ദേശീയഗാനത്തിന് എഴുന്നേറ്റില്ല; ഒരാള്‍കൂടി അറസ്റ്റില്‍

ഇന്നു പന്ത്രണ്ടരയോടെ അജന്ത തിയേറ്ററില്‍ നിന്നാണു സുനില്‍ കുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്. സുനില്‍ കുമാര്‍ മാത്രമാണ് ദേശീയ ഗാനത്തിന് എഴുന്നേൽക്കാതിരുന്നതെന്നു പൊലീസ് പറഞ്ഞു. കാലില്‍ മുറിവുള്ളതിനാലാണു ദേശീയ ഗാന സമയത്ത് എഴുന്നേൽക്കാതിരുന്നതെന്നു സുനില്‍ കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ദേശീയഗാനത്തിന് എഴുന്നേറ്റില്ല; ഒരാള്‍കൂടി അറസ്റ്റില്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റില്ല എന്നപേരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം കേശവദാസപുരം സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. കാലില്‍ മുറിവുള്ളതിനാലാണു ദേശീയ ഗാന സമയത്ത് എഴുന്നേൽക്കാതിരുന്നതെന്നു സുനില്‍ കുമാര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ബാംഗ്ലൂര്‍ ഐടി മേഖലിയില്‍ ജോലി ചെയ്യുന്നയാളാണ് സുനില്‍.

ഇന്നു പന്ത്രണ്ടരയോടെ അജന്ത തിയേറ്ററില്‍ നിന്നാണു സുനില്‍ കുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തത്. സുനില്‍ കുമാര്‍ മാത്രമാണ് ദേശീയ ഗാനത്തിന് എഴുന്നേൽക്കാതിരുന്നതെന്നു പൊലീസ് പറഞ്ഞു.


തിയേറ്ററിലുള്ള ആളുകളും തിയേറ്റര്‍ ജീവനക്കാരും പരാതിപ്പെട്ടു എന്നു ദേശീയ ഗാനത്തിന് എണീക്കാതിരിക്കുന്നവരെ നിരീക്ഷിക്കാന്‍ മുകളില്‍ നിന്നുള്ള നിര്‍ദേശമുണ്ടെന്നും ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് നാരദാ ന്യൂസിനോട് പറഞ്ഞു. ദേശീയ ഗാന സമയത്ത് എഴുന്നേൽക്കാതിരിക്കുന്നവരെ നിരീക്ഷിക്കാൻ എല്ലാ തിയേറ്ററുകളിലും  പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി ലംഘിച്ചതിനുള്ള കേസാണ് സുനിലിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇയാളെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നും ഈസ്റ്റ് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

ഇന്നലെ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തതിനു പന്ത്രണ്ടു പേരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു. ഇതില്‍ മൂന്നു പേര്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.

തിങ്കളാഴ്ച വൈകീട്ട് ആറിനു നിശാഗന്ധിയിലാണ് ആദ്യത്തെ അറസ്റ്റ് നടന്നത്.  ഡെലിഗേറ്റുകളുടെ പ്രതിഷേധത്തത്തെുടര്‍ന്നു രാവിലെ 11.30ന് കലാഭവനില്‍ മാറ്റിവച്ച മത്സരചിത്രമായ 'ക്‌ളാഷ്' ആണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പുതന്നെ ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേല്‍ക്കണമെന്ന് സംഘാടകര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേശീയഗാനം ആരംഭിച്ചപ്പോള്‍ പിന്‍നിരയില്‍ ഇരുന്ന ആറുപേര്‍ എഴുന്നേറ്റില്ല. ഇവരോട് എഴുന്നേല്‍ക്കാന്‍ സംഘാടകരും പൊലീസും ആംഗ്യം കാട്ടിയെങ്കിലും അനുസരിച്ചില്ല. ഇതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇതിനെ തുടര്‍ന്നു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും തടിച്ചു കൂടിയിരുന്നു. പൊലീസ് ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി വീണ്ടും അഞ്ചു പേരെക്കൂടി ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെതിരെ ഇന്നു രാവിലെ ഐഎഫ്എപ്‌കെയിലെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിനു മുന്നില്‍ സംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയത അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും അത്തരം നിലപാടുകള്‍ പ്രതിരോധിക്കുകയാണു വേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കൂട്ടായ്മ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്ആര്‍ ശക്തിധരന്‍ ഉദ്ഘാടനം ചെയ്തു.

ഐഎഫ്എഫ്‌കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ചലച്ചിത്ര ആസ്വാദന വേദികളില്‍ ഇത്തരം നിര്‍ബന്ധങ്ങള്‍ പാടില്ല. മനുഷ്യാവകാശങ്ങള്‍ക്കു മുകളില്‍ ഭരണകൂട ഇടപെടല്‍ അവസാനിപ്പിക്കണം. തങ്ങളുടെ പ്രതിഷേധം ദേശീയഗാനത്തോടോ ദേശീയതയോടോ ഉള്ള അനാദരവ് അല്ലെന്നും എന്നാല്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകളോടു യോജിക്കാനാവില്ലെന്നും സമരക്കാര്‍ പറഞ്ഞു

Read More >>