കുപ്പുദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു: ശരീരത്തില്‍ വെടിയേറ്റ ഒന്‍പത് മുറിവുകള്‍; വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

കുപ്പുദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഒന്‍പത് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ ഒരേ അകലത്തില്‍ നിന്നുള്ളതാണെന്നും അതുപോലെ സമാന സ്വഭാവത്തിലുള്ളതാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു

കുപ്പുദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു: ശരീരത്തില്‍ വെടിയേറ്റ ഒന്‍പത് മുറിവുകള്‍; വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കുപ്പുദേവരാജിന്റെ ശരീരത്തില്‍ വെടിയേറ്റ ഒന്‍പത് മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ ഒരേ അകലത്തില്‍ നിന്നുള്ളതാണെന്നും അതുപോലെ സമാന സ്വഭാവത്തിലുള്ളതാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. വയറിലും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. അതേസമയം, ഏഴു വെടിയുണ്ടകളാണ് എക്‌സ് റേയില്‍ കണ്ടത്. എന്നാല്‍ നാലെണ്ണമാണ് ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. വെടിയേറ്റു തന്നെയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥീരീകരിക്കുന്നത്്.


നെഞ്ചിലും വയറ്റിലുമേറ്റ മുറിവുകളാണ് മരണത്തിന് കാരണമായതെന്നും ശരീരത്തിന്റെ മുന്‍, പിന്‍ ഭാഗങ്ങളില്‍ ഇരു വശത്തും മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. നാലു മുറിവുകള്‍ ഇടതു മുന്‍ ഭാഗത്തും അഞ്ചു മുറിവുകള്‍ വലതു പിന്‍ഭാഗത്തുമാണ്. അതിലൊന്നു തുടയിലുമാണ്. ഇത് പുറകില്‍ നിന്ന് ഏറ്റതാണ്. ഹൃദയും, ശ്വാസകോശവും കരളും വെടിയേറ്റ് തകര്‍ന്നിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, റീ പോസ്റ്റ്മോര്‍ട്ടം വേണമെന്ന സഹോദരന്റെ ഹര്‍ജി നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇരുവരുടെയും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അതിനിടെ, നിലമ്പൂരിലേത് വ്യാജമുട്ടലാണെന്ന് കുപ്പു ദേവരാജിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കുപ്പു ദേവരാജിന്റെ സഹോദരനും മനുഷ്യവകാശ പ്രവര്‍ത്തകരും കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജും അജിതയും പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അതേസമയം, നിലമ്പൂര്‍ സംഭവുമായി ബന്ധപ്പെട്ട് ഒഡീഷയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍

Read More >>