ആർഎസ്എസ് ചാനലിലെ ഒറ്റുകാരാ, നിങ്ങളെ ഭയന്നു പൊന്തുന്നതല്ല എന്റെ ദേശീയത

ജനം ടിവി റിപ്പോര്‍ട്ടര്‍ ശ്രീകാന്ത് പൊലീസിനെ കൊണ്ടുപിടിപ്പിച്ച നാരദാ റിപ്പോര്‍ട്ടര്‍ എസ് വിനേഷ്‌കുമാറിന് പറയാനുണ്ട്. ഐഎഫ്എഫ്‌കെയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ ദേശീയഗാനത്തിന് എഴുന്നേറ്റില്ലെന്ന പേരിലായിരുന്നു വിനേഷിനെയടക്കം മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആർഎസ്എസ് ചാനലിലെ ഒറ്റുകാരാ, നിങ്ങളെ ഭയന്നു പൊന്തുന്നതല്ല എന്റെ ദേശീയത

തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ യിൽ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ സ്‌ക്രീനിംഗിനിടെ ദേശീയ ഗാനം പ്ലേ ചെയ്തപ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്നാരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്ത ആറുപേരില്‍ ഒരാള്‍ ഈയുള്ളവനായിരുന്നു. എന്നെ ചൂണ്ടിക്കൊടുത്തതു ജനം ടിവി എന്ന ആർഎസ്എസ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ശ്രീകാന്ത് എന്ന റിപ്പോര്‍ട്ടര്‍ ആയിരുന്നത്രേ. പോലീസുകാരിൽ നിന്നറിഞ്ഞ വിവരമാണ്. തെറ്റാൻ വഴിയില്ല.

ശ്രീകാന്തിനോടു മാധ്യമ പ്രവര്‍ത്തനം ഉപന്യസിക്കാനൊന്നും ഞാൻ ആളല്ല. ദേശീയഗാനത്തോട് ആർഎസ്എസിന്റെ സമീപനത്തെക്കുറിച്ചും. ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ, ദേശീയഗാനത്തിനും ഗാനം രചിച്ച ടാഗോറിനുമെതിരെ സംഘപരിവാരത്തിന്റെ വിദ്വേഷം എത്രയുണ്ടെന്നു മനസിലാക്കാം. കെ പി ശശികല മുതൽ കല്യാൺ സിംഗുവരെ തുപ്പിയ വിഷത്തിന്റെ കണക്കുമെടുക്കാം.

ശ്രീകാന്തെന്ന ആർഎസ്എസുകാരനോടും അയാളുടെ ആജ്ഞാനുവർത്തികളായി തീയേറ്ററിലും സ്റ്റേഷനിലും അവതരിച്ച പൊലീസുകാരോടും ഒരു കാര്യം പറയാം. ഇങ്ങനെ തീയേറ്ററിൽ മണിക്കൂറു തോറും മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പിച്ച് ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യാൻ ചിലയാളുകൾക്കു മനസില്ലാത്തത്, അവരാരും ദേശത്തെയോ ഗാനത്തെയോ സുപ്രീം കോടതിയെയോ എതിർക്കുന്നതുകൊണ്ടല്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുള്ള, സ്വാതന്ത്ര്യപ്രാപ്തിയ്ക്കു മുന്നേ ദേശീയഗാനത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച ചരിത്രമുള്ള, രാഷ്ട്രപിതാവിനെ കൊന്നുതള്ളിയ, അദ്ദേഹത്തിന്റെ ഘാതകരെ പരമപൂജനീയരായി പരിഗണിക്കുന്ന ഒരു കുറ്റവാളിക്കൂട്ടത്തിന്റെ ആക്രോശത്തിനു കീഴടങ്ങാൻ തയ്യാറല്ലാത്തതുകൊണ്ടാണ്.

എതിർപ്പ് ദേശീയഗാനത്തോടല്ല, അതിന്റെ പേരു പറഞ്ഞ് അഴിഞ്ഞാടാനിറങ്ങുന്നവരോടാണ്. ഈ കൊടുംഭീകരർക്കു കീഴടങ്ങി ജീവിക്കുന്നതിനെക്കാൾ നല്ലതു മരിക്കുന്നതാണ് എന്ന ഉറച്ച ബോധ്യം ഒരു രാഷ്ട്രീയനിലപാടാണ്. ജനഗണമന പ്രേമവുമായി ഇപ്പോൾ തെരുവിലിറങ്ങിയവർ ഒന്നാന്തരം ദേശവിരുദ്ധരാണ്. മ്യൂസിയം പോലീസിന്റെ അകമ്പടിയുണ്ടെന്നുവച്ച് അവരെ മാനിക്കാനാവില്ല.

ജനഗണമനയുടെ ദേശീയഗാന പദവി എടുത്തുകളയണമെന്ന് എത്രയോ കാലമായി ആവശ്യപ്പെടുന്നവരെ തൃപ്തിപ്പെടുത്താൻ വേണ്ടി തീയേറ്ററിനുള്ളിൽ എഴുന്നേറ്റു നിൽക്കാൻ മനസില്ല സർ. അറസ്റ്റു ചെയ്തോളൂ. വെടിവച്ചു കൊന്നോളൂ. എന്നിട്ടു ശവം ചുട്ടു തിന്നോളൂ. പക്ഷേ, നിങ്ങളുടെ ഭീഷണിയ്ക്കു വഴങ്ങി എവിടെയും എഴുന്നേറ്റു നിൽക്കുമെന്നു ധരിക്കരുത്.

പരമ്പരാഗതമായി ഈ നാട്ടിൽ ദേശീയഗാനം മുഴങ്ങുന്ന ഇടങ്ങളും വേദികളുമുണ്ട്. ഞങ്ങൾ അവിടെ എഴുന്നേറ്റു നിൽക്കുന്നവരാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തോട്, ഭരണഘടനാദത്തമായ തുല്യനീതിയോട്, അങ്ങനെ ആദരവു പ്രകടിപ്പിക്കുന്നവരാണ്. സ്വാതന്ത്ര്യസമരത്തെ എതിർത്ത് ബ്രിട്ടീഷുകാരോടു സന്ധിചെയ്തു നടന്ന 'പരമപൂജനീയ'രുടെ പിൻതലമുറയ്ക്ക് അതു മനസിലാവില്ല.

ഇവിടെ, തീയേറ്ററിനുള്ളിൽ മുഴങ്ങുന്ന ദേശീയഗാനത്തിനു മുന്നിൽ എഴുന്നേറ്റു നിൽക്കുമ്പോൾ, യഥാർത്ഥത്തിൽ ഞങ്ങളെഴുന്നേൽക്കുന്നത്, മറ്റുള്ളവർ എന്തുചെയ്യുന്നു എന്നു നോക്കിയിരിക്കുന്ന കപടദേശീയവാദികളുടെ ക്യാമറക്കണ്ണുകളെ തൃപ്തിപ്പെടുത്താനാണെന്നു തിരിച്ചറിയുന്നു. അവരോടുള്ള ആദരസൂചകമായി പൊങ്ങാനുള്ളതല്ല, ഞങ്ങളുടെ ചന്തികൾ.

ഒറ്റിനു ശമ്പളം പറ്റുന്നവർ...

തീയേറ്ററിനുള്ളിൽ ദേശീയഗാനം മുഴങ്ങുമ്പോൾ കാണികളാരെങ്കിലും എഴുന്നേറ്റുനിന്നില്ലെങ്കിൽ അക്കാര്യം വാർത്തയാക്കുന്നതു മനസിലാക്കാം. വലിയ പ്രാധാന്യത്തോടെ അതു പ്രസിദ്ധീകരിക്കുന്നതും. ദേശീയഗാനം പാടുമ്പോൾ മറ്റെല്ലാവരും അറ്റൻഷനായി നിൽക്കുമ്പോൾ അത്തരത്തിലൊരു നിയമവും സ്വയം ബാധകമല്ലെന്നു കരുതുകയും അതേ പോലെ കരുതുന്ന ക്യാമറ കൈയിലില്ലാത്ത ചിലരുടെ ഇരിപ്പിടങ്ങളിലേക്കു ദൃഷ്ടിപായിച്ച് ക്യാമറ ക്ലിക് ചെയ്തു 'കാണട്ടെ കോടതി' എന്നാക്രോശിക്കുകയും ചെയ്യുന്നതുപോലും അവരുടെ രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി തിരിച്ചറിയാം. എന്നാൽ എഴുന്നേറ്റു നിൽക്കാത്തവരെ ചൂണ്ടിക്കൊടുക്കാൻ പൊലീസുമായി എത്തുന്ന മാദ്ധ്യമപ്രവർത്തകന്റെ പേരു വേറെയാണ്. അങ്ങനെയുള്ളവരെ ഒറ്റുകാരെന്നോ കൂട്ടിക്കൊടുപ്പുകാരെന്നോ വിളിച്ചാൽ കുറഞ്ഞുപോവുകയേ ഉള്ളൂ.

ജേണലിസ്റ്റുകളെ വിശ്വാസത്തിലെടുത്താണ് ഓഫ് ദി റെക്കോഡായി പലരും പറയുന്നത്. അതൊന്നും റിപ്പോർട്ടു ചെയ്യരുത് എന്നതു മാദ്ധ്യമപ്രവർത്തനത്തിലെ പാഠങ്ങളിലൊന്നാണ്. അതാണു മര്യാദ. ആ മര്യാദ പുലർത്താത്തവരെ നാട്ടുഭാഷയിൽ പലതും വിളിക്കാം. വിശേഷിപ്പിക്കാം. ആര്‍എസ്എസ് ചാനലിലെ ഒരു ശ്രീകാന്ത് എന്ന കേവലമൊരു റിപ്പോര്‍ട്ടര്‍ കാക്കി ട്രൗസറിട്ടതുകൊണ്ടു മാത്രം മാദ്ധ്യമപ്രവര്‍ത്തനമൊന്നാകെ മേൽപ്പറഞ്ഞ വിശേഷണത്തിന് ഇരയാവുകയില്ല.

പക്ഷേ ഒരു ജേര്‍ണലിസ്റ്റിന്റെ പണിയെന്ത് എന്നു പൊതുസമൂഹം ആലോചിക്കുക തന്നെ വേണം. മാദ്ധ്യമപ്രവർത്തനവും ജീവിതം തന്നെയും സംഘ്‌പരിവാറിനുള്ള കുഴലൂത്താക്കി മാറ്റാം. അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യം. പക്ഷേ, ഇവരൊക്കെ ദേശസ്നേഹികളും ഇവരെ അനുസരിക്കാത്തവരൊക്കെ രാജ്യദ്രോഹികളുമാകുന്ന അവസ്ഥയുടെ ഗതികേടു പൊതുസമൂഹം തിരിച്ചറിയണം.

ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നതിനപ്പുറം ജുഡീഷ്യറിയെയും നിയമവ്യവസ്ഥകളെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ ദേശീയഗാനത്തോട് ഇന്നേവരെ ഒരു അനാദരവും കാണിച്ചിട്ടില്ല. ഇനിയും കാണിക്കുകയുമില്ല. എന്നാൽ ശ്രീകാന്തുമാരുടെ സർട്ടിഫിക്കറ്റിനുവേണ്ടി പൊതുദർശനത്തിനു വയ്ക്കാനുള്ളതല്ല, എന്റെ ദേശസ്നേഹവും രാജ്യത്തോടുള്ള പ്രതിബദ്ധതയും.

ദേശീയത പഠിപ്പിക്കുന്ന ക്രമസമാധാന പാലകര്‍

ദേശീയത പഠിപ്പിക്കുന്ന തലസ്ഥാനത്തെ പ്രമുഖ ട്യൂഷൻ സെന്ററാണു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ. അവിടെ പഠിപ്പു തരപ്പെടുന്നവർക്ക് ഒന്നാം റാങ്കുറപ്പാണ്. മ്യൂസിയം സ്റ്റേഷനിലെ എസ്‌ഐ ജി സുനിലിന്റെ ഹീറോയിസം കണ്ടാല്‍ സിഐ അനില്‍കുമാര്‍പോലും ചിലപ്പോള്‍ സല്യൂട്ടടിച്ചുപോകും. സുരേഷ് ഗോപിയുടെ കമ്മീഷണര്‍ എന്ന സിനിമ ദിവസം അഞ്ചുഷോ കളിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ പ്രതിനിധിയാണദ്ദേഹം.

എന്തൊക്കെ ചോദ്യങ്ങളായിരുന്നുവെന്നറിയാമോ? നീയൊക്കെ ഇവിടെത്തന്നെ ജനിച്ചതാണോ? നീയൊക്കെ എന്തിനാണ് സ്‌കൂളിലും കോളജിലുമൊക്കെ പോയത്? എസ്ഐ അദ്ദേഹം ഉറഞ്ഞു തുള്ളുകയായിരുന്നു.

പിന്നെ കുറെ ഗീതോപദേശവും. എന്റെ പേര് വിനേഷ് കുമാറെന്നും പിതാവിന്റെ പേര് ശിവപ്രസാദ് എന്നും ആയതുകൊണ്ട് പാകിസ്ഥാനിലേക്കു പോകാന്‍ പറഞ്ഞില്ലെന്നു മാത്രമേയുള്ളു. പിടിയിലായ ആറില്‍ അഞ്ചുപേരും മലബാറുകാരാണെന്നുകൂടിയും അറിഞ്ഞതോടെ പൊലീസിന്റെ മട്ടുംഭാവവും രൂക്ഷമായി. കാക്കി പാന്റ് നീളംകുറഞ്ഞു കാക്കി ട്രൌസറായി. രാജ്യസ്‌നേഹിയെ രാജ്യദ്രോഹിയാക്കാന്‍ പൊലീസിനോളം മറ്റാര്‍ക്കും കഴിയില്ലല്ലൊ.

പറയുമ്പോൾ എല്ലാം പറയണമല്ലോ. കാലിനു വേദനയുള്ളതിനാല്‍ എനിക്കും റിപ്പോര്‍ട്ടര്‍ ചാനലിലെ രതിമോള്‍ക്കും പൊലീസ് സ്റ്റേഷനിൽ ഇരിക്കാൻ കസേര തന്നു സഹായിച്ചിരുന്നു. പാന്റ് അഴിച്ച് എന്റെ ആക്‌സിഡന്റായ വലതുകാല്‍ പരിശോധിച്ചു ബോധ്യമായശേഷം മാത്രമായിരുന്നു ഈ സൗകര്യം. അവശേഷിക്കുന്ന നാലുപേര്‍ അപ്പോഴും കൊടുംകുറ്റവാളികളെപ്പോലെ ലോക്കപ്പിനു സമീപം നില്‍ക്കേണ്ടി വന്നു. ഇതിനിടെ സ്റ്റേഷനിലെത്തിയ മാദ്ധ്യമസുഹൃത്തുക്കളും ഇതിനു സാക്ഷിയായിരുന്നു.

ഇനി കോഴിക്കോട്ടെ ഒരുകഥ കൂടി കൂട്ടിച്ചേര്‍ക്കട്ടെ. നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്‌റെ മൃതദേഹം മുതലക്കുളത്തു പൊതുദര്‍ശനത്തിനു വയ്ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. പിന്നീട് ഗ്രോ വാസുവിന്റെ വീട്ടുപടിക്കലും അനുവദിച്ചില്ല. കാരണമെന്താണെന്നു വച്ചാല്‍ യുവമോര്‍ച്ചയുടെ ഭീഷണി തന്നെ. നിശാഗന്ധിയില്‍ പൊലീസിനു ലഭിച്ച ആര്‍എസ്എസിന്റെ നിര്‍ദേശവും ഇതും തമ്മില്‍ സാമ്യം തോന്നുന്നുവെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല. സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയാലും നിര്‍ദേശിച്ചാലും അക്ഷരംപ്രതി അനുസരിക്കുന്ന പൊലീസിനെ ആഭ്യന്തരമന്ത്രി പിണറായി വിജയന് ഇനിയും മനസ്സിലായില്ലെങ്കിലും ജനത്തിനു മനസ്സിലാകുന്നുണ്ട്. പൊലീസിന്റെ ആത്മവീര്യം കളയരുതല്ലോ. ക്ഷമിക്കണം, അതു മറന്നുപോയി.

ചലച്ചിത്രോത്സവത്തെയും വെറുതെ വിടില്ല

ദേശീയതയുടെ പേരിൽ എവിടെയും അഴിഞ്ഞാടാൻ നടക്കുകയാണ് ആർഎസ്എസ്. 21-ാമത് അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയിലും മറിച്ചല്ല സംഭവിക്കുന്നത്. മികച്ച സിനിമ ആസ്വദിക്കാനും ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതിനും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും സാമൂഹ്യമായ പുരോഗതിയുടെ തട്ടകമായാണ് ഐഎഫ്എഫ്‌കെ ചലച്ചിത്ര ആസ്വാദകര്‍ ഇത്രയും കാലം മനസ്സിലാക്കിപ്പോന്നത്.

സാധാരണഗതിയിൽ അവിടെ സംഘപരിവാറുകാർക്ക് ഇടമില്ല. ഒറ്റുകാർക്കും അക്രമികൾക്കും കൊലയാളികൾക്കും എന്തു സൌഹൃദം? എന്തു സിനിമ? എന്തു സാമൂഹ്യപുരോഗതി? കാക്കി ട്രൗസറും കൗപീനവും ചുറ്റി ചലച്ചിത്രോത്സവ വേദികളിൽ ആളാകാനാവില്ല. അനുസരിക്കാനും അനുസരിപ്പിക്കാനും മസിലുപെരുപ്പിച്ചു നടക്കുന്നവർക്ക് സൌഹൃദക്കൂട്ടായ്മകളിലും സാംസ്ക്കാരിക സദസുകളിലും സ്വമേധയാ പ്രവേശനമില്ല.

അപ്പോൾപ്പിന്നെ ആളാകാൻ വഴിയൊന്നേയുള്ളൂ. സദാചാര പൊലീസു കളി. കൂടെക്കളിക്കാൻ ഒറിജിനൽ പൊലീസിനെക്കൂടി കിട്ടിയാൽ കളി ജോറാകും. മ്യൂസിയം പൊലീസിന്റെ സഹായത്തോടെ ജനം ടിവിയിലെ ആർഎസ്എസ് റിപ്പോർട്ടർ ശ്രീകാന്ത് കളിച്ചത് അങ്ങനെയൊരു കളിയാണ്.

മ്യൂസിയം സ്റ്റേഷനിലെ എസ്ഐയേമാനോട്...

അവസാനമായി മ്യൂസിയം എസ്ഐ ജി സുനിലിനോടൊരു വാക്ക്. ബലപ്രയോഗത്തിലൂടെ അനുസരണ പഠിപ്പിക്കാമെന്നു വ്യാമോഹിക്കുന്ന അങ്ങ് പഴയൊരു നിയമസഭാ പ്രസംഗം വായിച്ചു നോക്കുന്നതു നന്നായിരിക്കും. 1977 മാർച്ച് 30ന്റെ സഭാരേഖകളിൽ ആ പ്രസംഗമുണ്ട്. അതിലിങ്ങനെയൊരു ഭാഗവും.

അവര്‍ രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നതു പോരെന്ന് അവര്‍ക്കു തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീടു കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, 'നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ച് - ഇരുപത് മിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി.
വട്ടംകൂടി നിന്ന് കൈത്തരിപ്പുതീരുവോളം തല്ലി, പോലീസുകാർ അനുസരണ പഠിപ്പിക്കാൻ ശ്രമിച്ച ആളിന്റെ പേര് പിണറായി വിജയൻ എന്നാണ്. ശരീരത്തെ പീഡിപ്പിച്ചാലൊന്നും ആത്മാഭിമാനമുള്ളവനെ അനുസരിപ്പിക്കാൻ കഴിയില്ലെന്നാണ് ആ പ്രസംഗത്തിന്റെ പാഠം. അൽപസ്വൽപം ചരിത്രബോധം ഒരെസ്സൈയ്ക്കും ഉണ്ടാകുന്നത് നല്ലതാണ്.