ഏതറ്റം വരെ പോയും പെപ്സി പൂട്ടിക്കണമെന്നു വിഎസ്; ഏതറ്റം വരെ പോകണമെന്ന് അറിയാതെ പാര്‍ട്ടി; ഇതും വഴിപാട് സമരമായി തീരുമോ എന്ന് ആശങ്ക

സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അഭിപ്രായമല്ല സമരത്തിന് നേതൃത്വം നല്‍കുന്ന ഏരിയാ കമ്മിറ്റിക്ക്. അസുഖത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സമരത്തിന് എത്തിയതുമില്ല. അതിനിടെ പെപ്‌സി അടച്ചു പൂട്ടാനേ പാടില്ലെന്ന അഭിപ്രായവുമായി കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ കെ കെ ശൈലജയും രംഗത്തുണ്ട്. മറ്റു പരിസ്ഥിതി സംഘടനകളും നാട്ടുകാരും പെപ്‌സിക്കെതിരെ സമരം ശക്തമാക്കി തുടങ്ങിയ സാഹചര്യത്തിലാണ് സി പി ഐ എമ്മും പെപ്‌സിയ്‌ക്കെതിരെ രംഗത്തു വരുന്നതെന്നതും ശ്രദ്ധേയമാണ്.

ഏതറ്റം വരെ പോയും പെപ്സി പൂട്ടിക്കണമെന്നു വിഎസ്; ഏതറ്റം വരെ പോകണമെന്ന് അറിയാതെ പാര്‍ട്ടി; ഇതും വഴിപാട് സമരമായി തീരുമോ എന്ന് ആശങ്ക

പാലക്കാട്: 'ഏതറ്റം വരെ പോയാലും പെപ്‌സിയെ മുട്ടു കുത്തിക്കും.' ഇന്നലെ പെപ്‌സിക്ക് മുമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വി .എസ് അച്യുതാനന്ദന്‍ പറഞ്ഞ വാക്കുകളാണിത്. പക്ഷെ പെപ്‌സിയ്‌ക്കെതിരേയുള്ള സി പി ഐ എം സമരം ഏതറ്റം വരെ പോകുമെന്ന കാര്യത്തില്‍ ഇതിനോടകം തന്നെ സംശയം ഉയർന്നു കഴിഞ്ഞു.

സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അഭിപ്രായമല്ല സമരത്തിന് നേതൃത്വം നല്‍കുന്ന ഏരിയ കമ്മിറ്റിക്ക്. അസുഖത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സമരത്തിന് എത്തിയതുമില്ല. അതിനിടെ പെപ്‌സി അടച്ചു പൂട്ടാനേ പാടില്ലെന്ന അഭിപ്രായവുമായി കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ കെ കെ ശൈലജയും രംഗത്തുണ്ട്. മറ്റു പരിസ്ഥിതി സംഘടനകളും നാട്ടുകാരും പെപ്‌സിക്കെതിരെ സമരം ശക്തമാക്കി തുടങ്ങിയ സാഹചര്യത്തിലാണ് സി പി ഐ എമ്മും പെപ്‌സിയ്‌ക്കെതിരെ രംഗത്തു വരുന്നതെന്നതും ശ്രദ്ധേയമാണ്.

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കുമായി പ്രകൃതി സമ്പത്ത് കൊള്ളയടിക്കുന്നു. അതിന്റെ ഉദാഹരണമാണ് പെപ്‌സി. ഇത് ജീവന്‍മരണ പോരാട്ടമാണ്, ഭാവിതലമുറക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയം കണ്ടെത്തിയെ തീരൂ. ജലചൂഷണത്തിനെതിരായ സമരത്തില്‍ യുവാക്കള്‍ രംഗത്തിറങ്ങണം.

കഞ്ചിക്കോട് ചുള്ളിമടയില്‍ പെപ്‌സി കമ്പനിക്കു മുമ്പില്‍ പെപ്‌സിയുടെ ജലചൂഷണത്തിനെതിരെ പുതുശ്ശേരി ജലചൂഷണ വിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജനകീയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനി ജനകീയ സമരത്തിന് മുന്നില്‍ അടച്ചു പൂട്ടേണ്ടി വന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഏതറ്റം വരെ പോയാലും പെപ്‌സിയെ മുട്ടു കുത്തിക്കുമെന്നു വിഎസ് പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍ പെപ്‌സിയുടെ കാര്യത്തില്‍ വി. എസ് എന്തൊക്കെ പറഞ്ഞാലും മുമ്പു നടത്തിയ സമരങ്ങളെ പോലെ വഴിപാടു സമരമായി ഇതും മാറുമോ എന്ന ആശങ്ക ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. മുമ്പ് സി പി ഐയുടെ നേതൃത്വത്തില്‍ കെ. പി സുരേഷ് രാജും ജനകീയ സമിതിയുമൊക്കെ നടത്തിയ പരാജയപ്പെട്ട സമരങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു സമരം കൂടി കടന്നു വരുന്നുവെന്ന് ചിന്തിക്കണം.

വേനല്‍ക്കാലത്ത് തല്‍ക്കാലം പൂട്ടിയാല്‍ മതിയെന്ന് പഞ്ചായത്ത്

ജലചൂഷണ വിരുദ്ധസമിതിയുടെ ബാനറില്‍ സമരത്തിനു മുന്നിട്ടിറങ്ങുന്ന സി പി ഐഎമ്മിനുള്ളില്‍ തന്നെ സമരത്തില്‍ എടുക്കേണ്ട നിലപാടുകളെ പറ്റി പല അഭിപ്രായങ്ങളാണ് ഉള്ളത്.
പെപ്‌സി കമ്പനി പൂട്ടിപോകണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല, വരുന്നതു കടുത്ത വേനലാണ്. കുടിവെള്ളത്തിനു ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയം. ഇപ്പോള്‍ മുതല്‍ കടുത്ത വേനല്‍ കഴിയുന്ന ജൂണ്‍ വരെ കമ്പനി പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാണു ഞങ്ങളുടെ അഭിപ്രായം

പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റും സി പി ഐ എം നേതാവുമായ കെ ഉണ്ണികൃഷ്ണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

പൂട്ടിയെ തീരൂവെന്ന് ഏരിയാ കമ്മിറ്റി

കമ്പനി തല്‍ക്കാലത്തെ ജലചൂഷണം നിര്‍ത്തി വെക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറയുമ്പോള്‍ സിപിഐഎം പുതുശേരി ഏരിയാ സെക്രട്ടറിക്ക് മറ്റൊരു അഭിപ്രായമാണ് ഉള്ളത്.
ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ല, ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ള ജില്ല, മുമ്പ് ജലസമൃദ്ധിയില്‍ അനുഗൃഹീതമായ പാലക്കാട് ഇപ്പോള്‍ കുടിവെള്ളത്തിനു പോലും കേഴുകയാണ്. ഇപ്പോള്‍ ഡാമില്‍ വെള്ളമില്ല, പുഴകള്‍ ഒഴുകുന്നില്ല, മാര്‍ച്ചില്‍ വറ്റാന്‍ തുടങ്ങുന്ന ഡാമുകളും പുഴയും കുളവും കിണറും തോടുമെല്ലാം ഡിസംബര്‍ മാസത്തിനു മുമ്പെ വറ്റാന്‍ തുടങ്ങി. പെപ്‌സി പോലുള്ളവയുടെ ജലചൂഷണത്തില്‍ കുടിവെള്ളം പോലും കിട്ടാതാകുന്ന അവസ്ഥ പുറമേയും. ഈ വൈസ് പാര്‍ക്കില്‍ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെപ്‌സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷെ പെപ്‌സിയ്‌ക്കെതിരെ സമരം ശക്തമാക്കും. പെപ്‌സി സ്ഥിരമായി അടച്ചു പൂട്ടണം. കമ്പനി അടച്ചു പൂട്ടാന്‍ മാത്രമല്ല അടച്ചു പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സമരം കൂടിയാണ് ഇത്.

വെള്ളിയാഴ്ച്ച പെപ്‌സിക്കു മുമ്പില്‍ നടന്ന ജനകീയ പാര്‍ലമെന്റ് മാര്‍ച്ചിന്റെ സ്വാഗത പ്രസംഗത്തിൽ ഏരിയാ സെക്രട്ടറിയും ജലചൂഷണ സമിതി കണ്‍വീനറുമായ എസ് സുഭാഷ് ചന്ദ്രബോസ് പറയുന്നു.

പെപ്‌സി പൂട്ടരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ അഭിപ്രായം

സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ കെ കെ ശൈലജയുടെ അഭിപ്രായത്തില്‍ പെപ്‌സി അടച്ചു പൂട്ടരുതെന്നും കടുത്ത വേനല്‍കാലത്ത് അവര്‍ കുഴല്‍കിണറുകളില്‍ നിന്ന് എടുക്കുന്ന വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് ഉള്ളത്. പെപ്‌സി അടച്ചു പൂട്ടുമ്പോള്‍ കുറെ പേര്‍ക്ക് ജോലി നഷ്ടമാകുന്ന കാര്യം പരിഗണിച്ചാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞതെങ്കിലും മന്ത്രി അതു  തിരുത്താന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ജില്ലാ സെക്രട്ടറിയും എത്തിയില്ല

ഇന്നലെ  പെപ്‌സിക്കു മുമ്പില്‍ നടന്ന സമരത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്നു അദ്ധ്യക്ഷനാകേണ്ടിയിരുന്നത്. എന്നാൽ  അദ്ദേഹം സമരത്തിൽ പങ്കെടുത്തിരുന്നില്ല.  കടുത്ത പനി ബാധിച്ചതിലാനാണ് ജില്ലാ സെക്രട്ടറി പങ്കെടുക്കാതിരുന്നതെന്ന വിശദീകരണം പുറത്തു വരുന്നുണ്ട്. മാത്രമല്ല  ജില്ലാ കമ്മിറ്റി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നൽകാൻ പോയതിനാലാണ് അദ്ദേഹം എത്താതിരുന്നതെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.