നിളാ തീരം പാട്ടരങ്ങാക്കാൻ 'പാട്ടോളം' എത്തുന്നു; വ്യത്യസ്ത നാട്ടുപാട്ട് രൂപങ്ങളുമായി 50ല്‍ പരം ഗായകര്‍

ഷൊര്‍ണൂര്‍ ഭാരതപ്പുഴയിലെ കൊച്ചിപ്പാലത്തിനും റെയില്‍വേപ്പാലത്തിനും ഇടയിലുള്ള ഭാഗം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി കൂട്ടി മോഹന്‍ ചവറ എന്ന ശില്‍പി ഒരുക്കുന്ന ലൈവ് ഇന്‍സ്റ്റലേഷന്‍ ഉണ്ടാകും

നിളാ തീരം പാട്ടരങ്ങാക്കാൻ

കോഴിക്കോട്: മാമാങ്കം പലകുറി കൊണ്ടാടിയ നിളയുടെ തീരങ്ങളെ ധന്യമാക്കാന്‍ നിരവധി കലാകാരന്‍മാരുടെ ഒത്തുചേരലുമായി 'പാട്ടോളം' എത്തുന്നു. ഈ മാസം 24 മുതല്‍ 30 വരെ ഷൊര്‍ണ്ണൂരിലാണ് 'പാട്ടോളം' നടക്കുക.

പത്തു ദിവസങ്ങളിലായി 50ല്‍ പരം നാടന്‍പാട്ടുകാര്‍, അത്രതന്നെ വാദ്യങ്ങള്‍, 25ല്‍പരം കലാസംഘങ്ങള്‍, നിരവധി കലാപ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെ 50ഓളം മുഖ്യാതിഥികളാണ് പാട്ടോളത്തില്‍ പങ്കെടുക്കുക. ഷൊര്‍ണ്ണൂര്‍ റയില്‍വേ ജങ്ഷനില്‍ നിന്ന് 800 മീറ്റര്‍ അകലെ നിളയുടെ തീരത്താണു പാട്ടോളം സംഘടിപ്പിക്കുന്നത്.


കേരളത്തിലെ ഒരു സംഗീതോല്‍സവ വേദികളിലും സ്ഥാനം ലഭിച്ചിട്ടില്ലാത്ത 30ഓളം നാട്ടുപാട്ടു രൂപങ്ങളെയും ആ പാട്ടുകള്‍ പാടുന്ന ഗായകരെയും ലോക ശ്രദ്ധയിലെത്തിക്കാനാണ് പാട്ടോളം നടത്തുന്നതെന്ന സംഘാടകര്‍ പറഞ്ഞു. കുടുംബശ്രീ ഷൊര്‍ണ്ണൂര്‍, തക്കിട്ട വാട്സാപ് ഗ്രൂപ്പ്, യുവധാര നംപ്രം എന്നിവ സംയുക്തമായാണ് പാട്ടോളം സംഘടിപ്പിക്കുന്നത്.

ഷൊര്‍ണൂര്‍ ഭാരതപ്പുഴയിലെ കൊച്ചിപ്പാലത്തിനും റെയില്‍വേപ്പാലത്തിനും ഇടയിലുള്ള ഭാഗം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി കൂട്ടി മോഹന്‍ ചവറ എന്ന ശില്‍പി ഒരുക്കുന്ന ലൈവ് ഇന്‍സ്റ്റലേഷന്‍ ഉണ്ടാകും.

മിഴാവില്‍ തായമ്പക, പാട്ടോളം തീംസോംഗ്, സോപാനസംഗീതം, നന്തുണിപ്പാട്ട്, ഉണര്‍വ് പാട്ടുകൂട്ടം എന്നിവയാണ് പാട്ടോളത്തിലെ പ്രധാന പരിപാടികള്‍. കൂടാതെ കാവ്യാലാപനം, ചീനിമുട്ട്, വട്ടപ്പാട്ട്, ഖിസ്സപ്പാട്ട് കരടിക്കളിപ്പാട്ട്, ഇരവിക്കുട്ടിപ്പാട്ട്, മാപ്പിളപ്പാട്ടുകള്‍, വയലി ബാംബൂമ്യൂസിക്, കുറുംപര്‍പാട്ട്, കോതാമൂരിപ്പാട്ട്, തെയ്യംതോറ്റം, ചവിട്ടുകളിപ്പാട്ട്, വില്ലു തായമ്പക, പുള്ളുവന്‍പാട്ട്, അട്ടപ്പാടിപ്പാട്ടുകള്‍, തിറയാട്ടപ്പാട്ടുകള്‍, കണ്യാര്‍കളിപ്പാട്ട്, പൊറാട്ടുകളിപ്പാട്ട്, സന്തൂര്‍ വായന, വയനാട്ടുപാട്ടുകള്‍ മരംകൊട്ടുപാട്ട്, കുടുക്ക വീണ, മെഹ്ഫില്‍, ചാറ്റുപാട്ട്, കുത്തിയോട്ടപ്പാട്ട്, പടയണിത്തോറ്റം, വഞ്ചിപ്പാട്ട്, അയ്യപ്പന്‍ പാട്ട്, മൊഗ്രാല്‍പാട്ടുകള്‍, കൊട്ടിപ്പാടിസ്സേവ, കൈകൊട്ടിക്കളിപ്പാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, വാദ്യകൈരളി തുടങ്ങിയ കലാപരിപാടികളാണ് പാട്ടോളത്തില്‍ ഉണ്ടാകുക.

Story by
Read More >>