നഗ്നസ്ത്രീയുടെ തിരുവത്താഴം: മനോരമയ്‌ക്കെതിരെ ശശികല; ഹനുമാന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതിനോട് ഉപമ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധം അര്‍ദ്ധ നഗ്നയായ യുവതിയെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ ലക്കം ഭാഷാപോഷിണി കമ്പോളത്തില്‍ നിന്നു പിന്‍വലിച്ചുവെങ്കിലും മനോരമയ്‌ക്കെതിരെ പ്രതിഷേധിച്ച കത്തോലിക്കാസഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി രംഗത്ത്.

നഗ്നസ്ത്രീയുടെ തിരുവത്താഴം: മനോരമയ്‌ക്കെതിരെ ശശികല; ഹനുമാന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതിനോട് ഉപമ

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധം അര്‍ദ്ധ നഗ്നയായ യുവതിയെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ ലക്കം ഭാഷാപോഷിണി കമ്പോളത്തില്‍ നിന്നു പിന്‍വലിച്ചുവെങ്കിലും മനോരമയ്‌ക്കെതിരെ പ്രതിഷേധിച്ച കത്തോലിക്കാസഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി രംഗത്ത്. വിള്ളലുളള ശ്രീനാരായണ ഗുരു ശില്‍പ്പവിവാദത്തില്‍ വെള്ളാപ്പള്ളിയോടു നേരിട്ടു ക്ഷമ പറഞ്ഞ മനോരമ നഗ്‌നസ്ത്രീയുടെ തിരുവത്താഴ ചിത്രത്തിന്റെ പേരില്‍ സഭാ അധ്യക്ഷന്‍മാരെ കണ്ടു മാപ്പു പറയാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്തോലിക്കാസഭ മനോരമയ്‌ക്കെതിരെ രംഗത്തു വന്നത്.


കത്തോലിക്കാസഭയോട് മനോരമ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല നാരദാ ന്യൂസിനോട് പ്രതികരിച്ചു. എല്ലാ മതങ്ങള്‍ക്കും അവരുടേതായ മത വിശ്വാസങ്ങള്‍ ഉണ്ട്. അവയെ മുറിപ്പെടുത്താതിരിക്കുകയെന്നതു മതേതരത്വത്തിന്റെ ഭാഗമാണ്. ഈ വിഷയത്തില്‍ കത്തോലിക്കാസഭയുടെ നിലപാടിനോട് നൂറ് ശതമാനം യോജിപ്പുണ്ട്. എന്റെ കുട്ടിയെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. അയല്‍വാസികളുടെ അഭിപ്രായത്തിന് ഈ കാര്യത്തില്‍ യാതൊരു പ്രസക്തിയില്ലെന്നും ശശികല പറഞ്ഞു.

ഹനുമാന്‍ സ്വാമിയുടെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു കൊണ്ട് പുറത്തിറങ്ങിയ ചിത്രം സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചിട്ടും കാണുവാനും പ്രോത്സാഹിപ്പിക്കുവാനും ആളുണ്ടായി. ഹനുമാന്‍ മൃഗമാണ് അതിനാല്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കാമെന്ന നിലപാട് ഹനുമാനെ ദൈവമായി ആരാധിക്കുന്നവരുടെ മുഖത്തു തുപ്പുന്നതിന് തുല്യമാണ്. ആവിഷ്‌കരിക്കാന്‍ നമ്മുടെ രാജ്യത്ത് നിരവധി കാര്യങ്ങള്‍ ഉണ്ടല്ലോ. വിശ്വാസികളുടെ നെഞ്ചത്തു കയറിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കെട്ടഴിക്കേണ്ടതെന്നും ശശികല പറയുന്നു. പ്രവാചകന്റെ ചിത്രം വരയ്ക്കരുതെന്നാണ് ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസമെങ്കില്‍ നിങ്ങള്‍ എന്തിനാണ് അവരെ ചൊറിയാന്‍ പോകുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും ചിത്രങ്ങളെ വിശ്വാസികളായ ഞങ്ങള്‍ അവഹേളിച്ചാല്‍ നിങ്ങള്‍ക്കു സഹിക്കാനാകുമോയെന്നും ശശികല ചോദിച്ചു.

കത്തോലിക്കാസഭയ്‌ക്കെതിരെ ഭാവിയില്‍ ഇത്തരം നിഷേധങ്ങള്‍ ഉണ്ടാകില്ലെന്നു മനോരമ ഉറപ്പു തരണമെന്നും അങ്ങനെ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ഈ വിഷയത്തില്‍ കെസിബിസിയുടെ നിലപാട്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും കത്തോലിക്കാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യത്യസ്ത നിലപാട് എടുത്തതോടെയാണ് പരസ്യമായ പ്രതികരണം സഭയുടെ ഭാഗത്തു നിന്നു തത്കാലം ഉണ്ടാകില്ലെന്ന നില വന്നത്. മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിയുന്നത് ഉചിതമല്ലെന്നായിരുന്നു കര്‍ദ്ദിനാളിന്റെ നിലപാട്. മാദ്ധ്യമങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ലന്നും ആശയങ്ങള്‍ രൂപീകരിക്കുന്നതിലും പൊതുജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തിക്കുന്നതിലും മാദ്ധ്യമങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. . ഒരു മാദ്ധ്യമത്തില്‍ വന്ന കാര്യങ്ങളെ കുറിച്ചു വിശ്വാസികള്‍ക്കുളള ആകുലതയാണ് പ്രതിഷേധമായി പുറത്തു വന്നതെന്നായിരുന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രതികരണം. വീഴ്ചകള്‍ എല്ലാവര്‍ക്കുമുണ്ടാകാമെന്നും അവര്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അതേസമയം മനോരമ ബഹിഷ്‌കരിക്കണമെന്നും കത്തോലിക്കാ വീടുകളില്‍ ദീപിക മനോരമയ്ക്ക് പകരമായി വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവും സഭ നടത്തുന്നുണ്ട്.

എന്നാല്‍ കത്തോലിക്കാസഭയുടെ മൃദു സമീപനം അവരുടെ മാത്രം കാര്യമാണെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളോട് ഹിന്ദു ഐക്യവേദി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ശശികല വ്യക്തമാക്കി. കത്തോലിക്കര്‍ പൂജ്യമായി കാണുന്ന അന്ത്യ അത്താഴ ചിത്രത്തെ അപമാനിച്ചിട്ടുണ്ടെങ്കില്‍ ആ സമുദായത്തോട് മനോരമ മാപ്പു പറയണം. വിശ്വാസം തെരുവില്‍ വലിച്ചിഴയ്ക്കാനുളളതല്ലെന്നും ശശികല പറഞ്ഞു.
ഡിസംബര്‍ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന സി ഗോപന്റെ നാടകത്തിനായി ടോം വട്ടക്കുഴി എന്ന ആര്‍ട്ടിസ്റ്റ് വരച്ചതായിരുന്നു വിവാദത്തിനു ആസ്പദമായ ചിത്രം. ആഴ്ച്ചപ്പതിപ്പിന്റെ തപാല്‍ വരിക്കാര്‍ക്കുള്ള കോപ്പികള്‍ മാത്രമാണു പുറത്തു വന്നിരുന്നത്. ചിത്രം ക്രൈസ്തവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന മുന്‍വിധിയോടെയാണു വിതരണം നിര്‍ത്തിവെക്കാന്‍ മനോരമ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നത്. അച്ചടിച്ച മാഗസിനിലെ ഒരു ചിത്രത്തില്‍ തെറ്റുപറ്റിയെന്നു മനോരമ സര്‍ക്കുലേഷന്‍ വിഭാഗം പ്രതികരിക്കുകയും ചെയ്തിരുന്നു.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന നഗ്നയുവതിയും അവര്‍ക്കു ചുറ്റും ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തില്‍. ചിത്രത്തിന്റെ പേരില്‍ ഡിസംബര്‍ ലക്കം പിന്‍വലിച്ചതില്‍ നവമാദ്ധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More >>