മദ്യക്കുപ്പി പൊട്ടിച്ചു: ചോദ്യം ചെയ്ത പ്രവാസിയെ നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് ഓഫീസര്‍ കഴുത്തില്‍പ്പിടിച്ചു നിലത്തടിച്ചു

നിയമാനുസൃതം കൊണ്ടുവന്ന മദ്യകുപ്പി അലക്ഷ്യമായി കൈകാര്യം ചെയ്ത് പൊട്ടിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത പ്രവാസി അക്രമിക്കപ്പെട്ടു. തലയില്‍ മുറിവേറ്റു. മാരകമായ അക്രമത്തിനെതിരെ സഹയാത്രികര്‍ പരാതി നല്‍കി

മദ്യക്കുപ്പി പൊട്ടിച്ചു: ചോദ്യം ചെയ്ത പ്രവാസിയെ നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് ഓഫീസര്‍ കഴുത്തില്‍പ്പിടിച്ചു നിലത്തടിച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവാസിയെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മാരകമായി മര്‍ദ്ദിച്ചതായി പരാതി. നോര്‍ത്ത് പറവൂര്‍ പുത്തന്‍ വേലിക്കര പെരിയങ്ങാട് മണികണ്ഠനാണു മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലത്തെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നു കൊച്ചിയിലെത്തിയതായിരുന്നു മണികണ്ഠന്‍. നിയമാനുസൃതം കൊണ്ടു വന്ന മദ്യകുപ്പി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിനാണ് അക്രമമുണ്ടായത്. മണികണ്ഠനോട് മുന്‍പരിചയമില്ലാത്ത സഹയാത്രികര്‍ അക്രമം തടയുകയായിരുന്നു. സഹയാത്രികരായ അഞ്ചുപേര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കി.
യാത്രക്കാര്‍ വിമാനമിറങ്ങി പേഴ്‌സണല്‍ ബാഗേജുകള്‍ സ്‌കാന്‍ ചെയ്യുന്ന സ്ഥലത്തു ക്യൂ നില്‍ക്കുകായിരുന്നു. എന്റെ മുന്നിലാണ് മണികണ്ഠന്‍ നിന്നത്. കൈയില്‍ കുറെ പാക്കറ്റുകളുമുണ്ടായിരുന്നു. പേഴ്‌സണല്‍ ബാഗേജ് സ്‌കാന്‍ ചെയ്ത ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ സോമി മണികണ്ഠന്റെ പാക്കേജുകള്‍ വാങ്ങി സ്‌കാനറിലിട്ടു. അയാള്‍ അലക്ഷ്യമായി ഇട്ടതിനാല്‍ പാക്കറ്റുകളിലൊന്നിലിരുന്ന ഒരു കുപ്പി മദ്യം താഴെ വീണു പൊട്ടി- പരാതി നല്‍കിയ എന്‍.കെ ഉസ്മാന്‍ നാരദയോട് പറഞ്ഞു.

[caption id="attachment_64639" align="aligncenter" width="659"]complaint സഹയാത്രികർ നല്‍കിയ പരാതി[/caption]

ഇതേ തുടര്‍ന്നു മണികണ്ഠനും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി. സഞ്ജയ് കുമാര്‍ അലക്ഷ്യമായി തന്റെ ബാഗേജ് കൈകാര്യം ചെയ്തതിനാലാണ് കുപ്പിപൊട്ടിയതെന്നായിരുന്നു മണികണ്ഠന്‍ പറഞ്ഞത്. അത് അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അയാള്‍ അടുത്തേക്ക് വന്നു മണികണ്ഠന്റെ കഴുത്തില്‍പ്പിടിച്ചു നിലത്തടിച്ചു. നിലത്തുവീണ മണികണ്ഠന്റെ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി. അയാളെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ പോലും മുതിരാതെ വീണ്ടും മര്‍ദ്ദിക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അഞ്ചോളം യാത്രക്കാര്‍ ഇടപെട്ടു.

തല്ലാന്‍ പാടില്ലെന്നും ആശുപത്രിയിലെത്തിക്കണമെന്നും ഞങ്ങള്‍ പറഞ്ഞു. പക്ഷെ അയാള്‍ കൂട്ടാക്കിയില്ല. മറ്റുയാത്രക്കാരായ ലെന്നീസ് മാത്യു, സനിദ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് മണികണ്ഠനെ എണീല്‍പ്പിച്ചു കസേരയിലിരുത്തി. എന്നിട്ട് വെള്ളം മുഖത്തുതളിച്ചു. അയാള്‍ അബോധവസ്ഥയിലായിരുന്നു. ഞങ്ങള്‍ എയര്‍പോര്‍ട്ടിനകത്തെ തന്നെ ക്ലിനിക്കില്‍ കാണിച്ചു. അവിടെ മുറിവ് മരുന്നുവെച്ചു കെട്ടി. എത്രയും പെട്ടന്ന് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്നു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മണികണ്ഠന്റെ ബാഗേജിലുണ്ടായിരുന്ന കോണ്ടാക്ട് നമ്പരില്‍ വിളിച്ചു വിവിരം പറയുകയായിരുന്നു. അനിയന്‍ വന്നു മണികണ്ഠനെ ഏറ്റെടുത്ത ശേഷം അധികൃതര്‍ക്ക് പരാതിയും നല്‍കിയ ശേഷമാണ് ഞങ്ങള്‍ എയര്‍പോര്‍ട്ട് വിട്ടത്. ചില ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം സഹിക്കാന്‍ വയ്യ. മലയാളി പ്രവാസികളോട് അവര്‍ മോശമായാണ് പെരുമാറാറുള്ളത്. മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്- ഉസ്മാന്‍ പറയുന്നത്.

manikandan

മണികണ്ഠന്‍ വീണു പരിക്കേറ്റുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അനിയന്‍ മനോജിനോട് പറഞ്ഞത്. മണികണ്ഠനെ കാണുമ്പോള്‍ അദ്ദേഹത്തിന് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് മനോജ് പറഞ്ഞു. ഉടനെ അദ്ദേഹത്തെ അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിലാക്കി. കൂടെയുള്ള യാത്രക്കാരാണ് പറഞ്ഞത് മണികണ്ഠന് മര്‍ദ്ദനമേറ്റതാണെന്ന്.

ഒരു ദിവസം നിരീക്ഷണത്തില്‍ കിടത്തിയ ശേഷം മാത്രമെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളു എന്നാണ് സിടി സ്‌കാന്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞത്. നാല് തുന്നലുകളാണ് ചേട്ടന്റെ കണ്ണിന് മുകളിലുണ്ടായിരുന്നത്. അദ്ദേഹത്തിന് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഉച്ചയോടെ പൊലീസെത്തി മൊഴിയെടുത്തു. ഇതേ തുടര്‍ന്ന് ആശുപത്രിക്കാര്‍ രോഗിയെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു ദിവസം നിരീക്ഷണത്തിനെന്നു പറഞ്ഞ ആശുപത്രിക്കാര്‍ തന്നെ അപ്പോത്തന്നെ ഡിസ്ചാര്‍ജ് എഴുതിത്തന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ടും അവര്‍ പറഞ്ഞില്ല. ഇപ്പോള്‍ പൊലീസ് രക്തം പരിശോധിക്കാന്‍ എറണാകുളത്തെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണെന്നും മനോജ് പറഞ്ഞു.

പത്തുവര്‍ഷമായി ദുബായിലെ ഒരു കമ്പനിയില്‍ ക്വാളിറ്റി മാനേജരായിട്ട് ജോലി ചെയ്യുന്ന ആളാണ് മണികണ്ഠന്‍. നിരവധി തവണ വിമാനയാത്രകള്‍ നടത്തിയിട്ടുള്ള മണികണ്ഠനു ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണ്. വാര്‍ത്ത ചെയ്യുന്നതിനായി മണികണ്ഠനെ ബന്ധപ്പെട്ടുവെങ്കിലും ഇദ്ദേഹത്തിനു സംസാരിക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു.

സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More >>