്യ കേസുകള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>