അഫ്ഗാന്‍ മോണാലിസയ്ക്ക് ഇന്ത്യയില്‍ ചികിത്സ തേടാന്‍ സഹകരിക്കാതെ പാകിസ്ഥാന്‍

ഷര്‍ബത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഫ്ഗാന്‍ എംബസിക്ക് പാകിസ്ഥാന്‍ കൈമാറുകയും, തുടര്‍ന്ന് എംബസി അത് ആശുപത്രി അധികൃതര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് നടപടിക്രമം.

അഫ്ഗാന്‍ മോണാലിസയ്ക്ക് ഇന്ത്യയില്‍ ചികിത്സ തേടാന്‍ സഹകരിക്കാതെ പാകിസ്ഥാന്‍

നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍റെ കവര്‍ ഫോട്ടോയിലൂടെ ലോകമറിഞ്ഞ 'അഫ്ഗാന്‍ മോണാലിസ' ഷര്‍ബത് ഗുലയ്ക്ക് ഇന്ത്യയില്‍ ചികിത്സ നടത്താനുള്ള ക്രമീകരണങ്ങളോട് സഹകരിക്കാതെയുള്ള പാകിസ്ഥാന്‍ നടപടി വീണ്ടും അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനം ഉയര്‍ത്തുന്നു.

ബംഗലൂരൂവിലെ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലാണ് ഷര്‍ബത് ഗുല ചികിത്സ തേടാന്‍ ഉദേശിക്കുന്നത്. കരള്‍രോഗ സംബന്ധമായ രോഗത്തിന് ഷര്‍ബത് ഗുലയ്ക്ക് തങ്ങള്‍ സൗജന്യ ചികല്‍സ നല്‍കാമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.


തുടര്‍ന്ന്, ഇതിനാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഫ്ഗാന്‍ എംബസിയില്‍ നിന്നും ലഭ്യമാകാനുള്ള നടപടികളും ആരംഭിച്ചു. എന്നാല്‍ ഈ രേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്ന് ഡോ:ദേവി ഷെട്ടി ട്വീറ്റ് ചെയ്തതോടെ ഷര്‍ബത്തിനോട് പാകിസ്ഥാന്‍ അനീതി കാട്ടുന്നു എന്ന് ചര്‍ച്ചകളും അന്തരാഷ്ട്രമാധ്യമങ്ങളില്‍ സജീവമായി.

ഷര്‍ബത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഫ്ഗാന്‍ എംബസിക്ക് പാകിസ്ഥാന്‍ കൈമാറുകയും, തുടര്‍ന്ന് എംബസി അത് ആശുപത്രി അധികൃതര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് നടപടിക്രമം.

1984ല്‍ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഷര്‍ബത് ഗുല എന്ന പച്ച കണ്ണുള്ള ഒരു  പന്ത്രണ്ടുകാരിയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കുറി പകര്‍ത്തിയത്. 1985ല്‍ നാഷണല്‍ ജോഗ്രഫിക് ഈ ചിത്രം മുഖചിത്രമായി അച്ചടിച്ചതോടെയാണ് പെണ്‍കുട്ടി ലോക ശ്രദ്ധ നേടിയത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തോറബോറ മലനിരകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഷര്‍ബത്തിന്റെ ജീവിതത്തെക്കുറിച്ച് നാഷണല്‍ ജോഗ്രഫിക് ചാനല്‍ ഒരു ഡോക്യുമെന്ററിയും തയ്യാറാക്കിയിരുന്നു.

പാക് പൗരന്മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്ന കുറ്റം ആരോപിച്ചു ഷര്‍ബത് ഗുലയെ കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ബത് ഗുലയെ അറസ്ററ് ചെയ്ത നടപടിക്കെതിരെ ലോക വ്യാപകമായി പ്രതിഷേധവും അന്ന് പാകിസ്ഥാന് നേരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍,അവര്‍ക്ക് ഇന്ത്യയില്‍ സൗജന്യ ചികിത്സയ്ക്കുള്ള അവസരം വൈകിപ്പിച്ചുള്ള സമീപനവും ഉണ്ടായിരിക്കുന്നത്.

Read More >>