വല്ലാര്‍പാടം വഞ്ചിച്ച മനുഷ്യര്‍ പറയും; വികസനത്തിനു വീടൊഴിഞ്ഞു കൊടുക്കുന്നവരേ... സര്‍ക്കാര്‍ നിങ്ങളെ പറ്റിക്കും എന്നതിന് 316 തെളിവു തരാം

വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതിയ്ക്കു വേണ്ടി 2008 ലാണ് എറണാകുളം ജില്ലയിലെ ഏഴു വില്ലേജുകളില്‍ നിന്നു 316 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. നഷ്ടപരിഹാരത്തുക, പകരം ഭൂമി, ജോലി എന്നിങ്ങനെയായിരുന്നു കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ വാഗ്ദാനം. തുച്ഛമായ നഷ്ടപരിഹാരത്തുകയാണു ഭൂരിഭാഗത്തിനും ലഭിച്ചത്. പകരം കിട്ടിയ ഭൂമിയാകട്ടെ, ചതുപ്പു നിലവും പുഴപുറമ്പോക്കും. 40 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതു വരെ ഈ ഭൂമിയില്‍ വീടു വയ്ക്കാനായത്. നിര്‍മ്മിച്ച വീടുകള്‍ ചെരിഞ്ഞു തുടങ്ങി. വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വീണ്ടും സമരത്തിനിറങ്ങേണ്ട ഗതികേടിലാണു കുടിയൊഴിപ്പിക്കപ്പെട്ടവര്‍.

വല്ലാര്‍പാടം വഞ്ചിച്ച മനുഷ്യര്‍ പറയും; വികസനത്തിനു വീടൊഴിഞ്ഞു കൊടുക്കുന്നവരേ... സര്‍ക്കാര്‍ നിങ്ങളെ പറ്റിക്കും എന്നതിന് 316 തെളിവു തരാം

ഒമ്പതു വര്‍ഷം പിന്നിട്ടിട്ടും കയറിക്കിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ ദുരിതത്തിലാണു വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍. കണ്ടെയ്‌നര്‍ റോഡിനായും റെയില്‍വേയ്ക്ക് വേണ്ടിയും 316 കുടുംബങ്ങളെയാണ് ഏഴു വില്ലേജുകളില്‍ നിന്നു കുടിയൊഴിപ്പിച്ചത്. വീടു വയ്ക്കാന്‍ പകരം ഭൂമി അനുവദിച്ചെങ്കിലും 40 കുടുംബങ്ങള്‍ മാത്രമാണ് ഇതുവരെ  പണി പൂര്‍ത്തിയാക്കി താമസം ആരംഭിച്ചത്. ഇരുന്നൂറ്റിഅമ്പതിലേറെ വരുന്ന വീട്ടുകാര്‍ ഇപ്പോഴും വാടകവീടുകളിലും മറ്റും കഴിയുകയാണ്.


പദ്ധതിപ്രദേശത്ത് അഞ്ചു സെന്റ് വരെ ഭൂമിയുണ്ടായിരുന്നവര്‍ക്ക് നാലു മുതല്‍ അഞ്ചു സെന്റ് വരെയും അതിനു മുകളിലുള്ളവര്‍ക്ക് അഞ്ചു സെന്റ് ഭൂമിയുമാണ് പകരം പതിച്ചു നല്‍കിയത്. ഇതില്‍ തൈക്കാവ് ഒഴികെയുള്ള സ്ഥലങ്ങളില്‍ പുഴപുറമ്പോക്ക് ഭൂമി നികത്തിയെടുത്തതാണ് പട്ടയം നല്‍കിയത്. പതിച്ചു നല്‍കിയ ഭൂമിയില്‍ ചിലതു വെള്ളം കയറി പുഴയുടെ ഭാഗം തന്നെയായി മാറി. രണ്ടു നില കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുന്ന എ ക്ലാസ് ഭൂമി വിതരണം ചെയ്യാനാണ് ഹൈക്കോടതി നിര്‍ദ്ദേശമെങ്കിലും തട്ടിക്കൂട്ടിയെടുത്ത ഭൂമി നല്‍കി സര്‍ക്കാര്‍ തടിതപ്പി.

[caption id="attachment_69856" align="aligncenter" width="700"] കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നൽകിയ പ്ലോട്ടുകളുടെ എണ്ണവും, നിർമ്മിച്ച വീടുകളും[/caption]


ബാങ്ക് ലോണില്ല, വീടു പണിയാന്‍ അനുവാദവുമില്ല


പട്ടയം നല്‍കിയ ഭൂമി 25 വര്‍ഷത്തേയ്ക്കു കൈമാറ്റം ചെയ്യരുതെന്നാണു വ്യവസ്ഥ. അതിനാല്‍ ഈ ഭൂമിയ്ക്കു ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ലെന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞു. വീടു നിര്‍മ്മിക്കാന്‍ സ്വന്തമായി പണം മുടക്കാന്‍ കഴിയാത്തവരാണു കുടിയൊഴിപ്പിക്കപ്പെട്ടവരിലധികവും.

ഭൂമി വിതരണം നടത്തിയ പ്രദേശങ്ങള്‍ മിക്കതും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ വീടു നിര്‍മ്മാണത്തിനുള്ള സാങ്കേതിക കുരുക്കും വില്ലനാകുന്നു. ഇതില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടു കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. വിതരണം ചെയ്ത ഭൂമിയില്‍ 30 ശതമാനം കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കാമെന്നും ഏഴു മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പാടില്ലെന്നുമുള്ള നിബന്ധനകളോടെ സംസ്ഥാന സര്‍ക്കാര്‍ ഇളവനുവദിച്ചു. എന്നാല്‍ ജില്ലാ കളക്ടറും, വില്ലേജ് അധികാരികളും വീടു നിര്‍മ്മാണം പാടില്ലെന്ന നിലപാടിലായിരുന്നു.

[caption id="attachment_69857" align="aligncenter" width="698"] മൂലമ്പിള്ളിയിലെ സമരത്തിനു പിന്തുണയുമായി എഴുത്തുകാരി മഹേശ്വതാ ദേവി എത്തിയപ്പോൾ[/caption]

ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയ്ക്കാണു പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല. ഷേക്ക് പരീത് ജില്ലാ കളക്ടറായിരിക്കുമ്പോള്‍ മാസം തോറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റവന്യൂ മന്ത്രായലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എം രാജ്യമാണിക്യം ജില്ലാ കളക്ടറായിരിക്കുമ്പോള്‍ രണ്ടര വര്‍ഷത്തിനിടയില്‍ ഒരു യോഗം മാത്രമാണു ചേര്‍ന്നത്. ഇത് പാക്കേജ് നടത്തിപ്പിനു പ്രതിസന്ധിയുണ്ടാക്കിയെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇപ്പോഴത്തെ കളക്ടര്‍ ഈ മാസം മൂന്നിനു മോണിറ്ററിംഗ് കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു.

പൈലിംഗ് നടത്തിയിട്ടും വീടു ചെരിഞ്ഞു...


കാക്കനാട് വാഴക്കാലയിൽ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടു വീടുകള്‍ ചെരിഞ്ഞു. പൈലിംഗ് നടത്തി നിര്‍മ്മിച്ച രാജേഷിന്റെ ഇരുനില വീടാണു ചെരിഞ്ഞതില്‍ ഒന്ന്. പോണേക്കരയില്‍ നിന്നാണു രാജേഷും കുടുംബവും കുടിയിറക്കപ്പെട്ടത്. ഇതിനു സമീപത്ത് തുതിയൂരിൽ നിര്‍മ്മാണം പൂര്‍ത്തിയായ കുഴിപ്പറമ്പ് വീട്ടില്‍ വിദ്യാധരന്റെ വീടും ചെരിഞ്ഞ നിലയിലാണ്. എളമക്കരയിലായിരുന്നു കുടിയിറക്കപ്പെടും മുമ്പ് വിദ്യാധരനും കുടുംബവും താമസിച്ചിരുന്നത്.

[caption id="attachment_69858" align="alignleft" width="392"] തുതിയൂരിൽ ചെരിഞ്ഞ രാജേഷിന്റെ വീട്[/caption]

വടുതലയില്‍ പുഴപുറമ്പോക്ക് ഭൂമിയാണു മിക്ക കുടുംബങ്ങള്‍ക്കും ലഭിച്ചത്. ചിലര്‍ക്ക് അതു നികത്തി കൊടുത്തു. മുപ്പതു കുടുംബങ്ങള്‍ വടുതലയില്‍ വീടു നിര്‍മ്മിച്ച് താമസമാരംഭിച്ചു. ലഭിച്ച ഭൂമിയില്‍ പുഴവെള്ളം കയറിയതിനാല്‍ വീടു നിര്‍മ്മിക്കാന്‍ കഴിയാത്തവരുമുണ്ട്. ചേരാനെല്ലൂരില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട രമണിയുടെ കുടുംബത്തിനു ലഭിച്ച പുഴയോടു ചേര്‍ന്ന ഭൂമിയിൽ വെള്ളംനിറഞ്ഞു കിടക്കുകയാണ്. കലൂര്‍ ദേശാഭിമാനി ജംഗ്ഷനടുത്തു വാടകവീട്ടില്‍ കഴിയുകയാണു രമണിയും കുടുംബവും. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ഭൂമിയില്‍ തറക്കല്ലിട്ടു കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.

ഇനിയും യാഥാര്‍ത്ഥ്യമാകാത്ത വാഗ്ദാനങ്ങള്‍


രണ്ടു വിധത്തിലാണ് ഏഴു വില്ലേജുകളില്‍ നിന്നു ഭൂമി ഏറ്റെടുത്തത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക മുഴുവനായും വിതരണം ചെയ്തു. എന്നാല്‍ 1894ലെ പൊന്നുംവില നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയ്ക്കു നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി വന്നു നാലു വര്‍ഷമായിട്ടും സംസ്ഥാനസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ദേശീയപാതാ അഥോറിറ്റിയുമാണ് ഈ തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടത്. എന്നാല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

69 കുടുംബങ്ങള്‍ക്കായി 17 കോടി രൂപയോളമാണു നഷ്ടപരിഹാര തുക ലഭിക്കാനുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചതുപ്പു സ്ഥലങ്ങളില്‍ പൈലിംഗ് ജോലികള്‍ക്കായി 75000 രൂപ അനുവദിക്കുമെന്ന്  ഉത്തരവായെങ്കിലും ഇതിന്റെ ആനുകൂല്യം ലഭിച്ചതു വിരലിണ്ണാവുന്നവര്‍ക്കു മാത്രമാണ്.

[caption id="attachment_69859" align="aligncenter" width="649"] രമണിയ്ക്കു വീടു നിർമ്മിക്കാൻ നൽകിയ ഭൂമി[/caption]

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഏര്‍പ്പെടുത്തി നൽകുന്നതു വരെ പ്രതിമാസം 5000 രൂപ വീട്ടുവാടകയിനത്തില്‍ നല്‍കുമെന്നു വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2008 മാര്‍ച്ചില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതു ലംഘിക്കപ്പെട്ടു. അടിസ്ഥാന സൗകര്യവുമില്ല വാടകയുമില്ല എന്നായി അവസ്ഥ.  2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വാടക കുടിശ്ശിഖ കൊടുത്തു തീര്‍ത്തു. എന്നാല്‍ ഇതിനു ശേഷം വാടകയിനത്തില്‍ ആര്‍ക്കും തുക ലഭിച്ചിട്ടില്ലെന്ന് ഏലൂരിലെ കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി പി വില്‍സണ്‍ പറയുന്നു.

കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളിലെ ഒരാള്‍ക്കു വീതം വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നു 2008 ല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരാള്‍ക്കുപോലും ജോലി നല്‍കാന്‍ പോര്‍ട്ട് ട്രസ്റ്റ് തയ്യാറായിട്ടില്ല. നഷ്ടപരിഹാരത്തുകയുടെ 12% വരുമാനനികുതിയായി ഈടാക്കുന്നത് ഒഴിവാക്കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. പാക്കേജുമായി ബന്ധപ്പെട്ടു സമരം നടത്തിയതിന്റെ പേരിലെടുത്ത കേസുകള്‍ ഒഴിവാക്കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടു. മുപ്പതോളം പേര്‍ കേസിന്റെ പേരില്‍ കോടതി കയറിയിറങ്ങുകയാണിപ്പോഴും.

[caption id="attachment_69860" align="aligncenter" width="740"] മൂലമ്പിള്ളിയിൽ നിന്നു കുടിയിറക്കപ്പെടുന്ന കുടുംബം[/caption]

കുടിയൊഴിപ്പിക്കപ്പെട്ടതിനു ശേഷം അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടിയിരുന്ന 24 പേരാണു മരണമടഞ്ഞത്. ഇതില്‍ മുളവുകാട് സ്വദേശി പ്രിന്‍സ് ആന്റണിയെന്ന യുവാവും സമരസമിതി നേതാവായിരുന്ന ജസ്റ്റിന്‍ തോമസും കുടിയിറക്കപ്പെട്ടതിന്റെ മനോവിഷമം താങ്ങാനാകാതെ സ്വയം ജീവനൊടുക്കുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിനടിമകളായി പലരും ജീവിതം മുമ്പോട്ട് തള്ളി നീക്കുന്നു. ഇനിയും എത്ര കാലം വികസനത്തിന്റെ പേരു പറഞ്ഞു ദുരിതജീവിതം സമ്മാനിക്കാനാണ്, ഭരണകൂടം വിചാരിക്കുന്നതെന്ന്, ഇവര്‍ ചോദിക്കുന്നു.

Read More >>