വിഷപ്പുക തുപ്പുന്ന കൊലയാളി ഫാക്ടറികൾക്ക് അധികൃതർ കൂട്ട്: നേരിടാനുറച്ചു പുതുശ്ശേരിക്കാർ

അധികൃതരുടെ മൗനസമ്മതത്തോടെ വിഷപ്പുക തള്ളുന്ന ഇരുമ്പുരുക്ക് ഫാക്ടറിക്കെതിരെ ജനങ്ങൾക്ക് തുണ ജനങ്ങൾ മാത്രം. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പുതുശ്ശേരി പഞ്ചായത്തിൽ ജനങ്ങൾ നടത്തുന്ന പ്രതിരോധത്തെക്കുറിച്ച്.

വിഷപ്പുക തുപ്പുന്ന കൊലയാളി ഫാക്ടറികൾക്ക് അധികൃതർ കൂട്ട്: നേരിടാനുറച്ചു പുതുശ്ശേരിക്കാർ

പാലക്കാട്: സ്റ്റോപ്പ് മെമ്മോയും ഷോക്കോസ് നോട്ടീസുമെല്ലാം നല്‍കിയിട്ടും ജനങ്ങളെ വെല്ലുവിളിച്ച് പരിസ്ഥിതി നശീകരണം തുടരുകയാണ് പുതുശ്ശേരി പഞ്ചായത്തിലെ ഇരുമ്പുരുക്ക് കമ്പനികൾ. പാലക്കാട് ജില്ലയിൽ ഏറ്റവുമധികം ക്യാൻസർ രോഗികളുള്ള പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ മൗനാനുവാദത്തോടെയാണ് ക്രമപ്രകാരമുള്ള ലൈസൻസ് പോലുമില്ലാത്ത ഈ കമ്പനികൾ വിഷപ്പുക തുപ്പിക്കൊണ്ടിരിക്കുന്നത്. സിപിഐഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ചാഞ്ചാട്ട നിലപാടെടുക്കുമ്പോൾ കക്ഷിഭേദമില്ലാതെ ഒരുമിച്ച് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ജനങ്ങൾ.


പഞ്ചായത്തില്‍ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രീകോട്ട് കോളനിയിലാണ് പാരഗണ്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എം.എം. റീ റോളിങ് (പ്രൈവറ്റ് ലിമിറ്റഡ് ) കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എസ്.എം.എം എന്ന കമ്പനിക്ക് പേരിനുപോലും ലൈസന്‍സ് ഇല്ല. പാരഗണിനാണെങ്കില്‍ പഞ്ചായത്ത് ലൈസന്‍സ് ഉണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം ഉണ്ടെങ്കിലേ പഞ്ചായത്തിന് ലൈസന്‍സ് അനുവദിക്കാന്‍ കഴിയൂ. എന്നിട്ടും പാരഗൺ കമ്പനി ലൈസൻസ് നേടിയതിൽ ആരോഗ്യവകുപ്പും ചേർന്നുള്ള കള്ളക്കളി വ്യക്തമാണ്.


വിഷപ്പുക തള്ളുന്നത് രാത്രികളിൽ;
പ്രതിഷേധമൊതുക്കാൻ ഉപായം


രണ്ടു പേരിലാണെങ്കിലും ഒരേ മാനേജ്‌മെന്റിനു കീഴിലുള്ളവയാണ് ഈ രണ്ടു കമ്പനികളും. വൻതോതിലുള്ള വിഷപ്പുകയാണ് കമ്പനികളില്‍ നിന്നു പുറത്തു വരുന്നത്. വായുവില്‍ കലരുന്ന പുക നാലഞ്ചു കിലോമീറ്റര്‍ വരെ ദൂരത്തേക്ക് വ്യാപിക്കുന്നതായാണ് നാട്ടുകാർക്ക് അനുഭവം.. മലിനീകരണ നിയന്ത്രണ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പുക കുറയ്ക്കുകയെന്ന അടിസ്ഥാനപരമായ നിയന്ത്രണ സംവിധാനം പോലും ഏർപ്പെടുത്താതെ ഔദ്ധത്യത്തോടെ പരിസ്ഥിതി നശീകരണം തുടരുകയാണിവ. പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാവുമെന്ന തോന്നലിൽ രാത്രികാലം നോക്കിയാണിവ വിഷപ്പുക പുറന്തള്ളുന്നത്.


ആരോഗ്യ വകുപ്പിന് എല്ലാമറിയാം;
ഇടപെടില്ലെന്ന് നിർബന്ധബുദ്ധി


ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പുതുശേരി പഞ്ചായത്ത് രണ്ടു കമ്പനികള്‍ക്കും സ്റ്റോപ്പ് മെമ്മോയും ഷോക്കോസ് നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയിരിക്കുകയാണ് കമ്പനികൾ. പെട്ടിക്കട നടത്താന്‍ പോലും ആരോഗ്യവകുപ്പില്‍ നിന്ന് അനുമതി വേണമെന്നിരിക്കെയാണ് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള പ്രദേശത്ത് ഈ കമ്പനികള്‍ നിർബാധം പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പില്‍നിന്ന് പ്രവര്‍ത്തനാനുമതി ലഭിക്കാതെയാണിതെന്ന് വ്യക്തം. എന്നാൽ കമ്പനികളുടെ പ്രവർത്തനം തടയാൻ ആരോഗ്യവകുപ്പിൽ നിന്ന് കാര്യക്ഷമമായ ഒരിടപെടലുമില്ല.


കുടിശ്ശിക ലക്ഷങ്ങൾ കവിഞ്ഞിട്ടും
വൈദ്യുതിക്ക് ഒരു പഞ്ഞവുമില്ല


അധികൃതരുടെ മൗനസമ്മതം വ്യക്തമാക്കുന്നതാണ് കമ്പനികളോട് വൈദ്യുതി വകുപ്പ് എടുക്കുന്ന മൃദുസമീപനവും. വൻതുക വൈദ്യുതി കുടിശിക വരുത്തിയിട്ടും വൈദ്യുതി വകുപ്പ് ഈ കമ്പനികൾക്കുനേരെ തിരിഞ്ഞുനോക്കിയിട്ടില്ല.


എസ് എം എം സ്റ്റീല്‍ എന്ന ഇരുമ്പുരുക്ക് കമ്പനി ഇക്കഴിഞ്ഞ 30.9.2016 വരെ വൈദ്യുതി തുക ഇനത്തില്‍ അടയ്ക്കാനുള്ളത് 42,6291972 കോടി രൂപയാണ്. കറണ്ട് ചാര്‍ജ് ഇനത്തില്‍ 10,804550 കോടി രൂപയും 31,824643 കോടി രൂപ അതിന്റെ 30.9.16 വരെ അടക്കാനുള്ള പലിശ തുകയും ഇവർ അടയ്ക്കാനുണ്ട്. പ്രതിമാസം ഏകദേശം 6,97830 യൂണിറ്റ് വൈദ്യുതി ഈ കമ്പനി ഉപയോഗിക്കുന്നുണ്ട്. നോര്‍മല്‍ സമയങ്ങളില്‍ യൂണിറ്റിന് 5.20 രൂപയും പീക്ക് അവറില്‍ യൂണിറ്റിന് 7.80 രൂപയും ഓഫ് പീക്ക് അവറില്‍ 3.9 രൂപയുമാണ് വൈദ്യുതി ബോര്‍ഡ് ചാര്‍ജ് കണക്കാക്കുന്നത്. എന്നാല്‍ ഈ കമ്പനികളില്‍ നിന്ന് വര്‍ഷങ്ങളായി ഈനിരക്കിൽ ചാര്‍ജ് ഈടാക്കുന്നില്ല.


പ്രതിരോധത്തിന് ഒന്നര വർഷം തികഞ്ഞു;
പുതിയ സമര രീതികളിലേക്ക്


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതലാണ് ഇരുമ്പുരുക്ക് കമ്പനികള്‍ക്കെതിരെ ജനങ്ങള്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. ബോധവല്‍ക്കരണ ക്ലാസ്സുകള്‍, വായ മൂടിക്കെട്ടി സമരം, കിണ്ണം കൊട്ടി സമരം, ഇരകളുടെ പാര്‍ലിമെന്റ്, കലക്ട്രേറ്റ് മാര്‍ച്ച് തുടങ്ങി വിവിധങ്ങളായ സമരരൂപങ്ങളാണ് പരിസ്ഥിതി സംരക്ഷണസമിതി ഇതിനകം പുറത്തെടുത്തത്.


സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കമ്പനിക്കെതിരെ ഡിസംബര്‍ അഞ്ചിന് സമരം നടത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ പതിനൊന്നാം മണിക്കൂറിലും പാർട്ടി അക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ആ നിലക്ക് ഇനിയാ സമരം നടക്കുമോയെന്ന് ഒരു തീർച്ചയുമില്ല.


രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം അലംഭാവങ്ങൾക്കിടയിലാണ്
ജനങ്ങൾ കക്ഷിരാഷ്ട്രീയം മാറ്റിവച്ച് പൊതുനന്മക്കായി ഐക്യപ്പെടുന്നത്. കമ്പനികള്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത് കഴിഞ്ഞദിവസം സര്‍വ്വമത പ്രാര്‍ത്ഥന നടന്നു.

Read More >>