ശമ്പളം അക്കൗണ്ടില്‍ കുടുങ്ങി; കയ്യില്‍ പണമില്ലാതെ ജനം ക്യൂവില്‍ തന്നെ; രാജ്യത്തിനി നോട്ടു പ്രതിസന്ധി ഗുരുതരമാക്കുന്ന നാളുകള്‍

ഇപ്പോഴത്തേതിനേക്കാള്‍ ഇരട്ടി പ്രശ്‌നങ്ങളായിരിക്കും അടുത്ത പത്തു ദിവസങ്ങളിലുണ്ടാകുകയെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ ദിവസങ്ങളിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങളുള്‍പ്പെടെ ശമ്പളം നല്‍കുന്നത്. ബാങ്കുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ശമ്പളം അക്കൗണ്ടില്‍ കുടുങ്ങി; കയ്യില്‍ പണമില്ലാതെ ജനം ക്യൂവില്‍ തന്നെ; രാജ്യത്തിനി നോട്ടു പ്രതിസന്ധി ഗുരുതരമാക്കുന്ന നാളുകള്‍

നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യശമ്പള ദിനത്തില്‍ പണം പിന്‍വലിക്കാനാകാതെ ജനം വലഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ശമ്പളവും പെന്‍ഷനും കൈപ്പറ്റാനാകാതെ ആളുകള്‍ രോഷാകുലരാകുകയാണ്. പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ക്ക് പകരം പണം ബാങ്കുകളിലെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാതെ വന്നതോടെയാണ് പ്രതിസന്ധി വര്‍ദ്ധിച്ചത്.

ശമ്പളദിനമായ ഇന്നലെ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അക്കൗണ്ടുകളില്‍ പണമെത്തിയെങ്കിലും ബാങ്കിലും ട്രഷറികളിലുമെത്തി പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ബാങ്കുകളുടെ സാധാരണ പ്രവൃത്തിദിനത്തിലുള്ളതിന്റെ 20 ശതമാനം പണം പോലും ഇന്നലെ രാജ്യത്തെ ബാങ്കുകളിലെത്തിയില്ല.


രണ്ടു  ലക്ഷത്തിലധികം വരുന്ന രാജ്യത്തെ എടിഎമ്മുകളില്‍ പകുതിയിലധികം ഇപ്പോഴും പ്രവര്‍ത്തന രഹിതമാണ്. പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളിലാകട്ടെ 2000 രൂപയുടെ നോട്ടു മാത്രമാണ് ലഭിക്കുന്നത്. 500ന്റെ പുതിയ കറന്‍സി ആവശ്യത്തിന് വിതരണം ചെയ്യാന്‍ ഇതുവരെ റിസര്‍വ്വ് ബാങ്കിനു കഴിഞ്ഞിട്ടുമില്ല. പണം സൂക്ഷിക്കുന്ന 4075 ചെസ്റ്റുകളാണ് റിസര്‍വ്വ് ബാങ്കിനു കീഴിലുള്ളത്. ഇതില്‍ പകുതിയിലേറെ എസ്ബിഐയുടെ കീഴിലാണ്. 1173 ചെസ്റ്റുകളാണു മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കുള്ളത്. രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ 15 ശതമാനവും നിയന്ത്രിക്കുന്ന എസ്ബിഐയില്‍ മാത്രം 95 ലക്ഷം ഇടപാടുകളാണ് ഇന്നലെ നടന്നത്. 4600 കോടി രൂപയാണ് എസ്ബിഐ വിതരണം ചെയ്തത്. കിട്ടിയ പണം തങ്ങളുടെ ഇടപാടുകാര്‍ക്ക് നല്‍കാന്‍ പോലും തികയാത്തതിനാല്‍ മറ്റ് ബാങ്കുകള്‍ക്ക് കറന്‍സി ചെസ്റ്റുകളില്‍ നിന്ന് പണം നല്‍കാന്‍ എസ്ബിഐയ്ക്ക് കഴിയുന്നുമില്ല.

നവംബര്‍ പത്തിനും 27നും ഇടയില്‍ 8.11 ലക്ഷം കോടിരൂപയുടെ നിരോധിച്ച നോട്ടുകളാണ് ബാങ്കുകളിലെത്തിയത്. എന്നാല്‍ 2.16 ലക്ഷം കോടി രൂപ മാത്രമേ ബാങ്കുകള്‍ വഴി ഇതിനിടെ വിതരണം ചെയ്തതെന്ന് ആര്‍ബിഐയുടെ കണക്കുകകള്‍ വ്യക്തമാക്കുന്നു.

നോട്ടിനായി നെട്ടോട്ടം

ജനങ്ങളും ബാങ്കിംഗ് സംവിധാനങ്ങളും തമ്മിലുള്ള അനുപാതത്തില്‍ രാജ്യത്ത് ആറാം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ശരാശരി മൂന്നു ലക്ഷം രൂപ മാത്രമാണ് എത്തിയത്. മിക്കയിടത്തും ഇരുപതില്‍ താഴെ ആളുകള്‍ക്ക് പണം നല്‍കാന്‍ മാത്രമാണ് ബ്രാഞ്ചുകള്‍ക്ക് കഴിഞ്ഞത്. ചൊവ്വാഴ്ചയിലേക്കും മറ്റും ടോക്കണ്‍ നല്‍കിയാണ് ബാങ്ക് ജീവനക്കാര്‍ ക്യൂവില്‍ നിന്നവരെ അനുനയിപ്പിച്ചത്.

bank-inമറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. മഹരാഷ്ട്രയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആവശ്യമായതിന്റെ 40 ശതമാനം പോലും പണം ബാങ്കുകളിലെത്തിയില്ല. ഗുജറാത്തില്‍ ആവശ്യമുള്ളതില്‍ പത്തിലൊന്നു തുക മാത്രമാണ് എത്തിക്കാന്‍ കഴിഞ്ഞതെന്ന് ദേശീയമാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നിന്റെ പ്രവര്‍ത്തനം ഉച്ചയോടെ അവസാനിപ്പിക്കേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലങ്കാനയിലും ആന്ധ്രയിലും 4000 മുതല്‍ 6000 രൂപ വരെ മാത്രമാണ് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കിയത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗ്രാമീണ മേഖലയില്‍ ഭൂരിഭാഗം ബാങ്കുകളിലും എടിഎമ്മുകളിലും ഇന്നലെ പണമെത്തിയില്ല. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണമെടുക്കാന്‍ പട്ടണങ്ങളിലെത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും നിരാശയായിരുന്നു ഫലം. ഈ സംസ്ഥാനങ്ങളില്‍ ബാങ്കുകളില്‍ പലതും വൈകിട്ട് ഏഴു മണി വരെ പ്രവര്‍ത്തിച്ചു. നോയിഡയില്‍ ഐസിഐസിഐയ്ക്ക് മുന്നില്‍ ഇന്നലെ ബാങ്ക് തുറക്കുന്നതിന് മുമ്പെത്തിയാണ് പണം വാങ്ങിയതെന്ന് ശിവ്കുമാര്‍ എന്നയാള്‍ പറഞ്ഞു.

Gurugram

കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ ഐടി കമ്പനികളില്‍ ചിലതു  ശമ്പളം മുന്‍കൂറായി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികളോടു ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കോ ഇ വാലറ്റ് സംവിധാനങ്ങളിലേക്കോ ശമ്പളം ട്രാന്‍ഫര്‍ ചെയ്യാനാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഇപ്പോഴത്തേതിനേക്കാള്‍ ഇരട്ടി പ്രശ്‌നങ്ങളായിരിക്കും അടുത്ത പത്തു ദിവസങ്ങളിലുണ്ടാകുകയെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ദിവസങ്ങളിലായിരിക്കും സ്വകാര്യ സ്ഥാപനങ്ങളുള്‍പ്പെടെ ശമ്പളം നല്‍കുന്നത്. ബാങ്കുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ആര്‍ബിഐയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്.

Read More >>