പ്രതി വരയ്ക്കുകയായിരുന്നു; എറണാകുളം ജയില്‍ ചുമരുകളില്‍ അപൂര്‍വ്വമായ ചിത്രപ്രദര്‍ശനം

പ്രമാദമായൊരു കേസിലെ തടവുകാരന് ജയിലധികൃതര്‍ ചുമരുകള്‍ വിട്ടുകൊടുത്തു. ചിത്രം വരയ്ക്കാന്‍. എറണാകുളം ജില്ലാജയിലിലെ ചുമരുകളില്‍ അയാള്‍ വരച്ചത് നൂറിലേറെ ചിത്രങ്ങള്‍- ഇന്ന് വിധി വന്നു. ഇരട്ട ജീവപര്യന്തം. വിധിയും അത്യപൂര്‍വ്വമായി.

പ്രതി വരയ്ക്കുകയായിരുന്നു; എറണാകുളം ജയില്‍ ചുമരുകളില്‍ അപൂര്‍വ്വമായ ചിത്രപ്രദര്‍ശനം

കൊലപാതകിയും മോഷ്ടാവും ബലാത്സംഗകേസിലെ പ്രതിയുമെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജയില്‍. കുറ്റം തെളിയിക്കപ്പെടും വരെയുള്ള വിചാരണ തടവ്. ചിലപ്പോള്‍ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച് അളന്നും തൂക്കിയും പൊലീസിന്‍റെ കുറ്റപത്രം പ്രതിയെന്നു പറയുന്നയാളെ കോടതി ശിക്ഷിക്കാം. അല്ലെങ്കില്‍ ജീവിതത്തിലേയ്ക്ക് വെറുതെ വിടാം.

നമ്മളിവിടെ പറയുന്ന പ്രതിയ്ക്ക് കോടതി വിധിച്ചത് ഇരട്ട ജീവപര്യന്തം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കുള്ള മാതൃകാപരമായ ശിക്ഷ. അത്യപൂര്‍വ്വമാണ് ഇരട്ട ജീവപര്യന്തം. 45 വയസുള്ള പ്രതി ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍.


വിചാരണത്തടവില്‍ കഴിഞ്ഞ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് തിരുവനന്തപുരത്തെയോ വിയ്യൂരിലെയോ സെന്‍ട്രല്‍ ജയിലിലേയ്ക്ക്.

[caption id="attachment_65759" align="aligncenter" width="504"]2 ശുചിമുറിയിലെ ചിത്രീകരണം[/caption]

ജയിലും തടവുശിക്ഷയും പീഡിപ്പിച്ചു മാത്രമല്ല തടവുകാരോട് പെരുമാറുന്നത്. കുറ്റവാസനയില്‍ നിന്നും ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാനും നയിക്കാനും ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നുണ്ട് ഓരോ തടവറകളും.

ഇരട്ടജീവപര്യന്തകാലത്തും പ്രതിയുടെ മനസിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് വിമോചിപ്പിക്കാന്‍ ശാസ്ത്രീയമായ ശ്രമങ്ങള്‍ നടന്നു കൊണ്ടേയിരിക്കും. അതും ശിക്ഷയുടെ ഭാഗമാണ്. ശിക്ഷണമെന്ന പഠനം. ജയിലങ്ങനെയാണ് പാഠശാലയാകുന്നത്.

11

വായനശാലയിലെ പുസ്തകങ്ങളും കൃഷിയും ചപ്പാത്തി നിര്‍മ്മാണവുമെല്ലാം അതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

എറണാകുളത്തെ ജില്ലാ ജയില്‍ തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തമായൊരു ചുവടു വെച്ചു. തടവിലായ ചുമരുകള്‍ തടവിലുള്ള രണ്ടുപേര്‍ക്ക് വരയ്ക്കാന്‍ കൊടുത്തു.

വിചാരണത്തടവുകാരനായിരുന്ന അജയനാണ് തുടങ്ങിയത്. ശിക്ഷവിധിച്ചതിനെ തുടര്‍ന്ന് അജയന്‍ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റപ്പെട്ടു.

അപ്പോഴാണ് എഡ്വിന്‍ ഫിഗറസ് ജയിലിലെത്തുന്നത്- പള്ളിമേടയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് കുറ്റം. സംരക്ഷിക്കേണ്ടയാള്‍ തന്നെ പീഡിപ്പിച്ച മാരകമായ സംഭവം.

പുറത്തെ സ്വാതന്ത്ര്യത്തില്‍ കഴിഞ്ഞ ആരായാലും ജയിലിലേയ്ക്ക് എത്തുന്ന ആദ്യദിനങ്ങളില്‍ മാനസികമായി തകര്‍ന്നിട്ടുണ്ടാകും. ആരാലും പിടിക്കപ്പെടില്ലെന്ന് കരുതി ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ നിയമത്തിനു മുന്നിലെത്തുന്നതോടെ പ്രതി തലകുനിയ്ക്കും. ആ കുറ്റത്തിലേയ്ക്ക് മനസിനെ നയിച്ച ആ നേരത്തെ കുറ്റവാസനയോര്‍ത്ത് ലജ്ജിക്കും. ചെയ്ത കുറ്റം അയാളെ ശിക്ഷിക്കാന്‍ തുടങ്ങും. തടവറയ്ക്കുള്ളിലെ ദിനങ്ങളാരംഭിക്കുകയായി. പുറത്തെ ലോകമല്ലത്.

മനോവിദഗ്ദരായ വെല്‍ഫയര്‍ ഓഫീസര്‍മാര്‍ ജയിലിലെത്തുന്നവരോട്  സംസാരിക്കും. പ്രത്യേകിച്ച് ആത്മഹത്യാപ്രവണത ആ സമയങ്ങളുലുണ്ടാകാനുള്ള സാധ്യതയില്ലാതാക്കാന്‍. ഓരോ തടവുപുള്ളിയുടേയും വ്യക്തിപരമായ കഴിവുകളൊക്കെ ആ സംസാരങ്ങള്‍ക്കിടയില്‍ മനസിലാക്കും. ഇനിയുള്ള ദിവസങ്ങളിലെ ഏകാന്തത അവരെ കൂടുതല്‍ വലിയ കുറ്റവാളിയാക്കിയേക്കാം. ചെയ്ത കുറ്റം, കുറ്റം ചെയ്യാനുള്ള അറപ്പില്ലാതാക്കാം. കുറ്റത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നതല്ല, ജീവിതത്തെ കുറിച്ച് ഓര്‍മ്മിക്കുന്നതാണ് ഓരോ ജയിലില്‍ ദിനങ്ങളുമെന്ന് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ രീതികള്‍.

എഴുതുന്നവരാണെങ്കില്‍ പേപ്പര്‍ കൊടുക്കും. ജയിലില്‍ നിന്നുള്ള രചനകളങ്ങനെയുണ്ടാകുന്നതാണ്.

8

എഡ്വിനു വരയ്ക്കാനറിയാമായിരുന്നു. ജന്മനായുള്ള ശേഷി.

അയാളോട് വരയ്ക്കാന്‍ പറഞ്ഞു. അജയന്‍ വരച്ചതു പോലെ ചുമരുകളില്‍ വരയ്ക്കാന്‍ ജയില്‍ സൂപ്രണ്ട് ജയകുമാ‍ര്‍ അനുവാദം നല്‍കി. ബ്രഷും ചായങ്ങളും വാങ്ങിക്കൊടുത്തു- എഡ്വിന്‍ വരച്ചു തുടങ്ങി.

വിധിപറയുന്നതിനു തലേന്ന്  കോടതി അവസാനമായി പറയാനുള്ളതും ചോദിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് എഡ്വിന്‍ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പ്രത്യേക കോടതിയില്‍ ഇന്നലെ ബോധിപ്പിച്ചു.

അഡ്വിന്‍ ചെയ്തെന്നു കോടതി കണ്ടെത്തിയ കുറ്റം ക്ഷമിക്കാനാവില്ല. ലോകമാകെ വൈദികര്‍ ബാലരെ പീഡിപ്പിക്കുന്നത് വാര്‍ത്തകളില്‍ നിറയുകയാണ്. അതിലൊരാളായി എഡ്വിനും. തെളിവുകളെല്ലാം അയാള്‍ക്കെതിരായി.

ചെയ്ത കുറ്റമനുസരിച്ചല്ല, ജയില്‍ പ്രതിയോട് പെരുമാറുന്നത്. ഇരയോട് പ്രതി പെരുമാറിയതു പോലെയല്ല. മാനുഷികമായി തന്നെ ഓരോ നിമിഷവും കടന്നു പോകും. ഒരു മനുഷ്യനെന്ന നിലയില്‍ നീ ചെയ്തത് എത്രമാത്രം അപരാധമെന്ന് കുറ്റവാളിയെ ഓര്‍മ്മിപ്പിക്കാനുള്ള വഴി അയാളോട് മാനുഷികമായി പെരുമാറുകയാണല്ലോ.

കുറ്റവാളിയെ മനുഷ്യനാക്കാന്‍ അയാളോട് കുറ്റം ചെയ്യുകയല്ലല്ലോ വേണ്ടത്. അതിനാല്‍ കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണത്തടവുകാരനായെത്തിയ എഡ്വിന് ചായങ്ങളും ചുമരുകളും നല്‍കി. വരയ്ക്കാന്‍ പറഞ്ഞു.

14

എഡ്വിന്‍ ശിക്ഷയനുഭവിക്കാന്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് പോകുന്നത്. എറണാകുളം ജയില്‍ ചുമരുകളില്‍ വരച്ച നൂറോളം ചിത്രങ്ങള്‍ അവശേഷിപ്പിച്ചാണ്.

ഫിദല്‍ കാസ്ട്രോയുടെ മരണത്തിനു ശേഷം ഫിദലിനെ വരച്ചതാണ് അവസാന ചിത്രം.  കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ലോക നേതാവിനെ വരച്ച എഡ്വിനുണ്ടല്ലോ ഒരു വര്‍ഷം മുന്‍പു വരെ പള്ളീലച്ചനായിരുന്നു  എന്നു സ്വയം ഓര്‍ത്ത നിമിഷം. ധ്യാനഗുരുവും ഗായകനും പ്രഭാഷകനുമായിരുന്നല്ലോ എന്ന് സ്വയമോര്‍ത്ത നിമിഷം.

കമ്യൂണിസവും ക്രിസ്ത്യാനിയും... വത്തിക്കാനും ക്യൂബയും... നന്മയും തിന്മയും...

എഡ്വിനാ ചിത്രം വരയ്ക്കുന്നതിന് പലകാരണമുണ്ടാകാം.  "ശിക്ഷിച്ചോളൂ, അതു പ്രശ്നമല്ല. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും"- എന്ന കാസ്ട്രോയുടെ വരികള്‍ പോലുമാകാം.

10

ജയിലിലെ ശുചിമുറിയെ എഡ്വിനൊരു കിളി കൂടാക്കി. മരങ്ങളും പൂക്കളും ശിഖരത്തിലെ മയിലുമൊക്കെയായി. ഏറെ ദിവസമെടുത്താണ് എഡ്വിനാ ചിത്രം വരച്ചത്.

സന്ദര്‍ശക മുറിയിലാണ് കൂടുതല്‍ ചിത്രങ്ങളും. ഒരു പുലി. ശാന്തമായി വിശ്രമിക്കുന്ന പുലി. ഇരയെ കാത്താണോ... വിശപ്പു തീര്‍ന്നതിനു ശേഷമാണോ വിശ്രമമെന്ന് മനസിലാകുന്നില്ല.

പുല്ലു തിന്ന് ശാന്തയായി കിടക്കുന്ന ഒരു കുഞ്ഞാടിനെ ഉന്നം വെച്ച് നില്‍ക്കുന്ന ഒരു സിംഹത്തെ മറ്റൊരു ചിത്രത്തില്‍ കാണാം- ഇരയും വേട്ടക്കാരനും പ്രതിഫലിക്കുന്ന ചിത്രീകരണം.

ജയിലിലെ ചിത്രംവര ആര്‍ട്ട്  തെറാപ്പിയുടെ ഭാഗമാണ്.

"മാനസികമായ സമ്മര്‍ദ്ദങ്ങളൊഴിവാകുകയാണ് മുഖ്യലക്ഷ്യം. കലയിലൂടെയുള്ള യാത്ര തിരുത്തലുകളിലേയ്ക്ക് പ്രേരിപ്പിക്കും"- സൈക്കോതെറാപ്പിസ്റ്റും വെല്‍ഫയര്‍ ഒാഫീസറുമായ ജോര്‍ജ്ജ് ചാക്കോ ഈ ചിത്രങ്ങളെപറ്റി പറയുന്നു.

പൂജപ്പുര ജയിലില്‍ നാലര ലക്ഷം രൂപയോളം ചെലവിട്ട് ഗ്രന്ഥശാലയൊരുക്കിയ നല്ല ഓര്‍മ്മകളാകാം ഈ ചിത്രം വരയ്ക്ക് ഒപ്പം നില്‍ക്കാന്‍ ജോര്‍ജ്ജിനെയും ജയില്‍ വാര്‍ഡന്‍ ജയകുമാറിനെയും പ്രേരിപ്പിച്ചത്.

9

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ജയിലില്‍ നടക്കുന്നതിനിടയിലാണ് ലീഗല്‍ സര്‍വ്വീസ് അംഗമായ അഡ്വ.മായാകൃഷ്ണന്‍റെ ശ്രദ്ധയില്‍ പുലിച്ചിത്രം പെട്ടതിനെ തുടര്‍ന്നാണ് ജയിലിലെ ചിത്രം വര പുറംലോകത്തെത്തിയത്.

ജയില്‍ച്ചുമരിലെ തന്‍റെ ചിത്രങ്ങളെ കുറിച്ച് പുറം ലോകമറിഞ്ഞിരുന്നെങ്കിലെന്ന ആഗ്രഹം എഡ്വിന്‍ ക്ലിനിക്കില്‍ അറിയിച്ചു.

12

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പുറം ലോകമറിഞ്ഞത് കുട്ടിയുടെ അമ്മയുടെ ഇടപെടലിലൂടെയായിരുന്നു. പള്ളിയില്‍ പോയിട്ടും തിരികെ വരാതിരുന്ന കുട്ടിയെ തിരക്കി ചെന്നപ്പോള്‍ മേടയിലുണ്ടായിരുന്നു. കുട്ടി ആദ്യം നുണ പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോളാണ് അച്ചനെതിരെ പറഞ്ഞത്. പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. അജിതയുടെ അടുത്ത് അമ്മ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയില്‍ പീഡനം തെളിഞ്ഞു. അമ്മയുടെ മൊഴിയില്‍ പൊലീസ് കേസെടുത്തു. മറച്ചു വെച്ചതിന് ഡോക്ടറുടെ പേരിലും. എഡ്വിന്‍ ഒളിവില്‍ പോയി. ഒളിവില്‍ പോകാന്‍ സഹായിച്ചതിന് എഡ്വിന്‍റെ മൂന്നു സഹോദരന്മാരേയും കുറ്റം ഒളിപ്പിച്ചതിന് ഡോക്ടറേയും പ്രതിചേര്‍ത്തു. സഭ എഡ്വിനെ പുറത്താക്കി. പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ആരോപിക്കപ്പെടുന്ന കുറ്റം ചെയ്തിട്ടെന്ന് എഡ്വിന്‍ വാദിച്ചു. കുമ്പസാരക്കൂട്ടില്‍ പെണ്‍കുട്ടിയില്‍ നിന്ന് കേട്ടതു പോലും വിചാരണവേളയില്‍ പറഞ്ഞു. പീഡിപ്പിച്ചത് മറ്റാരോ ആണെന്ന കുമ്പസാരരഹസ്യം പോലും വെളിപ്പെടുത്തിയത്രേ. പക്ഷെ തെളിവുകള്‍ ഡ്വിന് അനുകൂലമായില്ല- എല്ലാ പീഡകര്‍ക്കുമുള്ള താക്കീതായി വിധി.

3

വിധി വന്നു. എഡ്വിന്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടു. കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാന്‍ ഇനിയും മേല്‍ക്കോടതികളില്‍ അപ്പീലുകള്‍ സമര്‍പ്പിക്കപ്പെടും. കുറ്റം തെളിയിക്കാനും... കുറ്റം ചെയ്തില്ലെന്നു തെളിയിക്കാനുള്ള വാദങ്ങളും.

എഡ്വിനുള്ള വിചാരണകോടതിയുടെ ശിക്ഷാവിധി മേല്‍ക്കോടതികളും ശരിവെച്ചാല്‍ ഇരട്ടജീവപര്യന്തം ശിക്ഷയിലൊടുങ്ങും ആ ജീവിതം.

ഒരു കുട്ടിയില്‍ നിന്നും ബാലപീഡകര്‍ പിച്ചിചീന്തുന്നത് ബാല്യത്തിന്‍റെ നിറങ്ങളാണ്. എഡ്വിനെ വിചാരണ ചെയ്യാന്‍ കോടതികളുണ്ട്. ഇനിയും എഡ്വിന്‍ വരച്ചേയ്കാം. വരയ്ക്കാതിരുന്നേയ്ക്കാം. വരയ്ക്കാന്‍ തയ്യാറാണെങ്കില്‍ ജയിലിലെ ചുമരുകളോ ക്യാന്‍വാസോ അയാള്‍ക്ക് നിഷേധിക്കപ്പെടില്ല.

ഒരു കുറ്റവാളി ഇരയ്ക്ക് നിഷേധിക്കുന്ന നീതി, ഒരു കുറ്റവാളിക്കും ജയില്‍ നിഷേധിക്കില്ല. മനുഷ്യനെ സൃഷ്ടിക്കുന്ന ജയിലുകള്‍ വെറും തടവറ മാത്രമല്ലല്ലോ.

എഡ്വിന്‍ വരച്ച ചിത്രങ്ങള്‍ കാണാം. തടവറയുടെ ചുമരില്‍ അയാള്‍ വരച്ചതില്‍ നിന്നും സ്വാതന്ത്രത്തെ കുറിച്ചുള്ള ആഗ്രഹം കാണാം.

തുറസ്സായ ഒരു കടലിലിലൂടെ കാറ്റിന്‍റെ ദിശയനുസരിച്ച് എവിടേയ്ക്കും പോകാവുന്ന ജീവിതത്തെ ജയില്‍ മുറിയ്ക്കുള്ളിലടയ്ക്കുന്നതിന് ആരാണ് കാരണക്കാര്‍.

ഒരു കുറ്റവാളിയുടെ ജനനത്തില്‍ സമൂഹത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ലല്ലോ. ഒരുപക്ഷെ, ജയില്‍ മുറിയിലെ ഈ ചിത്രങ്ങളില്‍ ഓരോരുത്തര്‍ക്കും അവരവരെ കാണാനായോക്കും....

6

15

17

18

Read More >>