നിരോധിത ആചാരം നടപ്പാക്കി; നേപ്പാളില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ഷെഡ്ഡിലടച്ച 15 കാരി മരിച്ചു

10വര്‍ഷം മുമ്പു നിരോധിച്ച ഹൈന്ദവ അനാചാരം അനുസരിച്ചാണ് കുട്ടിയെ വീട്ടുകാര്‍ ഒരു ഷെഡ്ഡില്‍ പാര്‍പ്പിച്ചതെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. തണുപ്പില്‍ നിന്നു രക്ഷനേടാന്‍ തീ കത്തിച്ചപ്പോഴുണ്ടായ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണു കരുതുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബദ്രി പ്രസാദ് ധകല്‍ എഎഫ്പി ന്യൂസിനോടു പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. നേപ്പാളിലെ ചില ഹൈന്ദവര്‍ക്കിടയിലുള്ള ഛൗപ്പാഡി എന്ന ആചാരപ്രകാരമാണ് കുട്ടിയെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചത്.

നിരോധിത ആചാരം നടപ്പാക്കി; നേപ്പാളില്‍ ആര്‍ത്തവത്തിന്റെ പേരില്‍ ഷെഡ്ഡിലടച്ച 15 കാരി മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ നിരോധിത അനാചാരപ്രകാരം ആര്‍ത്തവത്തിന്റെ പേരില്‍ ഷെഡ്ഡില്‍ താമസിപ്പിച്ച 15കാരി മരിച്ചു. റോഷ്‌നി തിരുവ എന്ന പെണ്‍കുട്ടിയാണു മരിച്ചതെന്നു പോലീസ് വ്യക്തമാക്കി. പടിഞ്ഞാറന്‍ നേപ്പാളിലെ അച്ച്‌റം ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

10വര്‍ഷം മുമ്പു നിരോധിച്ച ഹൈന്ദവ അനാചാരം അനുസരിച്ചാണ് കുട്ടിയെ വീട്ടുകാര്‍ ഒരു ഷെഡ്ഡില്‍ പാര്‍പ്പിച്ചതെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. തണുപ്പില്‍ നിന്നു രക്ഷനേടാന്‍ തീ കത്തിച്ചപ്പോഴുണ്ടായ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്നാണു കരുതുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബദ്രി പ്രസാദ് ധകല്‍ എഎഫ്പി ന്യൂസിനോടു പറഞ്ഞതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.


നേപ്പാളിലെ ചില ഹൈന്ദവര്‍ക്കിടയിലുള്ള ഛൗപ്പാഡി എന്ന ആചാരപ്രകാരമാണ് കുട്ടിയെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചത്. ആര്‍ത്തവം അശുദ്ധികാലമായി കണക്കാക്കപ്പെട്ട് പെണ്‍കുട്ടികള്‍ വീട്ടില്‍നിന്നും മാറിയുള്ള ഒരു കുടിലിലോ പശുത്തൊഴുത്തിലോ ഒറ്റക്കു കഴിയാന്‍ നിര്‍ബന്ധിരാകുന്നു എന്നതാണ് ഈ അനാചാരത്തിന്റെ പ്രത്യേകത.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് റോഷ്‌നി ഭക്ഷണം കഴിഞ്ഞ് ഷെഡ്ഡില്‍ക്കിടന്ന് ഉറങ്ങിയതെന്നും എന്നാല്‍ രാവിലെ അവളെ അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് പുറത്ത് അവളുടെ മൃതദേഹമാണ് തങ്ങള്‍ കണ്ടതെന്നും അച്ഛന്‍ മൈ റിപ്പബ്ലിക്ക പത്രത്തോടു പറഞ്ഞു. പ്രദേശത്തെ രാഷ്ട്ര ഭാഷാ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണു റോഷ്‌നിയെന്നും ആര്‍ത്തവത്തിന്റെ മൂന്നാംദിനമായിരുന്നു മരണമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്താണ് ഛൗപ്പാഡി ?

ഛൗപ്പാഡി ആചാരപ്രകാരം പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് വീട്ടുജോലികളില്‍ നിന്നു വിലക്കപ്പെടും. പ്രസവകാലത്ത് കുടുംബത്തിലെ പുരുഷന്മാരുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ല. ഈ ഹൈന്ദവ ആചാരം പ്രദേശത്തെ എല്ലാ ജാതികള്‍ക്കും സമമാണ്. ലംഘിക്കുന്നവര്‍ കടുത്ത രോഗബാധിതരാവുമെന്നും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുമെന്നും മറ്റേതെങ്കിലും രീതിയില്‍ അപമാനിക്കപ്പെടുമെന്നുമാണ് വിശ്വാസം.

എന്നാല്‍ സമീപകാലത്ത് ചില പെണ്‍കുട്ടികള്‍ ഈ ആചാരത്തെ എതിര്‍ത്തു രംഗത്തുവരികയും അവരുടെ ഷെഡ്ഡുകള്‍ കത്തിക്കുകയും ചെയ്തു. ഇതോടെ ഇത്തരം ഗ്രാമങ്ങള്‍ 'ഛൗപ്പാഡി മുക്ത മേഖലകള്‍' എന്നറിയപ്പെട്ടു.

2005ലാണ് രാജ്യത്തെ ഛൗപ്പാഡി ആചാരം നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനു വിപരീതമായി ഇന്നും വിവിധ ഗ്രാമീണ മേഖലകളില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. 2011 ലെ യുഎന്‍ റിപോര്‍ട്ട് പ്രകാരം അച്ച്‌റം ജില്ലയിലെ 95 സ്ത്രീകളും ഈ അനാചാരം പിന്‍പറ്റുന്നവരാണ്.

അതേസമയം, കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പ്രാദേശിക നേതാക്കള്‍ പരിശ്രമിക്കണമെന്ന് നേപ്പാള്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ അംഗം മൊഹ്ന അന്‍സാരി ആവശ്യപ്പെട്ടു. കര്‍ശന നിയമങ്ങള്‍ ഈ വിഷയത്തില്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും അവ നടപ്പാക്കേണ്ട ഏജന്‍സികള്‍ നിഷ്‌ക്രിയമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>