മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

നൗഷാദിന്റെ ഭാര്യ എം സഫ്രീനയ്ക്കാണ് കോഴിക്കോട് ജില്ലയിലെ റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ നിലവിലുള്ളതോ ഒഴിവ് വരുന്നതോ ആയ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ ഉത്തരവായിരിക്കുന്നത്

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

കോഴിക്കോട്: തളിയില്‍ മാന്‍ഹോള്‍ ശുചീകരിക്കുന്നതിനിടെ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശ്വാസം മുട്ടിമരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ഉത്തരവിറങ്ങി. കോഴിക്കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന നൗഷാദിന്റെ ഭാര്യ എം സഫ്രീനയ്ക്കാണ് കോഴിക്കോട് ജില്ലയിലെ റവന്യു എസ്റ്റാബ്ലിഷ്‌മെന്റില്‍ നിലവിലുള്ളതോ ഒഴിവ് വരുന്നതോ ആയ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാന്‍ ഉത്തരവായിരിക്കുന്നത്. 2015 നവംബര്‍ 26നാണ്  കോഴിക്കോട് മാന്‍ഹോള്‍ ദുരന്തമുണ്ടായത്.

മാന്‍ഹോളില്‍ അകപ്പെട്ട ആന്ധ്ര സ്വദേശികളായ നരസിംഹം, ഭാസ്‌കര്‍ എന്നിവരെ രക്ഷിക്കാന്‍ ഇറങ്ങവെയാണ് നൗഷാദ് മരണത്തിന് കീഴടങ്ങിയത്. അടുത്തദിവസംതന്നെ മാളിക്കടവിലുള്ള നൗഷാദിന്റെ വീട്ടിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്തത്.

ബികോം ബിരുദധാരിയായ സഫ്രീനക്ക് കെ.എസ്.എഫ്.ഇയില്‍ ജോലി നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നടപടി വൈകുകയായിരുന്നു. അടിയന്തര ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപ നൗഷാദ് മരിച്ച് 40 ദിവസത്തിനുശേഷം കുടുംബത്തിന് ലഭിച്ചിരുന്നു.

നൗഷാദിന്റ മരണത്തോടെ മാളിക്കടവിലുള്ള വീട്ടില്‍ നിന്ന് 25 കാരിയായ സഫ്രീന പാവങ്ങാട്ടുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. നൗഷാദിന്റെ ഉമ്മയും സഹോദരിയുമാണ് മാളിക്കടവിലുള്ള വീട്ടില്‍ ഇപ്പോള്‍ കഴിയുന്നത്. നൗഷാദിന്റെ മരണത്തോടെ പാവങ്ങാട്ടുള്ള വീട്ടില്‍ നിന്ന് സഫ്രീന പുറത്തിറങ്ങാതെയായിരുന്നു.

ജോലി ലഭിക്കുന്നതിലൂടെ വരുമാനത്തിനപ്പുറം ഇറങ്ങുമല്ലോ  എന്നും ആശ്വാസം തോന്നുന്നു എന്നും  സഫ്രീനയുടെ പിതാവ് ഹംസക്കോയ നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>