പാടി ട്രോളി ഊരാളി; ചൂടോടെ ഒരു കട്ടന്‍, അല്ല നോട്ട് പാട്ട്

നോട്ട് നിരോധനത്തോട് ഊരാളി ബാന്‍ഡിന്റെ പ്രതിഷേധം പാട്ടും പറച്ചിലുമായി. രാജകീയ ചായ എന്ന ആല്‍ബം കലാപ്രതിഷേധമാകുന്നു. വരിനിന്നു വയ്യാണ്ടായ രാജ്യത്തിനു സമര്‍പ്പിക്കുന്ന പാട്ട് കാണാം:

പാടി ട്രോളി ഊരാളി; ചൂടോടെ ഒരു കട്ടന്‍, അല്ല നോട്ട് പാട്ട്

വരിയില്‍ നമ്മള്‍ കിതച്ച്

പിന്നോട്ടായാലെന്താ!
നമ്മുടെ രാജൃം കുതിച്ച് മുന്നില്‍ പോകണ കണ്ടാ!

അങ്ങിനെ മുന്നില്‍ പോണതു കാണാന്‍ ഊരാളുകളും പോയി ക്യൂവില്‍. ജീവിക്കണ്ടേ കാലാകാരന്മാരായാലും മനുഷ്യരല്ലേ. കൊല്ലത്തെ പാട്ടും പറച്ചിലിനും പോകാനുള്ള വണ്ടിക്കാശെടുക്കാന്‍ പോയതാണ്. അവരു പാടി നടക്കണ പാട്ടിലെ പോലായി കാര്യം- വരി നിന്ന് വരി നിന്ന് വയ്യാണ്ടായി. കിട്ടിയ നോട്ടും വാങ്ങി, നേരം തെറ്റി കൊല്ലത്തോട്ട് വണ്ടിയോടിച്ചു പായുമ്പോ, വഴി നീളെ ക്യൂ.


oorali

കണ്ടിട്ട് സഹിക്കാമ്പറ്റാതെ, ഊരാളി മാര്‍ട്ടിനങ്ങ് ട്രോളാന്‍ തുടങ്ങി

'വി- സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടരും'

'കോണകമുടുക്കാനില്ലാത്തോനു എന്തിനാ സര്‍ തലപ്പാവ് ? ( രണ്ടായിരത്തിന്റെ നോട്ട് കാ ആത്മഗത്)'

അരി മണി തിന്നാനില്ലെന്നാലതിനെന്താ!
തിരക്ക് കുറഞ്ഞ് നമ്മുടെ നാടും നന്നാകുന്നതിനല്ലേ-യെന്ന പ്രതീക്ഷകളുടെ ദിനങ്ങളൊക്കെ കഴിഞ്ഞ്, ആളുകള്‍ ക്യൂവില്‍ കുഴഞ്ഞു വീഴാന്‍ തുടങ്ങിയതോടെ, കലയല്ലേ, കലഹിക്കണ്ടേയെന്ന തോന്നലങ്ങ് തൃശൂര്‍ മനക്കൊടീലെ ഊരാളികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങി. ഊരാളികളുടെ സുഹൃത്തുക്കളും ചോയ്ച്ചു തുടങ്ങി. എവിടെ നോട്ട് നിരോധനത്തോടുള്ള ഊരാളികളുടെ പാട്ടെവിടെ... പറച്ചിലെവിടെ...

പിണ്ണാക്കില്ലാതാലയില്‍ കാലികള്‍ പിടഞ്ഞ് വീണാലെന്താ!
തിന്നാല്‍ പാപം കൊന്നാല്‍ തീരും വിശ്വാസികളുടെ കാലം- നോട്ട് നിരോധനത്തോടുള്ള വിശ്വാസമെല്ലാം പോയി. കീറാമുട്ടി പോലെ കുറച്ചു രണ്ടായിരത്തിന്റെ നോട്ട് കിട്ടി. ബാറില്‍ ചെന്ന് ബിയറു വാങ്ങിപ്പോലും മാറ്റാനാവാത്ത നോട്ടുകള്‍. ട്രെയിന് ടിക്കറ്റെടുത്ത് മാറാനാവുന്ന നോട്ടുകള്‍. ഊരാളികളുടെ ദേഷ്യം പെരുകിപ്പെരുകി വന്നു.

അപ്പോ, ഊരാളികള്‍ ഷാജിയാശാനെ വിളിച്ചു കളത്തിലേക്കിറക്കും. ആളാണല്ലോ പാട്ടെഴുത്തിന്റെ ആശാന്‍. ബാക്കിയുള്ളവരും capture
കൂടിയിരുന്ന് തല പുകയ്ക്കും. വരിയപ്പോളങ്ങു വരികയാകും. ഗിറ്റാറുമായി സജിയും കൂടിയങ്ങ് ചേരുന്നതോടെ... വരിയും അതിനു പായാനുള്ള ഈണവുമാവുകയായി. ആ കൂടിയിരുപ്പ് രാജകീയ ചായയിലെത്തി. ചായക്കടക്കാരന് പ്രധാനമന്ത്രിയാകുന്ന രാജ്യത്ത് ചായയെക്കാള്‍ വലിയ പ്രതിഷേധമെന്ത്. കടുപ്പത്തില്‍ ഒരു പാട്ടങ്ങിട്ടു തുടങ്ങി ഊരാളികള്‍.

ഇരു രാജൃത്തും സൈനികര്‍ തമ്മില്‍ വെട്ടി ചത്താലെന്താ!
വീരന്‍മാര്‍ക്കത് ചരമം തന്നെ. ധീരന്‍മാര്‍ക്കോ ഒരു കുറി മരണം.
ചാകുന്നോര്‍ക്കും കൊല്ലുന്നോര്‍ക്കും നൃായം ഒന്നതു നാടിനുവേണ്ടി- അതുപോലൊരു ന്യായമുണ്ടല്ലോ ഊരാളികള്‍ക്കും. പാട്ട് നാടിനു വേണ്ടിയാണ് സാറന്മാരെ. കേട്ടുകേട്ടങ്ങിരിക്കെ പെരുത്തു പെരുത്തു കേറണ പാട്ട്. അന്യായമല്ലേ... അനീതിയല്ലേ... ഒരുമാതിരി തേങ്ങാക്കൊല പരിപാടിയായി പോയില്ലേ എന്നു തോന്നിപ്പിക്കുന്ന പാട്ട്.

oorali-3

മലയാളത്തില്‍ ബാന്‍ഡ് എന്ന നിലയില്‍, കൂട്ടിയ ജീവിക്കുന്ന കൂട്ടമല്ലേ. കൂടിയിരുന്നാല്‍, പോരുകയല്ലേ- വരികളേന്താണ്ടായി. ഇനി എങ്ങനെ അവതരിപ്പിക്കണമെന്നായിരുന്നു. സംഭവം പാടി റെക്കോര്‍ഡ് ചെയ്യാമെന്നായി. ഇത്തിരി സൗകര്യത്തില്‍ മനക്കൊടിയിലെ ഊരാളി സ്റ്റുഡിയോയില്‍ ഷൂട്ട് തീരുമാനിച്ചു. ഊരാളികളുടെ ലൈറ്റും ആര്‍ട്ടും വേഷഭൂഷകളും- പിന്നെയൊരു കടുപ്പന്‍ ചായയും. പാട്ട് ക്യാമറയ്ക്ക് മുന്നിലെത്തി.

നാട്ടില്‍ ശാന്തി പുലര്‍ത്താന്‍ പ്രാവ് പറത്താം തോക്കിന്‍ തുമ്പില്‍ പൂക്കള്‍ കുത്താം
യുദ്ധ വിരുദ്ധം റാലികള്‍ പോകാം തുടരെ വെടി പൊട്ടിക്കാം

അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ അയ്യോ വയ്യേ വരിനിന്ന് വരിനിന്ന് വയ്യാണ്ടായേ
അയ്യോ വയ്യേ അയ്യോ വയ്യേ ഒപ്പു വാങ്ങി സീലു വാങ്ങി വയ്യാണ്ടായി- ആ വരികള്‍ ഊരാളികളുടേതായി നാടാകെ കേട്ടതാണ്. ക്യൂ നിന്നു തുടങ്ങിയപ്പോഴേ കേട്ടവര്‍ കേട്ടവരോര്‍ത്തതാണ്. ഇതാണല്ലോ അവസ്ഥയെന്ന്.

പണ്ടൊരു നാളില്‍ പാതിര രാവില്‍ പൗരരുറങ്ങേ പുലര്‍ന്നതത്രേ സ്വാതന്ത്ര്യം!
ഇന്നൊരു രാവില്‍ ഉറക്കം ഞെട്ടി പൗരന്‍ തെരുവില്‍ വെയിലത്തായി- രണ്ടു പാതിരാവിനേയും കൂട്ടി, അസ്വാതന്ത്ര്യത്തിന്റെ, ഏകാധിപത്യത്തിന്റെ വെയിലുച്ചകള്‍. രാജ്യം പൊള്ളിയ ദിനങ്ങള്‍.

പൊരിയും വരിയില്‍ പൊള്ളുമ്പോളൊരു 'കള്ളാ' വിളിയില്‍ ചൂളാറുണ്ടോ?
ഇല്ലം കത്തും നേരം എലികള്‍ തിത്തി തൈ തൈ തുള്ളാറുണ്ടോ

ഉള്ളത് നുള്ളികൂട്ടിയതുള്ളി തോലു പൊളിച്ചത് പോലുണ്ടോ!
ഉള്ളുതുറന്നിട്ടുള്ളത് പറയാന്‍ തുണയില്ലാരും നെഞ്ഞാളുന്നുഇനിയങ്ങോട്ടിനി ഗതിയെങ്ങോട്ടാ?
വലയാല്‍ പരക്കെ വിരിച്ചൊരു നാട് കുതിച്ചിത് മേപ്പോട്ടെങ്കില്‍
അങ്ങിനെ എഡിറ്റിങ്ങും കഴിഞ്ഞ് പാട്ടിറങ്ങുന്ന ദിനമെത്തിയപ്പോള്‍, നോട്ട് നിരോധിച്ചിട്ട് 22 ദുരിത ദിനങ്ങള്‍ താണ്ടിക്കഴിഞ്ഞിരുന്നു. ശമ്പളക്കാരുടെ ദിവസമെത്തിയിരുന്നു. ബാങ്കായ ബാങ്കെല്ലാം നിലച്ച ദിവസം. ശമ്പളം വാങ്ങി പറ്റുകള്‍ തീര്‍ക്കേണ്ട ദിവസം. ശമ്പളക്കാരും സാധാരണക്കാരും ഒന്നിച്ചടിയില്‍ പോയ ദിവസം.

അടിയില്‍പെട്ടവര്‍ അരികത്തായവര്‍
വരിയില്‍ പെട്ട് കുടുങ്ങും
വലയില്‍ തങ്ങിയൊടൂങ്ങും

വഴിമുട്ടുന്നോര്‍ വഴിയില്‍ തീരും
വഴിതെറ്റുന്നോര്‍ വഴിയേ അറിയും

വഴിയിനി ഒന്നേയുള്ളൂ വാഴുന്നോരേ വാഴ്ത്തുക മാത്രം വഴിയില്‍ തൊഴുകൈ കൂപ്പുക മാത്രം

അങ്ങിനെ പാട്ടില്‍ തൊഴുകൈയിട്ടെങ്കിലും ഊരാളിയുടെ നോട്ടുപാട്ടിന്റെ പ്രതിഷേധം ശ്ക്തമായി പടരുകയാണ്. നോട്ട് നിരോധനത്തോട് പ്രതികരിച്ച കലാവിഷ്‌ക്കാരമായി രാജകീയ ചായ എന്നു പേരിട്ട പാട്ട് പടരുകയാണ്.

ഊരാളികളായ  സജി, മാര്‍ട്ടിന്‍, സുധീഷ്, ഷാജി, അര്‍ജ്ജുന്‍, മല്ലു, സ്വരൂപ്, ജെയ്‌ജേ- എല്ലാവരുമുണ്ട് പാട്ടില്‍. വരിനിന്നു വരിനിന്നു വയ്യാണ്ടായവര്‍ക്കായി സമര്‍പ്പിച്ച പാട്ട്:

https://www.youtube.com/watch?v=gaizZ8u1HCE

Read More >>