മനോരമയ്ക്കെതിരെ പട വാളോങ്ങുന്ന മഹാ ഇടയന്മാരും കുറച്ചു സാമ്പത്തിക ശാസ്ത്രവും

മനോരമ പൂട്ടിക്കാൻ തെരുവിലിറങ്ങിയ ഉളുപ്പില്ലാത്ത കുഞ്ഞാടുകളോട് ഒരു ചോദ്യം ന്യുമാൻ കോളജിലെ പ്രൊഫസർ ജോസഫ് മാഷിന്റെ കൈ മത ഭ്രാന്തന്മാർ വെട്ടിയെടുത്തപ്പോൾ ആ സാധു മനുഷ്യനെ ജോലിയിൽ നിന്നു പറഞ്ഞു വിട്ടു. കുടുംബം പട്ടിണിക്കാക്കി. ജീവിത സഖിയുടെ മരണത്തിനു വരെ കാരണമാക്കി ആ കുടുബത്തെ ചവിട്ടിയരച്ച് താറുമാറാക്കിയപ്പോൾ വിശ്വാസികൾ എന്തുകൊണ്ട് കീ ബോർഡ് വിപ്ലവം നടത്തിയില്ല.

മനോരമയ്ക്കെതിരെ പട വാളോങ്ങുന്ന മഹാ ഇടയന്മാരും കുറച്ചു സാമ്പത്തിക ശാസ്ത്രവുംഡോ റോബിൻ ആചാര്യ

ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച അന്ത്യത്താഴത്തിന്റെ മാതാ ഹരി വേർഷൻ ചിത്രവും അതുണ്ടാക്കിയ പുകിലുമാണ് ഇപ്പോൾ കത്തോലിക്കാ ഇടയന്മാരുടെ പ്രധാന ആയുധം. മാദക നർത്തകിയും പിന്നീട് ചാരവനിതയെന്നു മുദ്ര കുത്തി ഫ്രഞ്ച് സൈന്യത്താൽ വധിക്കപ്പെട്ട ഡച്ച് സുന്ദരി മാതാ ഹരിയുടെ ജീവിതത്തെ അധികരിച്ച് വൈലോപ്പിള്ളി നർത്തകിയെന്ന കവിതയെഴുതിയിരുന്നു. ഇതേ കവിതയുടെ നാടകാവിഷ്ക്കാരമാണ് സി ഗോപന്റെ 'മൃദുവാദിയുടെ ദുർമൃത്യു.' ഈ നാടകത്തിനുവേണ്ടി  ടോം വട്ടക്കുഴി വരച്ച ചിത്രമാണ് ഇപ്പോൾ പുകിലായിരിക്കുന്നത്. സംഭവം വിവാദമായതോടുകൂടി ഭാഷാപോഷിണിയുടെ ആ ലക്കം പ്രസാധകരായ മലയാള മനോരമ പിൻവലിക്കുകയും അങ്ങനെ ഒരു ചിത്രം വരാൻ ഇടയായതിൽ ക്ഷമ ചോദിക്കുകയും ചെയ്തു .

കലാകാരന്റ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായി ചിലർ ഇതിനെ ന്യായീകരിക്കുന്നു. ലിയോനാർഡോ ഡാവിഞ്ചി എന്ന വിശ്വ മഹാ പ്രതിഭയുടെ ഭാവനയിൽ വിരിഞ്ഞ ഒരു ചിത്രം മാത്രമാണ് 'ഒടുവിലത്തെ അത്താഴം' എന്നതിനാൽ അതിനെ അനുകരിച്ചു വരയ്ക്കുന്ന മറ്റൊരു ചിത്രം എങ്ങനെ ഒരു അവഹേളനവും മത വികാരത്തെ വൃണപ്പെടുത്തുന്നതുമാകുമെന്നു ചോദിക്കുന്ന ഒരുപാടു പേർ സമൂഹത്തിലുണ്ട്. ഒടുവിലത്തെ അത്താഴത്തിന്റെ ചിത്രത്തിൽ ക്രിസ്തുവിന്റെ സ്ഥാനത്തു നഗ്‌നയാ മാതാ ഹരിയുടെ ചിത്രവും ശിഷ്യന്മാരുടെ സ്ഥാനത്തു കന്യാസ്ത്രികളുടെ ചിത്രവുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'ഒടുവിലത്തെ അത്താഴം' എന്ന വിശ്വ വിഖ്യാതമായ ചിത്രം കത്തോലിക്കർ ഒരു പുണ്യ ചിത്രമായാണ് കരുതിയിരിക്കുന്നത്. അത് ഒരു കലാകാരന്റെ ഭാവന അല്ലേയെന്നു ചോദിക്കുന്നവരോട് ഒരു മറു ചോദ്യം. ദൈവങ്ങളുടെ ചിത്രങ്ങളെല്ലാംതന്നെ കലാകാരന്മാരുടെ ഭാവന തന്നെയല്ലേ? അതൊന്നും തന്നെ ശാസ്ത്ര സത്യങ്ങളോ ചരിത്ര സത്യങ്ങളോ ഫോട്ടോകളോ അല്ല. എന്നാൽ ഇവയെല്ലാം മനുഷ്യർ ഏറ്റവും പരമ പ്രധാനമായ ഒരു വികാരമായാണ് കൊണ്ടു നടക്കുന്നത്. അതിനെ അവഹേളിക്കുന്നത് അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുക തന്നെ ചെയ്യും. ഈ വികാരത്തെ മുതലാക്കി  വെറും ഭാഷാപോഷിണിയിൽ പ്രസിദ്ധികരിച്ച അന്ത്യത്താഴത്തിന്റെ മാതാ ഹരി വേർഷൻ ചിത്രമാണ് ഇപ്പോൾ കത്തോലിക്കാ ഇടയന്മാരുടെ പ്രധാന ആയുധം.


വെറും പാഴ് കല്ലാണ് ഒരു വ്യക്തി പരമ പ്രധാനമായി ബഹുമാനിക്കുന്നത് എന്ന് കരുതുക. അതിനെ അപമാനിക്കുന്നത് പരിഷ്‌കൃതമായതോ മാന്യമായ  പ്രവർത്തിയോ അല്ല. ആശയപരമായി എതിർക്കുന്നതും അവഹേളിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് .

വിവാദമായ ചിത്രം സൃഷ്ടിച്ച മൈലേജ് മുതലെടുത്ത് സർക്കുലേഷൻ കൂട്ടാൻ മനോരമ ശ്രമിച്ചില്ലെന്നു മാത്രമല്ല ഉണ്ടായ നഷ്ടം സഹിക്കുകയും ചെയ്തു. പ്രസ്തുത ലക്കം മാർക്കറ്റിൽ നിന്നു പിൻവലിച്ചെങ്കിലും വിവാദമായ ചിത്രം വൈറലായി. വാട്ട്‌സാപ്പിലൂടെ ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടപ്പോൾ അടിയിൽ ഒരു സന്ദേശം കൂടി ഉണ്ടായിരുന്നു. ക്രിസ്തു മത വിശ്വാസത്തെ വൃണപ്പെടുത്തി ക്രിസ്ത്യാനികളെ അപമാനിച്ച മനോരമയുടെ പ്രസിദ്ധികരങ്ങൾ ബഹിഷ്‌ക്കരിക്കുക.

പടയൊരുക്കത്തിന്റെ പിന്നിലെ യുക്തി പരിശോധിക്കാം


ഷാർലി എബ്ദോ എന്ന ഫ്രഞ്ച് മാസിക മുഹമ്മദ്ദ് നബിയുടെ കാർട്ടൂൺ വരച്ചപ്പോഴുണ്ടായ എതിർപ്പുകളും ഭീകരാന്തരീക്ഷവും ലോകം മറന്നിട്ടില്ല. ഏറ്റവും കിരാതമായ രീതിയിൽ നടന്ന ആ പ്രതിഷേധത്തെ അപലപിക്കുക തന്നെ ചെയ്യുന്നു. പക്ഷെ ഒരു കാര്യം ഓർക്കുക, വികാരം വൃണപ്പെട്ടുവെന്നു പറഞ്ഞു മാരകമായി തന്നെ പ്രതിഷേധിച്ചുവെങ്കിലും ഏതെങ്കിലും ഒരു ഇസ്ലാം വിശ്വാസി ഈ കാർട്ടണുകൾ പ്രചരിപ്പിച്ചോ? ഒരിക്കലുമില്ല. നമുക്ക് അപമാനകരമായ ഒരു ചിത്രത്തെ എതിർക്കുകയും അതേ സമയം അപമാനകരമായ ആ ചിത്രം ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വിഷയം.

വിവാദപരമായ ഭാഷാപോഷിണി ചിത്രം ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്നത് ഇടയന്മാരും അവരുടെ ഏറാൻ മൂളുന്ന കുഞ്ഞാടുകളുമാണ്. ഈ ചിത്രം ഉപയോഗിച്ച് മുതലെടുപ്പു നടത്തുന്നവർക്ക് ഇത് വെറും ഒരു പ്രചാരണ ആയുധം മാത്രമാണ്.

ഇതേ ഭാഷാപോഷിണിയിൽ വന്ന ശ്രി നാരായണ ഗുരുവിന്റെ വിള്ളൽ വീണ പ്രതിമയുടെ ചിത്രം മറ്റൊരു വിവാദത്തിലെ നീങ്ങി. വളരെ ചെറിയ രീതിയിൽ പ്രതിഷേധം ഉയർന്നുവെങ്കിലും മനോരമ അധികാരികൾ മാപ്പു പറഞ്ഞതോടു കൂടി അവർ പ്രതിക്ഷേധം വളരെ മാന്യമായി തന്നെ അവസാനിപ്പിക്കുന്നതായി അറിയിച്ചു.

എന്നാൽ ഈ മാന്യത ഇടയന്മാർ കാണിച്ചില്ല. അപമാനിക്കുവന്നവരെ തിരഞ്ഞു പിടിച്ചു വക വരുത്തുവാൻ പഠിപ്പിക്കുന്ന മതമല്ല ക്രിസ്തുമതം. ഏഴ് വീതം എഴുപതു പ്രാവശ്യം ക്ഷമിക്കുവാനാണ് ക്രിസ്തു പഠിപ്പിച്ചത്. തന്നെ ഒറ്റു കൊടുത്തവനോടും കൊലയ്ക്കു കൊടുത്തവരോടും ക്ഷമിച്ച അതേ ക്രിസ്തു വിന്റെ മൊത്ത കച്ചവടക്കാർ ഇതൊക്കെ മറന്നു.

ഇപ്പോൾ പ്രകോപിതരായിരിക്കുന്ന ഇടയന്മാരും അവരുടെ ജൽപ്പനകങ്ങൾക്കു വില കൽപ്പിക്കുന്ന ഏറാൻ മൂളികളായ കുഞ്ഞാടുകളും ഒന്നു മറക്കുന്നു. പണം എന്ന ഏക ദൈവത്തെ തൊടുമ്പോൾ മാത്രമാണ് ഇടയന്മാർ പ്രകോപിതരാകുന്നത്.

അഞ്ചു വർഷം മുൻപ് കേരളത്തിലെ ഒരു പ്രമുഖ മാസികയിൽ ബീഡി വലിക്കുന്ന ക്രിസ്തുവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇടയനും കുഞ്ഞാടുകളും തെരുവ് വിലാപവും തെരുവ് യുദ്ധവുമായോ ഇറങ്ങിയില്ല.

മേഘാലയിൽ കുറച്ചു വർഷം മുൻപ് പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ ചിത്രങ്ങൾ പാഠ പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മേഘാലയയിലും പഞ്ചാബിലും ചില പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും കേരളത്തിലാർക്കും അത് പ്രശ്നമല്ലായിരുന്നു.

ഒറീസയിലെ കാണ്ഡമാനിലെ പട്ടിണി പാവങ്ങളായ അനേകം ദളിത് ആദിവാസി ക്രിസ്ത്യാനികളെ ഏറ്റവും നിഷ്ടൂരമായ രീതിയിൽ മത ഭ്രാന്തന്മാർ കൊന്നൊടുക്കിയപ്പോൾ അവർക്കുവേണ്ടി ഇടയൻന്മാർ കുഞ്ഞാടുകളേയും കൊണ്ട് തെരുവിലിറങ്ങിയില്ല.

പക്ഷെ സ്വാശ്രയ കോളേജുകൾക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നപ്പോൾ ഒരു ഇടയൻ പ്രതികരിച്ചതിങ്ങനെയാണ്. ഒറീസ്സയിൽ നടക്കുന്നതിലും വലിയ അക്രമമാണ് ഇവിടെ കമ്മ്യുണിസ്റ്റുകാർ സഭയ്ക്കെതിരെ നടത്തുന്നതെന്നായിരുന്നു. ഇവിടെയും ഇടയന്മാരുടെ നിർദേശപ്രകാരം കുഞ്ഞാടുകൾ തെരുവു യുദ്ധത്തിനിറങ്ങി.

കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ  ട്രസ്റ്റിനു കീഴിൽ കൊണ്ടുവരണമെന്നു ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിലുള്ള കമ്മറ്റി നിർദ്ദേശം വെച്ചപ്പോഴും സഭാ നേതൃത്വത്തിനു ഹാലിളകി. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യഭ്യാസ വകുപ്പ് സ്വകാര്യ മാനേജ്മെന്റുകളുടെ ചൂഷണത്തിനും കൊള്ളയ്ക്കും കടിഞ്ഞാണിടാൻ ശ്രമിച്ചപ്പോൾ ഇടയന്മാരുടെ നേതൃത്വത്തിൽ കുഞ്ഞാടുകൾ തെരുവിലേയ്ക്കിറങ്ങി. ജന്മി, മുതലാളിത്ത പൗരോഹിത്യ കൂട്ടുകെട്ട് അങ്ങനെ ആദ്യത്തെ കമ്യുണിസ്റ്റ് മന്ത്രി സഭയെ തള്ളി താഴെ ഇട്ടു .

ജറുസലേം ദേവാലയത്തിലെ കച്ചവടം യേശു ക്രിസ്തു പൊളിച്ചതുവഴി തങ്ങളുടെ വരുമാനത്തിനു സാരമായ ഇടിവ് സംഭവിച്ചപ്പോൾ അന്നത്തെ യഹൂദ പ്രമാണികൾ ഒരു കാര്യം തീരുമാനിച്ചു. ഇനിയും ക്രിസ്തുവിനെ ജീവിച്ചിരിക്കുവാൻ അനുവദിച്ചു കൂടാ. അവർ അന്ന് സ്വീകരിച്ച പ്രധാന ആയുധം ഇതായിരുന്നു. ഇയാൾ മത നിന്ദ നടത്തി. ഇയാൾ രാജ നിന്ദ നടത്തി. ഇപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ് .

ഭാഷാപോഷിണിയുമായി ബന്ധപ്പെട്ടുവന്ന വിവാദത്തിൽ ഒരു ഇടയൻ ഇറക്കിയ ലേഖനം തന്നെ ഈ എതിർപ്പിന്റെ സാമ്പത്തിക വശം സൂചിപ്പിക്കുന്നു .

'ക്രിസ്ത്യൻ സമൂദായത്തിന് സ്വന്തമായി ഒരു പത്രം ഉണ്ടായിട്ടു കൂടി അത് ഉപേക്ഷിച്ചു ക്രിസ്തു മത വിശ്വാസികൾ മനോരമ വരുത്തുന്നത് അതും ഒരു ക്രിസ്ത്യൻ പത്രം അല്ലെ എന്ന് കരുതിയതാണ്. ഇപ്പോൾ നേരിട്ടിരിക്കുന്ന കടുത്ത അപാനത്തിൽ പ്രതിഷേധിച്ച് മനോരമ പ്രസിദ്ധീകരണങ്ങളും ചാനലും ബഹിഷ്‌ക്കരിക്കുക.'

(പകരം ദീപികയും ജീവൻ ടീവിയും മറ്റു ഇടയൻ പ്രസിദ്ധീകരണങ്ങളും വാങ്ങുകയെന്ന് അത്ര തെളിച്ചു അങ്ങ് പറഞ്ഞില്ലെന്നുമാത്രം)

ദീപികയെന്ന പത്രം ഉപേക്ഷിച്ചു ക്രിസ്ത്യാനികൾ മനോരമ പത്രം വാങ്ങിയത് എന്തു കൊണ്ടാണെന്നത് പകൽ പോലെ തെളിഞ്ഞു നിൽക്കുന്ന കാരണം കൊണ്ടാണ്. വാർത്ത അറിയാൻ പണം മുടക്കി പത്രം വാങ്ങിയിരുന്ന മലയാളികൾ (അതിൽ എല്ലാ മതസ്ഥരും പെടും) പള്ളിയുടെയും ഇടയന്മാരുടെയും പെരുന്നാളുകളുടെയും പരസ്യങ്ങളും വിശേഷങ്ങളും കണ്ടു മടുത്തതുകൊണ്ടുതന്നെയാണ്. മനോരമ ഏറ്റവും പ്രഫഷണലായി അവരുടെ പ്രസിദ്ധീകരണങ്ങളും ചാനലും നടത്തിക്കൊണ്ടു പോകുന്നതുകൊണ്ടാണ് അവർ ഒന്നാമതായി നിൽക്കുന്നത്. സമുദായവും മതവും മാത്രം നോക്കിയല്ല ഇപ്പോഴും മലയാളികൾ ഒരു കാര്യം തിരഞ്ഞെടുത്തുന്നതിന്റെ മകുടോദാഹരണം തന്നെയാണിത്.

മനോരമയോടുള്ള ഹാലിളക്കത്തിനു മറ്റൊരു കാരണം സഭ പുറത്തു പറയുന്നത് ലാളിത്യം പ്രസംഗിക്കുന്ന മഹാ ഇടയന്മാരുടെ കൊട്ടാര വാതിക്കൽ പോയി കണ്ടത്തിൽ കുടുംബം മുട്ടിൽ വീണിഴഞ്ഞ് മാപ്പപേക്ഷിച്ചില്ലെന്നതാണ്. കഷ്ട്ടം തന്നെ.

മനോരമ പൂട്ടിക്കാൻ തെരുവിലിറങ്ങിയ ഉളുപ്പില്ലാത്ത കുഞ്ഞാടുകളോട് ഒരു ചോദ്യം ന്യുമാൻ കോളജിലെ പ്രൊഫസർ ജോസഫ് മാഷിന്റെ കൈ മത ഭ്രാന്തന്മാർ വെട്ടിയെടുത്തപ്പോൾ ആ സാധു മനുഷ്യനെ ജോലിയിൽ നിന്നു പറഞ്ഞു വിട്ടു. കുടുംബം പട്ടിണിക്കാക്കി. ജീവിത സഖിയുടെ മരണത്തിനു വരെ കാരണമാക്കി ആ കുടുബത്തെ ചവിട്ടിയരച്ച് താറുമാറാക്കിയപ്പോൾ എന്തുകൊണ്ട് വിശ്വാസികൾ കീ ബോർഡ് വിപ്ലവം നടത്തിയില്ല.

മതത്തിന്റെ പേരിൽ ചൂഷിതരാകാൻ തയ്യാറെടുത്ത്  തല കുനിച്ചു നിൽക്കുന്ന ജനങ്ങളാണ് ഈ രാജ്യത്തിന്റെ ശാപം.