നവജാത ശിശുവിനെ വിറ്റ പിതാവ് അറസ്റ്റില്‍; അമ്മയുടെ പങ്കും അന്വേഷിക്കുന്നു

കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് വില്‍പ്പന നടത്താന്‍ കാരണമെന്ന് മിഥുന്‍ പൊലീസിന് മൊഴി നല്‍കി. കുട്ടികളില്ലാത്ത ചാലിയം സ്വദേശികളായ ദമ്പതികളാണ് മിഥുനില്‍ നിന്നും കുഞ്ഞിനെ പണംകൊടുത്ത് വാങ്ങിയത്. എത്ര തുകയ്ക്കാണ് വില്‍പ്പന നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

നവജാത ശിശുവിനെ വിറ്റ പിതാവ് അറസ്റ്റില്‍; അമ്മയുടെ പങ്കും അന്വേഷിക്കുന്നു

കോഴിക്കോട്: പന്നിയങ്കരയില്‍ 12 ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കോഴിക്കോട് മാറാട് സ്വദേശിയായ മിഥുന്‍ ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ ഇന്നലെ പന്നിയങ്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരം മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ കുഞ്ഞിന്റെ അമ്മയ്ക്കെതിരെ നിലവില്‍ കേസെടുത്തില്ലെങ്കിലും ഇവരുടെ പങ്കും അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

സാമ്പത്തികമായി ഏറെ പിന്നോക്കംം നില്‍ക്കുന്ന മിഥുനും ഭാര്യ രേഷ്മയ്ക്കും ഈ ആണ്‍കുഞ്ഞ് കൂടാതെ മൂന്നു കുട്ടികള്‍ കൂടിയുണ്ട്. ഇതിലൊരാള്‍ രേഷ്മയുടെ ആദ്യ വിവാഹത്തില്‍ ഉണ്ടായതാണ്.

കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് വില്‍പ്പന നടത്താന്‍ കാരണമെന്ന് മിഥുന്‍ പൊലീസിന് മൊഴി നല്‍കി. കുട്ടികളില്ലാത്ത ചാലിയം സ്വദേശികളായ ദമ്പതികളാണ് മിഥുനില്‍ നിന്നും കുഞ്ഞിനെ പണംകൊടുത്ത് വാങ്ങിയത്. എത്ര തുകയ്ക്കാണ് വില്‍പ്പന നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

രേഷ്മ പ്രസവിച്ചത് വീട്ടില്‍ തന്നെയായതിനാല്‍ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകളൊന്നും തന്നെ ഇല്ല. കുഞ്ഞിനെ വില്‍പ്പന നടത്തിയതില്‍ രേഷ്മയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

Story by
Read More >>