നിലമ്പൂരിലേതു വ്യാജ ഏറ്റുമുട്ടലാണെന്നു വസ്തുതാന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം

വെടിവെപ്പു നടന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ സംഘത്തെ ബിജെപി പ്രവർത്തകർ അനുവദിച്ചില്ല.

നിലമ്പൂരിലേതു വ്യാജ ഏറ്റുമുട്ടലാണെന്നു വസ്തുതാന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം

കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍ രണ്ടു മാവോയിസ്റ്റ് പ്രവര്‍ത്തകരെ പൊലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നു വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വസ്തുതാന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജ്, അജിത എന്നിവരാണ് നവംബര്‍ 24ന് കരുളായി റെയ്ഞ്ചിലെ വനമേഖലയില്‍ വെടിയേറ്റ് മരച്ചത്.

ഇരുവരും പൊലീസുമായി ഏറ്റുമുട്ടിയാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് ഭാഷ്യം ദുരുഹതയുയര്‍ത്തുന്നതിനിടെയാണ് രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതൃത്വത്തിലുള്ള വസ്തുതന്വേഷണ സമിതി നിലമ്പൂരിലെത്തിയത്.


അഡ്വ. ക്രാന്തി ചൈതന്യ ( ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി), അഡ്വ. ഡി സുരേഷ്‌കുമാര്‍ ( ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍ ലോയേഴ്സ്), സി ശ്രീരാം (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം കര്‍ണാടക), രാമു (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം), അഡ്വ. രാജ് (കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്), അഡ്വ. അലാവുദ്ദീന്‍,(കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്), അഡ്വ.ഗുരുനാഥന്‍ (കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് തമിഴ്നാട്) ഡോ.പിജി ഹരി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) എന്നിവരരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഇവരെ വെടിവെപ്പ് നടന്ന പ്രദേശത്തേക്കു പോകാന്‍ സ്ഥലത്തെ ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്നിവര്‍ ജില്ലാ കളക്ടര്‍, വനപാലകര്‍, പൊലീസ് അധികാരികള്‍, പ്രദേശവാസികള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ നിന്നാണ് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നിലമ്പൂരില്‍ നടന്നിരിക്കുന്നതെന്ന നിഗമനത്തില്‍ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് വസ്തുതാന്വേഷണ സമിതിയംഗം ഡോ. പി ജി ഹരി നാരദ ന്യൂസിനോട് പറഞ്ഞു.

കശ്മീര്‍, ഝാര്‍ഖണ്ഡ്, ബീഹാര്‍, ബസ്തര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വസ്തുതന്വേഷണ സമിതിയിലുള്ള പ്രമുഖരാണ് നിലമ്പൂര്‍ വിഷയത്തിലും കേരളത്തിലെത്തിയത്. കശ്മീരില്‍പോലും തങ്ങള്‍ക്ക് അതതു പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തടസ്സങ്ങളുണ്ടായില്ലെന്നിരിക്കെ കേരളത്തിലാണ് ഈ അവസ്ഥയുണ്ടായതെന്ന് വസ്തുതാന്വേഷണ സമിതിയംഗം അഡ്വ. ഡി സുരേഷ് കുമാര്‍ വ്യക്തമാക്കി.

ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് തങ്ങളെ തടഞ്ഞിരിക്കുന്നതെന്ന്. ഇതു വളരെ വിഷമം തോന്നിയതായി അഡ്വ.ക്രാന്തി ചൈതന്യ പറഞ്ഞു. ഭരണകൂടത്തിന് എന്തോ മറയ്ക്കാനുണ്ട്. അതാണ് വസ്തുതാന്വേഷണ സംഘത്തെപ്പോലും സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.